കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ച്വറി! ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യ 'ഹാപ്പി'

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ പോരാട്ടത്തില്‍ മലയാളി താരത്തിന്റെ ഉജ്ജ്വല ബാറ്റിങ്
Karun Nair slams double century
Karun NairX
Updated on

കാന്റര്‍ബെറി: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി തികച്ച് മലയാളി താരം കരുണ്‍ നായര്‍ (Karun Nair). താരം 281 പന്തുകള്‍ നേരിട്ട് 26 ഫോറും ഒരു സിക്‌സും സഹിതം 204 റണ്‍സെടുത്തു പുറത്തായി. ഡബിള്‍ സെഞ്ച്വറി തികച്ച് അധികം താമസിയാതെ താരം മടങ്ങി.

രണ്ടാം ദിനം ബാറ്റിങ് തുടരുന്ന ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 510 റൺസെന്ന നിലയിൽ. 16 റൺസുമായി ഹർഷ് ദുബെയും 10 റൺസുമായി അൻഷുൽ കാംബോജുമാണ് ക്രീസിൽ.

നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ മിന്നും ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് കരുത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതായി കരുണിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ് മാറി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ താരത്തിന്റെ മികവ് ഇന്ത്യക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒന്നാം ദിനത്തില്‍ സര്‍ഫറാസ് ഖാന് സെഞ്ച്വറി നഷ്ടമായപ്പോള്‍ രണ്ടാം ദിനത്തില്‍ ധ്രുവ് ജുറേലും സെഞ്ച്വറി വക്കില്‍ വീണു. ധ്രുവ് ജുറേല്‍ 94 റണ്‍സിനു പുറത്തായി. താരം 120 പന്തുകള്‍ പ്രതിരോധിച്ച് 11 ഫോറും ഒരു സിക്‌സും സഹിതമാണ് 94ല്‍ എത്തിയത്. രണ്ടാം ദിനത്തില്‍ ആദ്യ മടങ്ങിയതും ജുറേലാണ്. പിന്നാലെ വന്ന നിതീഷ് കുമാര്‍ റെഡിയും അധികം ക്രീസില്‍ നിന്നില്ല. താരം 7 റണ്‍സുമായി മടങ്ങി. ശാർദുൽ ഠാക്കൂർ 27 റൺസെടുത്തും പുറത്തായി.

സര്‍ഫറാസ് ഖാന്‍ 92 റണ്‍സില്‍ പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്. 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്സ്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (24), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്‍, എഡ്ഡി ജാക്ക് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അജീത് സിങ് ഡെയ്ല്‍, സമാന്‍ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com