
മ്യൂണിക്ക്: യൂറോപ്യന്‍ ഫുട്‌ബോളിലെ ബിഗ് പോരാട്ടത്തിന്റെ കലാശപ്പോര് ഇന്ന്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്‌നും (പിഎസ്ജി), ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ (PSG vs Inter Milan). മ്യൂണിക്കിലെ അലിയന്‍സ് അരീന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്ന പോരാട്ടത്തിന്റെ ഫൈനല്‍ അരങ്ങേറുന്നത്.
സീസണില്‍ മികച്ച ഫോമില്‍ കളിച്ച രണ്ട് ടീമുകളാണ് പിഎസ്ജിയും ഇന്ററും എന്നതിനാല്‍ ഓരോ സെക്കന്‍ഡും ത്രില്ലര്‍ അനുഭവമാണ് ആരാധകരെ കാത്തിരിക്കുന്നത്. ആധികാരിക മുന്നേറ്റമാണ് ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നടത്തിയ്. രൂപം മാറിയുള്ള ചാംപ്യന്‍സ് ലീഗിന്റെ ആദ്യ പതിപ്പാണ് ഇത്തവണ അരങ്ങേറിയത്.
ഫ്രഞ്ച് ലീഗില്‍ കപ്പടിച്ചാണ് പിഎസ്ജി വരുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയോടു ഒറ്റ പോയിന്റിനു കിരീടം നഷ്ടപ്പെട്ടാണ് ഇന്റര്‍ നില്‍ക്കുന്നത്.
ലൂയീസ് എൻറിക്വെയുടെ കോച്ചിങില്‍ അടുമുടി മാറിയാണ് പിഎസ്ജി ഒരുങ്ങുന്നത്. സ്പാനിഷ് പരിശീലകന്റെ വരവ് ആ ടീമില്‍ സൃഷ്ടിച്ച അച്ചടക്കം അത്ര മികച്ചതാണ്. സമാനമാണ് ഇന്ററും. സിമോണ്‍ ഇന്‍സാഗിയുടെ പരിശീലക മികവാണ് ഇന്ററിനെ കരുത്തരാക്കുന്നത്. ഇരു ടീമുകളും സൂപ്പര്‍ താരങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ കൂട്ടായ കളി പുറത്തെടുത്താണ് കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്നത്തെ പോരാട്ടം വ്യത്യസ്ത തന്ത്രങ്ങളുടെ മാറ്റുരയ്ക്കല്‍ കൂടിയായിരിക്കും.
പിഎസ്ജി ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന മോഹത്തിനു ചുറ്റിലുമാണ് നില്‍ക്കുന്നത്. മെസി, നെയ്മര്‍, എംബാപ്പെ ത്രയം കളിച്ച കാലത്തു പോലും അവര്‍ക്ക് യൂറോപ്യന്‍ കിരീടം അന്യമായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ വലിയ പ്രതീക്ഷ തന്നെ പുലര്‍ത്തുന്നു. ഇന്റര്‍ മുന്‍ ചാംപ്യന്‍മാരാണ്. 15 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അവര്‍ അവസാനമായി യൂറോപ്യന്‍ ചാംപ്യന്‍മാരായത്. കഴിഞ്ഞ മൂന്ന് സീസണിനിടെ അവരുടെ രണ്ടാം ഫൈനല്‍ കൂടിയാണിത്. ഇന്‍സാഗിയുടെ തന്ത്രത്തില്‍ 2022-23 സീസണില്‍ ഫൈനലിലെത്തിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയോടു പരാജയപ്പെട്ടു.
ഡെംബലെ അടക്കമുള്ളവരുടെ മിന്നും ഫോമാണ് പിഎസ്ജിയെ അപകടകാരികളാക്കുന്നത്. ഇന്ററാകട്ടെ ക്യാപ്റ്റന്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ഡംഫ്രിസ് എന്നിവരുടെ ഫോമിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഇരു ഭാഗത്തേയും ഗോള്‍ കീപ്പര്‍മാരും മികവോടെ നില്‍ക്കുന്നു. പിഎസ്ജിയുടെ ഡൊണ്ണാരുമയും ഇന്ററിന്റെ യാന്‍ സോമറും കോട്ട കാക്കുന്നത് അത്ര മികവിലാണ്. ഇരുവരേയും ഭേദിച്ച് ഗോള്‍ നേടുക എന്നത് ഇരു ടീമുകളിലേയും മുന്നേറ്റക്കാര്‍ക്ക് അത്യധ്വാനം വേണ്ട കാര്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ