മൂന്നാര്‍: ആനമുടിക്കും മേലെ 110 നിയമലംഘനങ്ങള്‍

By അനൂപ് പരമേശ്വരന്‍  |   Published: 08th April 2017 03:37 PM  |  

Last Updated: 12th April 2017 12:58 PM  |   A+A-   |  

Udumbupara2

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഒരു സാധ്യതയുമില്ലാത്ത ലോകത്തെ ഒരേയൊരു ഭൂമികയാണു മൂന്നാര്‍. കുതിരച്ചാണകം മണക്കുന്ന സ്റ്റാന്‍ഡില്‍നിന്ന് ആ ഇറക്കമിറങ്ങി ഇടത്തോ വലത്തോ നോക്കി ഒറ്റച്ചോദ്യം ചോദിച്ചാല്‍ മതി: ''ആ കാണുന്ന പത്തുനില കെട്ടിടത്തിന് ആരാണ് അനുവാദം കൊടുത്തത്; അല്ലെങ്കില്‍ തൊട്ടപ്പുറത്തു പണിയുന്ന പന്ത്രണ്ടുനിലയ്‌ക്കെവിടെയാണ് പെര്‍മിറ്റ്?' 
ത്രില്‍ അവിടെ കഴിഞ്ഞു. മൂന്നാറില്‍ അനുവാദത്തോടെ പണിതെടുത്ത കെട്ടിടം കണ്ടെത്താന്‍ മാത്രമാണ് ഇനി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു സാധ്യതയുള്ളതെന്ന് ആറാറുമാസം കൂടുമ്പോള്‍ മൂന്നാര്‍ കയറുന്ന കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരു കട്ടന്‍ ചായയ്ക്കിപ്പുറത്തിരുന്നു ചിരിച്ചു തള്ളും. 
അങ്ങനെ ചിരിച്ചുതള്ളുന്നതില്‍ പത്രക്കാര്‍ മാത്രമല്ല ഉണ്ടാവുക. മൂന്നാര്‍ സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ കഴിഞ്ഞ മൂന്നുനാലുമാസമായി പെട്ടുകിടക്കുന്ന കത്രികപ്പൂട്ടുകണ്ട് ഉറക്കെ ചിരിക്കുന്നവരില്‍ 1982-ല്‍ അവിടെനിന്നു എടുത്തെറിയപ്പെട്ട അല്‍ഫോണ്‍സ് കണ്ണന്താനം മുതലുള്ള രണ്ടു ഡസന്‍ സബ്കലക്ടര്‍മാരോ ഡപ്യൂട്ടി കലക്ടര്‍മാരോ ഉണ്ടാകും. ശ്രീരാമിന് തൊട്ടുമുന്‍പ് അവിടെയിരുന്ന് ഇതിലേറെ കോടമഞ്ഞില്‍ വിറങ്ങലിച്ചുപോയ സാബന്‍ സമീദ് ഒരു ദീര്‍ഘനിശ്വാസം വിടുന്നുണ്ടാകണം. പത്രപ്രവര്‍ത്തകര്‍ക്ക് അന്വേഷണാത്മകതയ്ക്കുള്ള സാധ്യതപോലെ തന്നെയാണു മൂന്നാറില്‍ സബ്കലക്ടര്‍മാര്‍ക്കു ധാര്‍മ്മികത തെളിയിക്കാനുള്ള അവസരവും; കണ്‍മുന്നില്‍ ഏനക്കേടുകള്‍ നിവര്‍ന്നുകിടക്കുമ്പോള്‍ ഏതെടുത്താലും പണിപഠിക്കാം എന്ന അസുലഭ പ്രലോഭനം. 
ശ്രീരാം നേരിടുന്നതു വെറും എതിര്‍പ്പല്ല; പ്രത്യക്ഷ സമരമാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ പേരില്‍ നടക്കുന്ന സമരം ദിവസവും ഉദ്ഘാടനം ചെയ്യുന്നതു പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. കൊടിപിടിച്ചിരിക്കുന്നതു മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുമാണ്. കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സമരങ്ങളില്‍ ഒന്നു കണ്ടുകൊണ്ടിരിക്കുമ്പോള്‍ പതിവുപോലെ രാഷ്ര്ടീയ പിക്‌നിക്കുകളും ആരംഭിച്ചു. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചു പഠിക്കുന്ന നിയമസഭാ സമിതി തലവന്‍ മുല്ലക്കര രത്‌നാകരന്‍ മൂന്നാറിലെത്തി ആദ്യം തലക്കാടു വെട്ടി. 
ഇപ്പോള്‍ നടക്കുന്ന കയ്യേറ്റങ്ങളോടെ മൂന്നാര്‍ ഇല്ലാതാകുമെന്നു മുല്ലക്കര പറഞ്ഞപ്പോള്‍ ഇതിനു മുന്‍പുവരെ നടന്നതെല്ലാം നേര്‍വഴിക്കാണോ എന്ന് ഒറ്റ മാധ്യമപ്രവര്‍ത്തകനും ചോദിച്ചില്ല. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ക്കു വീടുപണിയാന്‍ എന്ന പേരില്‍ പട്ടയം എഴുതിവാങ്ങിയ സ്ഥലത്തിരിക്കുന്ന സി.പി.ഐ ഓഫിസിനെക്കുറിച്ച് ഇനി ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് എഴുതാന്‍ ചെകിടിപ്പുണ്ടാകും; അത് അത്രയേറെ പറഞ്ഞു തേഞ്ഞുപോയി. സബ് കലക്ടര്‍ക്കു പൂര്‍ണ പിന്തുണയെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചതോടെ 'ശ്രീരാമിനൊപ്പം' എന്നൊരു ഹാഷ് ടാഗ് പ്രചാരണത്തിനു സാമൂഹിക മാധ്യമങ്ങളിലും സാധ്യത തെളിഞ്ഞു. ഇതിനെല്ലാം പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മൂന്നാര്‍ യാത്രയ്ക്കു കെട്ടുനിറച്ചു.
വി.എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവിനേയും മുഖ്യമന്ത്രിയേയും അടയാളപ്പെടുത്തിയ മൂന്നാറിലേക്ക് ഇരുവരുടെയും യാത്രയ്ക്കു മുന്‍പു തന്നെ വലിയൊരു പട പോയിക്കഴിഞ്ഞിരുന്നു. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി ജെയിംസ് മുതലുള്ള റവന്യു ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് സൂപ്രണ്ട് മുതലുള്ള പൊലീസ് പടയും പോരാത്തതിനു വിജിലന്‍സും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മൂന്നാറിലെത്തി എല്ലാം പിടിവിട്ടുപോയെന്ന ഭാവം മറച്ചുവയ്ക്കാതെ വാര്‍ത്താ സമ്മേളനം നടത്തി മടങ്ങി. പലരും പോയിവന്നെങ്കിലും ഏറ്റവും കാല്‍പ്പനിക സാധ്യതയുള്ള തലക്കെട്ടു സൃഷ്ടിച്ചതു ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി ജെയിംസാണ്. 'മൂന്നാര്‍ ഈസ് എ ലോസ്റ്റ് ലാന്‍ഡ്' അഥവാ മൂന്നാര്‍ ഒരു നഷ്ടഭൂമിയാണ് എന്നായിരുന്നു ആ വാചകം. അന്വേഷണാത്മക നോട്ടങ്ങളൊന്നുമില്ലാതെ മൂന്നാറിലേക്കു ചെന്നാലും കണ്ടെത്തുന്നത് അതു തന്നെയാണ്-മൂന്നാറിനെ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. 

സ്വതന്ത്ര പരമാധികാര മൂന്നാര്‍ പ്രവിശ്യ


മൂന്നാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമാഹരിച്ചാല്‍ സംസ്ഥാനത്ത് കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കാനുള്ള മുഴുവന്‍ പുസ്തകവും ചേര്‍ത്തുവയ്ക്കുന്നതിലും വലിപ്പമുണ്ടാകും-ആഴ്ചയിലൊന്നെന്നാണു കണക്ക്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വാര്‍ത്തയായതു രണ്ടെണ്ണമാണ്. ഒന്ന്, ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് സബ് കലക്ടര്‍ക്കു നല്‍കുയും അതനുസരിച്ചു സബ് കലക്ടര്‍ സര്‍ക്കാരിനു കൊടുക്കുകയും ചെയ്ത റിപ്പോര്‍ട്ട്. രണ്ടാമത്തേത് ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി ജെയിംസിന്റേത്. ആ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നതു പല സ്ഥലവും തനിക്കു പരിശോധിക്കാന്‍പോലും കഴിഞ്ഞില്ല എന്ന വാചകം അതിലുണ്ട് എന്നതിലൂടെയാണ്. പ്രാദേശിക രാഷ്ര്ടീയ പാര്‍ട്ടികള്‍ തടഞ്ഞു തിരിച്ചയച്ചതിനാല്‍ കയ്യേറ്റമുണ്ട് എന്നു പറയപ്പെടുന്ന സ്ഥലങ്ങള്‍പോലും കാണാന്‍ സംസ്ഥാനത്തെ റവന്യു കമ്മിഷണര്‍ക്കു കഴിഞ്ഞില്ല എന്നു പരിഭാഷ. എ.വി ജോര്‍ജ് ഈ വര്‍ഷം ജനുവരി അഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന്: 
'ചിന്നാര്‍ മുതല്‍ പെരുവന്താനം വരെയുള്ള കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന 250 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇടുക്കി ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്നത്. വ്യാപകമായ കയ്യേറ്റങ്ങളും അനധികൃത കെട്ടിടനിര്‍മ്മാണങ്ങളും പാറഖനനവും വനനശീകരണവും ജലമലിനീകരണവും പ്രകൃതിക്കു ദോഷമായ യൂക്കാലി, ഗ്രാന്റീസ് മരങ്ങളുടെ കൃഷിയും ഈ പ്രദേശത്തെയാകെ നാശോന്മുഖമാക്കിയിരിക്കുന്നു. മൂന്നാര്‍ പൊലീസ് സബ് ഡിവിഷനില്‍ വരുന്ന മറയൂര്‍, മൂന്നാര്‍, ദേവികുളം, അടിമാലി, ശാന്തമ്പാറ, രാജക്കാട്, വെള്ളത്തൂവല്‍ എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വരുന്ന പ്രദേശങ്ങളും തൊടുപുഴ സബ് ഡിവിഷനിലെ കാഞ്ഞാര്‍, കുളമാവ്, ഇടുക്കി, മുരിക്കാശേ്ശരി എന്നീ പ്രദേശങ്ങളുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.'
എ.വി ജോര്‍ജ്ജിന്റെ റിപ്പോര്‍ട്ട് കേവലം ഭൂപ്രകൃതി വര്‍ണന മാത്രമായിരുന്നില്ല. ഓരോ സ്ഥലത്തും നടക്കുന്ന കയ്യേറ്റങ്ങള്‍ എണ്ണിയെണ്ണി പറയുന്നുണ്ടായിരുന്നു. ഇതിലും ഗുരുതരമായ റിപ്പോര്‍ട്ടാണ് ശ്രീരാം സര്‍ക്കാരിന് അയച്ചത്. റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ മിണ്ടാട്ടം മുട്ടിപ്പോകുന്ന അതിലെ ഒറ്റവരി മാത്രം മതി സംഭവങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാന്‍.
'മൂന്നാറില്‍ ആരുടേയും അനുമതി വാങ്ങാതെ 110 റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നടക്കുന്നു.'
സോമാലിയയിലെ കപ്പല്‍ക്കൊള്ളക്കാരുടെ സ്വതന്ത്ര നാട്ടുരാജ്യങ്ങളില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്ത വിവരമാണ് ശ്രീരാം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകര്‍ മുതല്‍ ഉന്നത വ്യവസായികള്‍ വരെ പണിതുകൂട്ടി വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ മണ്ണുമാന്തി കൊണ്ടുചെന്നിട്ടും തട്ടിനികത്താനാകാതെ തുടരുന്നവയ്ക്കു പുറമെ ഇപ്പോഴും അനുമതിയില്ലാതെ പണിതുകൂട്ടിക്കൊണ്ടിരിക്കുന്ന റിസോര്‍ട്ടുകളുടെ എണ്ണമാണ് 110. വൈദ്യുതിബോര്‍ഡിന്റെ സ്ഥലത്തും വനഭൂമിയിലും റവന്യുഭൂമിയിലും ഏലക്കുത്തക പാട്ടഭൂമിയിലും വരെ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ മറ്റൊരിടത്തും നടക്കാത്തതാണ് മൂന്നാറില്‍ സംഭവിക്കുന്നത്. കൊച്ചിയിലെ കായല്‍ക്കയ്യേറ്റങ്ങള്‍ക്കൊക്കെ പലപ്പോഴും രാഷ്ര്ടീയ പരിരക്ഷ ഉണ്ടാകാറുണ്ടെങ്കിലും ഒന്നും ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ല; വിവാദമാകാതെയുമിരിക്കുന്നില്ല. ആ കയ്യേറ്റങ്ങളെ പരസ്യമായി പിന്തുണച്ചു മുന്നോട്ടു വരാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടുമില്ല. പക്ഷേ, മൂന്നാര്‍ വേറെ ലെവലാണെന്നറിയാന്‍ പഴയ മൂന്നാറില്‍നിന്ന് മാട്ടുപ്പെട്ടി വഴി ടോപ് സ്‌റ്റേഷനിലേക്കോ വട്ടവട, കാന്തല്ലൂര്‍ ഭാഗത്തേക്കോ ഒന്നു പോയാല്‍ മതി. 2,695 മീറ്റര്‍ ഉയരമുള്ള ആനമുടി തലകുമ്പിട്ടുനില്‍ക്കും കെട്ടിടങ്ങളുടെ പൊക്കം കണ്ടാല്‍. 

ആദ്യം യൂക്കാലി നടും പിന്നെ വെട്ടും


മുതിരപ്പുഴയുടെ തീരത്തു മാത്രമല്ല, കുണ്ടലയാറിന്റേയും ചന്തുവരായിയുടേയും ഓരങ്ങളിലെല്ലാം യൂക്കാലി വളര്‍ന്നു തൊലിപൊഴിച്ചു നില്‍ക്കുന്നുണ്ട്. മൂന്ന് ആറുകള്‍ ചേര്‍ന്നുണ്ടായ നാട്ടില്‍ പ്രകൃതിസ്‌നേഹം പറഞ്ഞു നടത്തിയ ആദ്യത്തെ കടന്നാക്രമണത്തിന്റെ അടയാളങ്ങള്‍. എ.ടി ജെയിംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു:
'മൂന്നാറിലും പരിസരത്തുമുള്ള യൂക്കാലി മരങ്ങള്‍ മുഴുവന്‍ ആദ്യം വെട്ടിവീഴ്ത്തണം. ചതുപ്പുകള്‍ നികത്താന്‍ ഉപയോഗിക്കുന്ന വഴിയാണ് ഇത്.'
പുഴയുടെ തീരങ്ങളിലും ചതുപ്പുകളിലും യൂക്കാലി നട്ടാണ് കയ്യേറ്റം ആരംഭിക്കുന്നത്. ചതുപ്പിലെ വെള്ളം മാത്രമല്ല, ഭൂഗര്‍ഭ ജലം വരെ യൂക്കാലി വലിച്ചുകുടിക്കും. പിന്നെ, സ്ഥലം പാറപോലെ ഉറയ്ക്കും. അവിടെ മരംവെട്ടാണ് അടുത്ത നടപടി. പിന്നെ കണ്ണടച്ചു തുറക്കും മുന്‍പു യൂക്കാലികളുടെ നാലും അഞ്ചും മടങ്ങ് ഉയരത്തില്‍ കെട്ടിടങ്ങള്‍ വരും. മാട്ടുപ്പെട്ടിയില്‍നിന്ന് ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്രയിലെ കാഴ്ച അത്ഭുതകരമാണ്. 2016 ഡിസംബറില്‍ ആ വഴിക്കു പോയവര്‍ കാണാത്ത വിശേഷങ്ങള്‍ 2017 ജനുവരിയില്‍ പോയപ്പോള്‍ കണ്ടുകാണും. ഭൂമി തന്നെ മാറിമറിഞ്ഞുപോകുന്ന വിധം. 10 ഏക്കറിലധികം സ്ഥലത്താണ് ഒറ്റയടിക്കു മരം വെട്ടിയത്. നാലു ദിവസംകൊണ്ടു മരംമുറി കഴിഞ്ഞു. പിന്നെ പത്തു ദിവസം കൊണ്ടു നിലം നികത്തലും.
 
പച്ചപ്പെന്നതു കാണാന്‍ കിട്ടാത്തവണ്ണം കരിഞ്ഞുകിടക്കുന്ന മൊട്ടക്കുന്നുകളായി മൂന്നാര്‍ മാറിക്കഴിഞ്ഞു. യൂക്കാലികൊണ്ടു ചതുപ്പു നികത്തുന്ന മാന്ത്രികവിദ്യയുടെ ചിഹ്നങ്ങള്‍ കൊല്ലത്തെ ശാസ്താംകോട്ട കായലിന്റെ തീരത്തും വട്ടവടയിലും തിരിച്ചറിഞ്ഞതു സമീപകാലത്താണ്. 
'ആറുവര്‍ഷംകൊണ്ടു ചെയ്തുകൂട്ടിയതാണ് ഇതൊക്കെ. എനിക്കു തോട്ടത്തിലെ പണി പെന്‍ഷനായിട്ട് എട്ടു വര്‍ഷമായി. അന്നുമുതല്‍ ടോപ് സ്‌റ്റേഷനില്‍ മാങ്ങയും ഓറഞ്ചും വില്‍ക്കാന്‍ വരുന്നു. ഇവിടെയൊക്കെ കുറ്റിച്ചെടികളും ഇടയ്ക്കു വന്‍മരങ്ങളും ഉള്ള കാടായിരുന്നു. ആറുവര്‍ഷം മുന്‍പാണ് മുഴുവന്‍ യൂക്കാലി നട്ടത്. ഇപ്പോള്‍ അതെല്ലാം വെട്ടിനികത്താന്‍ തുടങ്ങിയിരിക്കുന്നു.'-മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്തുനിന്ന് റാണി പറഞ്ഞു. 
പരിസരവാസികള്‍ പറയുന്ന വാക്കുകള്‍ ചേര്‍ത്തെഴുതാതെ ആധികാരികതയോടെ മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാം. എ.വി ജോര്‍ജ്ജ് നല്‍കിയ റിപ്പോര്‍ട്ടില്‍നിന്നു കണ്ടെടുക്കാവുന്ന ചില വരികള്‍:
'മറയൂര്‍, മൂന്നാര്‍, അടിമാലി, ദേവികുളം, ശാതമ്പാറ, രാജക്കാട്, നെടുങ്കണ്ടം, കമ്പംമേട്, കട്ടപ്പന, വണ്ടന്‍മേട്, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, കുളമാവ് എന്നീ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലെല്ലാം ടൂറിസം വികസനത്തിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടെ പ്രകൃതിക്കു ദോഷം വരത്തക്കവിധം മണ്ണിടിച്ചും ചതുപ്പു നികത്തിയും ജലസ്രോതസ്‌സ് അടച്ചും വലിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്.'
മേഖലയില്‍ നടക്കുന്ന നാല്‍പ്പതോളം നിര്‍മ്മാണങ്ങളുടെ ചിത്രങ്ങളും സ്ഥലം കൈവശം വച്ചിരിക്കുന്നവരുടെ പേരുകളും സഹിതമുള്ള റിപ്പോര്‍ട്ട് അവസാനിക്കുന്നതു നാലു നിര്‍ദ്ദേശങ്ങള്‍ എഴുതിവച്ചാണ്. അതില്‍ ആദ്യത്തേത് ഇങ്ങനെ:
'ബ്രിട്ടീഷുകാരുടെ കാലത്തു മൂന്നാര്‍ പ്രദേശത്തു ചെയ്തുവന്നിരുന്നതുപോലെ ഭൂമിയുടെ ഘടനയ്ക്കു മാറ്റം വരുത്താതെയുള്ള കെട്ടിടനിര്‍മ്മാണ ശൈലി അവലംബിക്കേണ്ടതും ഒരുനിലയുള്ള കെട്ടിടത്തിനു പ്രോല്‍സാഹനം കൊടുക്കേണ്ടതും പ്രത്യേക സാഹചര്യങ്ങളില്‍ മൂന്നുനില വരെയുള്ള കെട്ടിടങ്ങള്‍ക്കേ അനുമതി നല്‍കാവൂ എന്നു തീരുമാനിക്കേണ്ടതും അതിനു നിയമനിര്‍മ്മാണം നടത്തേണ്ടതുമാണ്.'
പൊലീസുകാരാണോ കെട്ടിടത്തിന്റെ ഉയരം തീരുമാനിക്കേണ്ടത് എന്ന സ്വാഭാവിക ചോദ്യം നാലുപാടു നിന്നും വരും എന്നതിനാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ റിപ്പോര്‍ട്ടിലെ ഒരു വാചകം കൂടി വായിക്കാവുന്നതാണ്:
'മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് എല്ലാ നിയമവും ലംഘിച്ചുള്ള നിര്‍മ്മാണങ്ങളാണ്. നാലു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ ഈ പ്രദേശത്ത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല.'
നിവേദിതാ പി. ഹരന്‍ ഒന്‍പതു വര്‍ഷം മുന്‍പു നാലു നില എന്നെഴുതിയത് ഗുരുതരാവസ്ഥ കൂടിയതുകൊണ്ടാകണം എ.വി ജോര്‍ജ് മൂന്നു നിലയ്ക്കപ്പുറം ചിന്തിക്കാന്‍ പാടില്ല എന്നാക്കി. സത്യത്തില്‍ മൂന്നാറില്‍ നിവേദിതാ പി. ഹരന്റെ റിപ്പോര്‍ട്ടിനു ശേഷം ബഹുനില കെട്ടിടങ്ങള്‍ക്കൊന്നും സംസ്ഥാന ടൗണ്‍ പഌനര്‍ അനുമതി നല്‍കിയിട്ടില്ല. പിന്നെ അവയൊക്കെ എങ്ങനെ കെട്ടിപ്പൊക്കി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മൂന്നാറിലെ നാട്ടുരാജ്യങ്ങളും അവിടുത്തെ സാമന്തരാജാക്കന്മാരും നല്‍കുന്ന മറുപടികള്‍. 
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും എല്ലാക്കാലത്തും കേന്ദ്രസ്ഥാനത്തു വന്നിട്ടുള്ള നേതാവാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ആക്രമണം നേരിടുകയും മൂന്നാര്‍ ഒഴിപ്പിക്കലിന് എതിരേ പരസ്യയുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടും രാജേന്ദ്രനെ പാര്‍ട്ടിയോ വോട്ടര്‍മാരോ കൈവിട്ടില്ല. പിന്നെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജയിച്ചു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഭൂമി കയ്യേറ്റ വാര്‍ത്തയിലും രാജേന്ദ്രന്റെ പേരുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലും പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലും ഉണ്ടായിരുന്ന സ്ഥലം ഒരുപറ്റം ആളുകളുടെ കയ്യിലായി. കയ്യേറിയവരെല്ലാം സി.പി.എം അംഗങ്ങളോ ഭാരവാഹികളോ അവരുടെ ബന്ധുക്കളോ ആണെന്നും വാര്‍ത്ത വന്നു. അതിനോട് രാജേന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചു:
'ഇക്കാനഗറില്‍ എനിക്കു സ്ഥലമുണ്ട്. എട്ടു സെന്റാണുള്ളത്. അതിനു പട്ടയവുമുണ്ട്. അവിടെ വീടുവയ്ക്കുകയാണ് എന്ന വാര്‍ത്തയും ശരിയാണ്. ഇവിടെ മുഴുവന്‍ കയ്യേറ്റമാണെന്ന പ്രചാരണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ്. ആരും കയ്യേറിയ സ്ഥലങ്ങളല്ല. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ചതാണ്.'
രാജേന്ദ്രന്‍ പറഞ്ഞ ഈ സ്ഥലം പഴയ ഒരു വാര്‍ത്തയുടെ ഭാഗമാണ്. സമകാലിക മലയാളം വാരികയില്‍ പഴയ മൂന്നാര്‍ ദൗത്യത്തിന്റെ സംഘത്തലവനായിരുന്ന സുരേഷ് കുമാര്‍ പറഞ്ഞത്. (ഓഗസ്റ്റ് 22, സംഭാഷണം, സുരേഷ് കുമാര്‍/പി.എസ് റംഷാദ്).
'ദേവികുളം ഭാഗത്തേക്കു പോകുമ്പോള്‍ കൊടുംവളവില്‍ ഇരിക്കുന്ന അഞ്ചു ഹോട്ടലുകളും കയ്യേറ്റമാണെന്നു സമ്മര്‍കാസില്‍ പൊളിച്ച ദിവസം തന്നെ മനസ്‌സിലായി. ദേശീയപാതയിലുള്ള കയ്യേറ്റം 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു പൊളിക്കാന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അധികാരമുണ്ട്. നോട്ടീസ് നേരത്തെ കൊടുത്തതാണെന്നും മനസ്‌സിലായി. ഞാന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറെ കൊണ്ടുനിര്‍ത്തി കയ്യേറ്റം മാര്‍ക്ക് ചെയ്യിച്ചു. സ്വയം പൊളിക്കാന്‍ ഹോട്ടലുകാരോടു പറഞ്ഞിട്ടു ഗസ്റ്റ് ഹൗസിലേക്കു പോയി. വൈകുന്നേരമായപ്പോള്‍ രാജേന്ദ്രന്‍ എം.എല്‍.എയും ഏതാനും ആളുകളും കൂടി വന്നു. സംസാരിക്കണം. അതില്‍ അഞ്ചു പേര്‍ ഈ അഞ്ചു ഹോട്ടലുകളുടെ ഉടമകളാണ്. ആ കാര്യം സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. ഇപ്പോള്‍ കൊടുത്ത നോട്ടീസല്ല, ഞാന്‍ കൊടുത്തതുമല്ല. പൊളിക്കാതെ പറ്റുകയില്ല. അവര്‍ പോയി. പിന്നെ രണ്ടു പേര്‍ കൂടി വന്നു. വ്യാപാരി-വ്യവസായി സംഘടനയുടെ പ്രതിനിധികളാണ്. നദിയുടെ അന്‍പതു വാരയ്ക്കുള്ളില്‍ ഉള്ളതു മുഴുവന്‍ നിയമവിരുദ്ധമാണെന്നു ഞാന്‍ എവിടെയോ പറഞ്ഞതുവച്ചു കടകളൊക്കെ പൊളിക്കും എന്നു ഭയന്നു വന്നതാണ്. ചെറിയ ഒരു കയ്യേറ്റവും ഒഴിപ്പിക്കില്ല എന്നു ഞാന്‍ പറഞ്ഞു. ചെറിയ കടക്കാരെയും പെട്ടിക്കടക്കാരെയും പുനരധിവസിപ്പിക്കാന്‍ പാക്കേജ് ഉണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതും ആവര്‍ത്തിച്ചു. അവരും പോയിക്കഴിഞ്ഞപ്പോള്‍ രാജേന്ദ്രന്‍ മുറിയുടെ കര്‍ട്ടന്‍ നീക്കിയിട്ട് പുറത്തേക്കു ചൂണ്ടി പറഞ്ഞു, ഞാന്‍ വയ്ക്കുന്ന വീടാണ്. പൊളിക്കുമോ എന്നാണു ചോദ്യം. അതൊന്നും എന്റെ പ്രയോറിറ്റിയല്ല എന്നു പറഞ്ഞ് എം.എല്‍.എയെ സന്തോഷത്തോടെ വിട്ടു. മറ്റവരേയും കൂട്ടിവന്നത് ഇതിനാണെന്നു മനസ്‌സിലായി.'
അന്നു ഗസ്റ്റ് ഹൗസ് മുറിയിലിരുന്നു ചൂണ്ടിക്കാണിച്ച സ്ഥലമാണ് ഏതാണ്ട് എട്ടുവര്‍ഷത്തിനു ശേഷം വിവാദത്തിലായിരിക്കുന്നത്. അന്ന് ആ സ്ഥലത്തിന്റെയെല്ലാം ഉടമകള്‍ക്കു പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടായെന്നും മൂന്നാര്‍ ദൗത്യം തന്നെ വി.എസ് ഉപേക്ഷിച്ചത് സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും റവന്യു വകുപ്പ് കൈകാര്യം ചെയ്ത സി.പി.ഐയുടെ എതിര്‍പ്പിനെ തുടര്‍ന്നുമായിരുന്നെന്നും വാര്‍ത്തകള്‍ വന്നു. വി.എസ് ഇതുവരെ അതു നിഷേധിച്ചിട്ടില്ല. വിരമിച്ച ശേഷം സുരേഷ് കുമാര്‍ അതു പലതവണ ആവര്‍ത്തിച്ചു. ഇപ്പോഴത്തെ മൂന്നാര്‍ വിവാദങ്ങള്‍ നടക്കുമ്പോഴും സുരേഷ്‌കുമാര്‍ പരിസര പ്രദേശത്തുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വട്ടവടയില്‍ പഠനയാത്രയിലായിരുന്നു അദ്ദേഹം. വിവാദങ്ങളല്ലാതെ മൂന്നാറില്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു പ്രതികരണം. 
സുരേഷ്‌കുമാറിന്റേയും ഋഷിരാജ് സിങ്ങിന്റേയും രാജു നാരായണ സ്വാമിയുടേയും മൂന്നാര്‍ കാലമെല്ലാം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട് ആവുകയാണ്. എ.വി ജോര്‍ജ്ജിന്റേയും എ.ടി ജെയിംസിന്റേയും ശ്രീരാം വെങ്കിട്ടരാമന്റേയും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള അനേകം അനധികൃത നിര്‍മ്മാണങ്ങളില്‍ ചിലത്: 

അക്കമിട്ടു പറയാന്‍ ചില കയ്യേറ്റങ്ങള്‍


1. മൂന്നാര്‍ വില്ലേജ് കോളനി റോഡില്‍ ഏഴുനില കെട്ടിടം
2. മൂന്നാര്‍ വില്ലേജില്‍ പോതമേടില്‍ നിര്‍മ്മിച്ചിക്കുന്ന ഒന്‍പതുനിലകെട്ടിടം
3. പള്ളിവാസല്‍ പൈപ്പ് ലൈനില്‍ കോതമംഗലം സ്വദേശി മല തുരന്നു പണിയുന്ന ഒന്‍പതുനില കെട്ടിടം
4. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 35/12-ല്‍ കുത്തനെയുള്ള കുന്നു നിരത്തി പണിയുന്ന എട്ടുനില കെട്ടിടം
5. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 216/12-ല്‍ മുവാറ്റുപുഴ സ്വദേശികള്‍ പണിയുന്ന 12 നില കെട്ടിടം
6. പള്ളിവാസല്‍ വില്ലേജ് രണ്ടാംമൈല്‍ സര്‍വ്വേ നമ്പര്‍ 19/1-ല്‍ കീഴക്കാംതൂക്കായ സ്ഥലത്തു നിര്‍മ്മിക്കുന്ന ഒന്‍പതുനില കെട്ടിടം
7. പള്ളിവാസലില്‍ത്തന്നെ പൈപ്പ് ലൈനില്‍ സര്‍വ്വേ നമ്പര്‍ 1/14-ല്‍ കോവളം സ്വദേശികള്‍ നിര്‍മ്മിക്കുന്ന പത്തുനില കെട്ടിടം (ജില്ലാ കലക്ടര്‍ സ്‌റ്റേ ചെയ്തിട്ടും വെള്ളത്തൂവല്‍ പൊലീസില്‍ റവന്യു വകുപ്പ് രണ്ടു കേസ് റജിസ്റ്റര്‍ ചെയ്തിട്ടും നിര്‍മ്മാണം പുരോഗമിക്കുന്നു).
8. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 20/1-ല്‍ ഒരു ഏക്കറിലധികം സ്ഥലത്ത് ഒന്‍പതുനിലകളിലായി പണിയുന്ന കെട്ടിടം.
9. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 56/6-ല്‍ മലയിടിച്ചു പണിയുന്ന ആറുനില കെട്ടിടം
10. പൂപ്പാറ ആനയിറങ്കലില്‍ സര്‍വ്വേ നമ്പര്‍ 12/2-ല്‍ എറണാകുളം പൂണിത്തുറ സ്വദേശികള്‍ പണിതുകൊണ്ടിരിക്കുന്ന ഏഴുനില കെട്ടിടം (കുത്തനെയുള്ള മലഞ്ചെരുവ് ഇടിച്ചു പണിതത്).
ഇതു പട്ടികയുടെ അവസാനമല്ല. ശ്രീരാം സ്‌റ്റോപ്പ് മെമ്മോ നല്‍കിയതുതന്നെ 110 റിസോര്‍ട്ടുകള്‍ക്കാണ്. ഇതുകൂടാതെ നടക്കുന്ന നിര്‍മ്മാണങ്ങളുടെ പട്ടിക എ.ടി ജെയിംസ് നല്‍കിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ നടക്കുന്ന സമരം എന്തിനാണെന്നു മനസ്‌സിലാകുന്നില്ലെന്ന് ശ്രീരാം പ്രതികരിച്ചു. 
'വന്‍കിട റിസോര്‍ട്ടുകളുടെ നിര്‍മ്മാണത്തിനാണ് സ്‌റ്റോപ് മെമ്മോ നല്‍കിയത്. വീടുകള്‍ പണിയാന്‍ തന്ന അപേക്ഷകളില്‍ തടസ്‌സം കാണിച്ചിട്ടില്ല. 125 അപേക്ഷകളാണു വീടു പണിയാന്‍ ലഭിച്ചത്. അതില്‍ 115 എണ്ണത്തിനും അനുമതി പത്രം നല്‍കിക്കഴിഞ്ഞു.'

ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി ജെയിംസ് സമകാലിക മലയാളം വാരികയുടെ ചോദ്യങ്ങളോടു പ്രതികരിക്കുന്നു:

മൂന്നാര്‍ സന്ദര്‍ശിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ എന്തു നടപടിയാണ് ഉണ്ടായത്?
ഞാന്‍ സ്വതന്ത്രമായ ഒരു നടപടി റിപ്പോര്‍ട്ടല്ല നല്‍കിയിരിക്കുന്നത്. തല്‍സ്ഥിതി വിവരിക്കുന്ന റിപ്പോര്‍ട്ടാണ്. അതു സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരാണ് അതനുസരിച്ചുള്ള ഉത്തരവ് ഇറക്കേണ്ടത്.

മൂന്നാറില്‍ കയ്യേറ്റം നടക്കുന്നു എന്നു പറയുന്നതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്?
അതിന് പ്രത്യേക അന്വേഷണത്തിന്റേയും പരിശോധനയുടേയും ആവശ്യമില്ല. അവിടെ ചെന്നുനിന്നാല്‍ത്തന്നെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ നടക്കുന്ന നിര്‍മ്മാണങ്ങള്‍ കാണാം. അതുകൊണ്ടാണ് മൂന്നാര്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് എനിക്കു പറയേണ്ടിവന്നത്. 

റവന്യു വകുപ്പിനു വീഴ്ച സംഭവിച്ചിട്ടില്ലേ?
അതൊക്കെ സര്‍ക്കാര്‍ പരിശോധിക്കേണ്ട കാര്യങ്ങളാണ്. ഉദ്യോഗസ്ഥരാരെങ്കിലും വഴിവിട്ടു പെരുമാറിയിട്ടുണ്ടെങ്കില്‍ അതു കണ്ടെത്തണം. എനിക്കു മനസ്‌സിലായിടത്തോളം ഈ പണിയുന്ന കെട്ടിടങ്ങളില്‍ ഭൂരിപക്ഷവും നിയമപരമായ മാര്‍ഗ്ഗത്തില്‍ അപേക്ഷിച്ച് അനുമതി നേടിയതല്ല. ഒരു അപേക്ഷ ഓഫിസില്‍ എത്തി അതില്‍ അനവധാനത ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ആവശ്യമാണ്. നിയമങ്ങളെല്ലാം മറികടന്നു നടത്തുന്ന നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പെ്പടുമ്പോഴാണ് നടപടി എടുക്കുക. അങ്ങനെ ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അതു ക്രിമിനല്‍ കുറ്റമാണ്. കാരണങ്ങള്‍ മറ്റുപലതുമാണ്. വേറെ അധികാരകേന്ദ്രങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയും വേണം. 

ലാന്‍ഡ് റവന്യു കമ്മിഷണറെ മൂന്നാറില്‍ പലയിടത്തും പോകാന്‍ അനുവദിച്ചില്ല എന്നു കേള്‍ക്കുന്നു?
ഞാന്‍ മുഴുവന്‍ സ്ഥലവും കണ്ടിട്ടില്ല എന്നതു ശരിയാണ്. മറ്റു കാര്യങ്ങളില്‍ സര്‍ക്കാരിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. പക്ഷേ, അവിടെ നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്കൊക്കെ പ്രാദേശിക രാഷ്ര്ടീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നു വ്യക്തമാണ്. 
സംസ്ഥാനത്തെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് ഇത്രയുമേ ഒരു മാധ്യമപ്രവര്‍ത്തകനോട് പ്രതികരിക്കാന്‍ കഴിയു. ബാക്കി പ്രതികരിക്കേണ്ടതു രാഷ്ര്ടീയ നേതൃത്വമാണ്. അവര്‍ ഇങ്ങനെ പറഞ്ഞുതുടങ്ങി:
'ദേവികുളം സബ് കലക്ടര്‍ ശ്രീരാം ഒരു മാടമ്പിയാണ്.'-കെ.കെ ജയചന്ദ്രന്‍, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി.