
മിലാന്‍: ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ എസി മിലാന്‍ (AC Milan) മാസിമിലിയാനോ അല്ലെഗ്രിയെ പുതിയ പരിശീലകനായി തിരിച്ചെത്തിച്ചു. മുന്‍ യുവന്റസ് പരിശീലകനായിരുന്ന അല്ലെഗ്രി നേരത്തെ എസി മിലാനെ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെ സീരി എ ചാംപ്യന്‍മാരാക്കിയ ചരിത്രവും അദ്ദേഹത്തിനുണ്ട്.
പൗലോ ഫൊന്‍സേക്ക, പിന്നാലെ സര്‍ജിയോ കോണ്‍സെയ്‌ക്കോ എന്നിവര്‍ എസി മിലാനെ ഈ സീസണില്‍ പരിശീലിപ്പിച്ചെങ്കിലും ഇരു പോര്‍ച്ചുഗല്‍ കോച്ചുമാരും ടീമിനു ചാംപ്യന്‍സ് ലീഗ് യോഗ്യത പോലും നേടിക്കൊടുക്കാന്‍ സാധിക്കാതെ പടിയിറങ്ങി. ഈ സീസണില്‍ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണ്‍ അവസാനിച്ചതിനു പിന്നാലെയാണ് അല്ലെഗ്രിയെ അവര്‍ വീണ്ടും എത്തിക്കുന്നത്.
നേരത്തെ 2010 മുതല്‍ 2014 വരെ അദ്ദേഹം എസി മിലാന്‍ കോച്ചായിരുന്നു. ആദ്യ സീസണില്‍ തന്നെ സീരി എ കിരീടവും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും ടീമിനു സമ്മാനിച്ചു.
2014 മുതല്‍ 19 വരെ അദ്ദേഹം യുവന്റസ് പരിശീലകനായിരുന്നു. തുടരെ അഞ്ച് സീരി എ കിരീടങ്ങള്‍ നേടി അദ്ദേഹം യുവന്റസില്‍ വന്‍ ഓളം തീര്‍ത്തു. തുടരെ നാല് ഇറ്റാലിയന്‍ കപ്പ് നേട്ടങ്ങളും ആ സമയത്ത് യുവന്റസിലുണ്ട്. രണ്ട് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേട്ടങ്ങളും.
പിന്നീട് 2023-24 സീസണില്‍ അദ്ദേഹം വീണ്ടും യുവന്റസ് കോച്ചായി കുറച്ചു മാസങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ആ വരവിലും ടീമിനെ ഇറ്റാലിയന്‍ കപ്പ് നേട്ടത്തിലേക്ക് എത്തിക്കാന്‍ അല്ലെഗ്രിക്കു സാധിച്ചു. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ അദ്ദേഹം യുവന്റസില്‍ നിന്നു മാറി. പിന്നീട് ഒരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല. നേരത്തെ കഗ്ലിയാരി, സസ്സോളോ അടക്കമുള്ള ഇറ്റാലിയന്‍ ടീമുകളേയും അല്ലെഗ്രി പരിശീലിപ്പിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ