തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ ചാന്‍സ്! ഗുജറാത്തിനും മുംബൈക്കും ജീവന്‍മരണ പോര്

ഐപിഎല്‍ എലിമിനേറ്റർ പോരാട്ടം ഇന്ന്
IPL 2025- GT vs MI eliminator
IPL 2025
Updated on
2 min read

ചണ്ഡീഗഢ്: ഐപിഎല്‍ (IPL 2025) ഫൈനല്‍ ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേര്‍ക്കുനേര്‍. എലിമിനേറ്ററില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീമിന് പഞ്ചാബ് കിങ്‌സുമായി രണ്ടാം ക്വാളിഫയര്‍ പോരാട്ടം കളിക്കാനുള്ള ഒരു അവസരം കൂടി തുറക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിനു നിരാശയോടെ മടങ്ങേണ്ടി വരും. ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും. ഈ പോരിൽ ജയിക്കുന്നവരാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെ നേരിടുക.

ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച് മികവോടെ മുന്നേറുന്നതിനിടെ അവസാന രണ്ട് ഗ്രൂപ്പ് പോരാട്ടത്തില്‍ തോല്‍വി പിണഞ്ഞത് ഗുജറാത്തിനു തിരിച്ചടിയായി മാറി. അതോടെ അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്നു താഴേക്കു പതിച്ചു. ഇതോടെയാണ് ടീമിനു എലിമിനേറ്റര്‍ കളിക്കേണ്ട അവസ്ഥ വന്നത്.

ഗുജറാത്ത് താഴേക്ക് വന്നതോടെ മുംബൈക്കും ആദ്യ രണ്ടിലൊരു ടീമാകാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ അവരും പരാജയമേറ്റു വാങ്ങി നാലാം സ്ഥാനത്തു തന്നെ നിന്നു.

ഗുജറാത്തിന്റെ ബാറ്റിങ് അതിശക്തമാണ്. ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഈ സീസണില്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. ഇരുവരും 600നു മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. സ്ഥിരതയോടെയാണ് ബാറ്റ് വീശുന്നത്. പിന്നാലെ വരുന്ന ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും ഫോമിലാണ്. സീസണില്‍ ഈ മൂന്ന് പേരില്‍ ഒരാളെങ്കിലും ഫോമില്‍ എത്താത്ത മത്സരങ്ങളും ഇല്ല.

അതേസമയം ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് ടീമിനു തിരിച്ചടിയാണ്. ബട്‌ലര്‍ക്കു പകരം ഗുജറാത്ത് ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെയാണ് എത്തിച്ചിട്ടുള്ളത്. താരം മികച്ച ബാറ്ററാണ്. എന്നാല്‍ നേരത്തെ ഐപിഎല്‍ കളിച്ചിട്ടില്ല. ഇന്ന് കളിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പിന്നീടെത്തുന്ന ഷാരൂഖ് ഖാന്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് എന്നിവരും മികവോടെ ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റാരും കാര്യമായ സംഭാവനകള്‍ സീസണില്‍ നല്‍കിയിട്ടില്ല എന്നത് ഗുജറാത്തിനു അല്‍പ്പം ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് രാഹുല്‍ തേവാടിയയെ പോലുള്ള താരങ്ങള്‍ മികവിലേക്ക് എത്താത്തത് തിരിച്ചടിയാണ്.

ബൗളിങ് അടിസ്ഥാനത്തില്‍ ടീമിനെ കെട്ടിപ്പടുത്ത സംഘമാണ് ഗുജറാത്ത്. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ മുഹമ്മദ് സിറാജ് മികവോടെ പന്തെറിഞ്ഞെങ്കിലും പിന്നീട് ഫോം കുറഞ്ഞു. നിര്‍ണായക സ്പിന്നറായ റാഷിദ് ഖാന് കഴിഞ്ഞ സീസണുകളില്‍ ഉണ്ടാക്കിയ ഇംപാക്ട് ഈ സീസണില്‍ ഒരു കളിയില്‍ പോലും താരത്തിനു സൃഷ്ടിക്കാനും സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് കളികളില്‍ ഗുജറാത്ത് വഴങ്ങിയത് 199, 235, 230 റണ്‍സുകളാണ്.

തുടക്കത്തില്‍ തപ്പിത്തടഞ്ഞാണ് മുംബൈ പോയത്. എന്നാല്‍ ക്രമേണ ക്രമേണ കരുത്തു വര്‍ധിപ്പിച്ചാണ് അവര്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതമാണ്.

മികച്ച താരങ്ങളാണ് മുംബൈയുടെ ഹൈലൈറ്റ്‌സ്. സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലാണ്. താരം സീസണില്‍ 640 റണ്‍സ് ഇതുവരെ അടിച്ചിട്ടുണ്ട്. രോഹിത് ശര്‍മ ചില മത്സരങ്ങളില്‍ തിളങ്ങിയിരുന്നു. മറ്റാരും കാര്യമായി സ്ഥിരത പുലര്‍ത്തുന്നില്ല എന്നത് മുംബൈയെ കുഴക്കുന്ന കാര്യമാണ്. ആര് ഫോമിലെത്തും എന്നത് കണക്കുകൂട്ടുക അസാധ്യം.

പകരക്കാരനായി എത്തിയ ഇംഗ്ലീഷ് വെറ്ററന്‍ ജോണി ബെയര്‍സ്‌റ്റോ ബിഗ് ഹിറ്ററാണ്. താരത്തിന്റെ വരവ് ടീമിന്റെ ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങ് നിരയും ആശ്വാസം നല്‍കുന്നുണ്ട് മുംബൈക്ക്. ട്രെന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ അടക്കമുള്ളവര്‍ നിര്‍ണായക ഘട്ടത്തില്‍ മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com