

ന്യൂഡല്‍ഹി: സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് അന്യായവും ഏകപക്ഷീയവുമായിരുന്നുവെന്ന് സുപ്രീംകോടതി. ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്നതിനൈക്കുറിച്ച് സമര്‍പ്പിച്ച മൂന്ന് ഫയലുകളും സുപ്രീംകോടതി പൂര്‍ണ്ണമായും തള്ളി. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ന്യായമായിരുന്നുവെന്ന് തെളിയിക്കാന്‍ ശേഷിയില്ലാത്ത റിപ്പോര്‍ട്ടുകളാണ് അവ. ദുര്‍ബലമായ വാദങ്ങളാണ് സര്‍ക്കാരിന്റേതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജിഷ കൊലക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമാണ് പോലീസ് മേധാവിയുടെ കഴിവുകേടായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതിലൊന്നും ഡിജിപിയെ മാറ്റാന്‍മാത്രമുള്ളതൊന്നും ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കുര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചായിരുന്നു വിധിപറഞ്ഞത്.
വിധിപ്പകര്‍പ്പിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍:
പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഗുരുതരമായ എതിര്‍പ്പുകളുണ്ടെന്ന് ബോധ്യപ്പെട്ടാലല്ലാതെ പോലീസ് മേധാവിയെ നീക്കം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയെയാണ് സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തത്.
പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി നല്‍കുന്നതിലുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് ജാഗ്രത പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ് സേന നോക്കിനില്‍ക്കുകയായിരുന്നുവെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ സെന്‍കുമാറിനുനേരെ കുറ്റമാരോപിക്കാന്‍ സാധ്യമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍.
കൊല്ലം പോലീസ് കമ്മീഷണര്‍, ചാത്തന്നൂര്‍, പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയ്ക്ക് ശുപാര്‍ശയുണ്ടായത്. അതിന്റെ പേരില്‍ പോലീസ് മേധാവിയെ കുറ്റപ്പെടുത്താനാവില്ല.
ജിഷ കൊലക്കേസിന്റെ അന്വേഷണഘട്ടങ്ങളിലെല്ലാം പോലീസ് നിഷ്‌ക്രിയമായിരുന്നു. പോലീസ് മേധാവി എന്ന നിലയില്‍ നിശബ്ദമായാണ് സെന്‍കുമാറിന്റെ നീക്കമെന്നും ആഭ്യന്തര സെക്രട്ടറിയായ നളിനി നെറ്റോ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഡിജിപി സ്ഥാനത്തുനിന്നും മാറ്റുന്നതിന് തക്കതായ കാരണങ്ങളല്ലെന്നും കോടതി വിലയിരുത്തി.
http://supremecourtofindia.nic.in/FileServer/2017-04-24_1493017152.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates