
ചണ്ഡീഗഢ്: ഐപിഎല്ലില്‍ (IPL 2025) ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. വൈകീട്ട് 7.30 മുതല്‍ ആരംഭിക്കുന്ന ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. സീസണില്‍ മികച്ച മുന്നേറ്റം നടത്തി ഒന്ന്, രണ്ട് സ്ഥാനങ്ങളുമായി നില്‍ക്കുന്ന ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. അതിനാല്‍ പോരാട്ടം കനക്കും.
ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. തോല്‍ക്കുന്ന ടീമിന് നിരാശ വേണ്ട. അവര്‍ക്ക് ഒരവസരം കൂടി ലഭിക്കും. ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടം ജയിക്കുന്ന ടീമുമായി ഇന്ന് തോല്‍ക്കുന്ന ടീം വീണ്ടും ഏറ്റുമുട്ടും. അതില്‍ ജയിക്കുന്നവരാണ് ഫൈനലിലെ രണ്ടാം ടീമായി വരിക. മല്ലന്‍പുരിലെ മഹാരാജ യാദവേന്ദ്ര സിങ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം.
2014നു ശേഷം ആദ്യമായാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുന്നത്. മുന്നില്‍ നിന്നു നയിക്കുന്ന നായകന്‍ ശ്രേയസ് അയ്യരാണ് അവരുടെ കരുത്ത്. ബാറ്റിങിലും അയ്യര്‍ മിന്നും ഫോമിലാണ്. സീസണില്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ശ്രേയസ് നേടിയിട്ടുണ്ട്. ആകെ സമ്പാദ്യം 14 കളിയില്‍ നിന്നു 514 റണ്‍സ്. ക്യാപ്റ്റന്‍സിയിലും അയ്യര്‍ തിളങ്ങുന്നു. ഒത്തൊരുമയോടെയുള്ള മുന്നേറ്റമാണ് പഞ്ചാബ് കാഴ്ച വയ്ക്കുന്നത്.
പരിക്കേറ്റ് പേസര്‍ മാര്‍ക്കോ യാന്‍സന്‍ ഇന്ന് കളിക്കില്ലെന്നാണ് വിവരം. താരത്തിന്റെ അഭാവം തിരിച്ചടിയാണ്. അതേസമയം പരിക്കു മാറി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ തിരിച്ചെത്തും.
ഓപ്പണര്‍മാര്‍ ക്ലച്ച് പിടിച്ചതാണ് പഞ്ചാബിനെ ഈ സീസണിലെ മറ്റൊരു കരുത്ത്. പ്രഭ്‌സിമ്രാന്‍ സിങും പ്രിയാംശ് ആര്യയും ചേര്‍ന്നു തകര്‍പ്പന്‍ തുടക്കമാണ് ടീമിനു നല്‍കുന്നത്. പ്രഭ്‌സിമ്രാന്‍ 499 റണ്‍സും പ്രിയാംശ് ആര്യ 424 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. സ്ഥിരതയോടെയാണ് ഇരുവരും കളിക്കുന്നത്.
അവസാന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയം പഞ്ചാബിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കന്നി കിരീടമെന്ന ഒറ്റ ലക്ഷ്യമാണ് പഞ്ചാബിന്റെ മുന്നിലുള്ളത്.
സമാനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റേയും നില. അവരും ആദ്യ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. മുന്‍ നായകനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി മിന്നും ഫോമില്‍ ബാറ്റ് വീശുന്നു. താരം 602 റണ്‍സുമായി ടീമിനെ ചുമലിലേറ്റുന്നു. റണ്‍ ചേസ് നടത്തുമ്പോള്‍ താരം പുറത്തെടുക്കുന്ന പോരാട്ട വീര്യം പല തവണ ഇത്തവണയും കണ്ടു. കോഹ്‌ലി ക്യാപ്റ്റനല്ലെങ്കിലും അദ്ദേഹം ടീമിനു നല്‍കുന്ന പ്രചോദനം ചെറുതല്ല.
പരിക്കു മാറി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് പ്ലേ ഓഫ് കളിക്കാനിറങ്ങുന്നത് ആര്‍സിബിക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. താരത്തിന്റെ അഭാവത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും എതിരാളികള്‍ 200നു മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. സീസണില്‍ 18 വിക്കറ്റുകളുമായി ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് ഓസീസ് പേസര്‍ വഹിച്ചത്.
ക്യാപ്റ്റന്‍ രജത് പടിദാര്‍ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. താരത്തിന് പരിക്കാണ് വിലങ്ങായത്. പകരം ടീമിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ്. നിര്‍ണായക പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ചിരുന്നു. 227 റണ്‍സ് ചെയ്‌സ് ചെയ്തു ജയിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.
ക്യാപ്റ്റന്‍സിക്കൊപ്പം ഈ മത്സരത്തില്‍ ജിതേഷ് ടീമിനെ നിര്‍ണായക ബാറ്റിങുമായി വിജയത്തിലേക്കും നയിച്ചു. താരം 33 പന്തില്‍ 85 റണ്‍സ് അടിച്ചുകൂട്ടിയാണ് ടീമിനു വിലപ്പെട്ട വിജയം സമ്മാനിച്ചത്. പകരക്കാരനായി എത്തിയ മായങ്ക് അഗര്‍വാള്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും ആര്‍സിബിക്ക് വലിയ കരുത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ