രോഹിത്തിന്റെ രണ്ടു ക്യാച്ചുകള്‍ കൈവിട്ടത് തിരിച്ചടിയായി; സായ് സുദര്‍ശന്റെ പോരാട്ടം വിഫലം, ഗുജറാത്തിനെ തകര്‍ത്ത് മുംബൈ

ടീമിനെ വിജയത്തിലെത്തിക്കാന്‍ ഓപ്പണ്‍ സായ് സുദര്‍ശന്‍ നടത്തിയ പോരാട്ടം വിഫലം
Washington Sundar
വാഷിങ്ടൻ സുന്ദറെ ബുമ്ര യോർക്കറിൽ പുറത്താക്കിയപ്പോൾ ( indian premier league)image credit: Indian Premier League
Updated on

ചണ്ഡീഗഡ്: ടീമിനെ വിജയത്തിലെത്തിക്കാന്‍ ഓപ്പണ്‍ സായ് സുദര്‍ശന്‍ നടത്തിയ പോരാട്ടം വിഫലം ( indian premier league). ഓപ്പണര്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ച്വറി പ്രകടനത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ മുംബൈ ഇന്ത്യന്‍സിന് ഗുജറാത്തിനെതിരെ 20 റണ്‍സിന്റെ വിജയം. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പ്ലേഓഫിലെ രണ്ടാം ക്വാളിഫയറില്‍ കടന്നു. ജൂണ്‍ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ പഞ്ചാബിനെ നേരിടും.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 49 പന്തില്‍ ഒരു സിക്‌സും 10 ഫോറുമുള്‍പ്പെടെ 80 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ ക്രീസില്‍ നില്‍ക്കുന്ന സമയത്ത് ഗുജറാത്ത് ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

229 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ഇന്നിങ്‌സിലെ നാലാം പന്തില്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ (ഒരു റണ്‍) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ - കുശാല്‍ മെന്‍ഡിസ് കൂട്ടുകെട്ട് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 34 പന്തില്‍ 64 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 20 റണ്‍സെടുത്തു പുറത്തായി. മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ - വാഷിങ്ടന്‍ സുന്ദര്‍ കൂട്ടുകെട്ട് 44 പന്തില്‍ 84 റണ്‍സെടുത്തു. 24 പന്തില്‍ 48 റണ്‍സെടുത്താണ് വാഷിങ്ടന്‍ സുന്ദര്‍ മടങ്ങിയത്.

ഗുജറാത്ത് വിജയത്തിലേക്ക് അടുക്കുന്നു എന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ മികച്ച ഫോമിലായിരുന്ന സായ് സുദര്‍ശനെ റിച്ചഡ് ഗ്ലീസന്‍ ബൗള്‍ഡാക്കി. റണ്‍ റേറ്റ് ഉയര്‍ന്നത് ഗുജറാത്ത് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി. 19-ാം ഓവറില്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് (15 പന്തില്‍ 24 റണ്‍സ്) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന ഓവറില്‍ ഷാറുഖ് ഖാനും (13 റണ്‍സ്) മടങ്ങി. 16 റണ്‍സുമായി രാഹുല്‍ തെവാത്തിയയും റണ്ണൊന്നുമെടുക്കാതെ റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ടും ജസ്പ്രീത് ബുമ്ര, റിച്ചഡ് ഗ്ലീസന്‍, മിച്ചല്‍ സാന്റ്‌നര്‍, അശ്വനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുന്‍നിര ബാറ്റര്‍മാരുടെ മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 81 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത് നല്‍കിയ രണ്ടു ക്യാച്ചുകള്‍ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നല്‍കേണ്ടി വന്നത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ - ജോണി ബെയര്‍‌സ്റ്റോ കൂട്ടുകെട്ട് നല്‍കിയത്. 44 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടി മികച്ച അടിത്തറ പാകിയ ശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തില്‍ 47 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയാണ് ആദ്യം പുറത്തായത്. പിന്നാലെ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് 34 പന്തില്‍ 59 റണ്‍സ് കൂട്ടുകെട്ട് രോഹിത് ശര്‍മ പടുത്തുയര്‍ത്തി.

20 പന്തില്‍ 33 റണ്‍സെടുത്താണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്. തുടര്‍ന്ന് രോഹിത് ശര്‍മ തിലക് വര്‍മ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 22 പന്തില്‍ 43 റണ്‍സ് നേടി. ടീം സ്‌കോര്‍ 186ല്‍ എത്തിനില്‍ക്കെ, സെഞ്ചറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത് ശര്‍മ മടങ്ങി. 50 പന്തില്‍ നാലു സിക്‌സും ഒന്‍പതു ഫോറുമുള്‍പ്പെടെയാണ് രോഹിത് 81 റണ്‍സെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com