കമ്യൂണിസ്റ്റ് എന്ന 'ആക്ഷേപ'ത്തില്‍ ഞാന്‍ അസ്വസ്ഥനാണ്: അശോകന്‍ ചരുവില്‍

ചിലര്‍ എന്നെ 'ഇടതുപക്ഷക്കാരന്‍', 'കമ്യൂണിസ്റ്റ് ','മാര്‍ക്‌സിസ്റ്റ് ', 'പിണറായിയുടെ പാര്‍ടിക്കാരന്‍' എന്നൊക്കെയാണ് ആക്ഷേപിക്കുന്നത്
കമ്യൂണിസ്റ്റ് എന്ന 'ആക്ഷേപ'ത്തില്‍ ഞാന്‍ അസ്വസ്ഥനാണ്: അശോകന്‍ ചരുവില്‍

തൃശൂര്‍: ചെന്നൈയില്‍ വച്ച് വാര്‍ത്തയ്ക്ക് കൈക്കൂലി ചോദിച്ചു എന്നു വെളിപ്പെടുത്തിയതോടെ ഒരു സംഘം പത്രപ്രവര്‍ത്തകര്‍ തന്നെ കടന്നാക്രമിക്കുകയാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ഇവര്‍ തനിക്കെതിരെ നുണ വാര്‍ത്തയാക്കി അവതരിപ്പിക്കുകയും തന്റെ എഴുത്തു ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തുകയുമാണെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അരിശം തീരാതെ ചിലര്‍ തന്നെ 'ഇടതുപക്ഷക്കാരന്‍', 'കമ്യൂണിസ്റ്റ് ', 'മാര്‍ക്‌സിസ്റ്റ് ', 'പിണറായിയുടെ പാര്‍ടിക്കാരന്‍' എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെന്നും കമ്യൂണിസ്റ്റ് എന്ന ആക്ഷേപത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അശോകന്‍ ചരുവില്‍ പറയുന്നു. എത്ര ദൂരം സഞ്ചരിച്ചാലാണ് താന്‍ അവിടെ എത്തുക എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

അശോകന്‍ ചരുവിലിന്റെ കുറിപ്പ്: 

ചെന്നൈയില്‍ വെച്ച് വാര്‍ത്തക്ക് കൈക്കൂലി ചോദിച്ചു എന്ന വസ്തുത വെളിപ്പെടുത്തിയതോടെ ഒരു സംഘം പത്രപ്രവര്‍ത്തകര്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത, ഒരുവക അധികാരവുമില്ലാത്ത നിസ്സാര മനുഷ്യനായ എന്നെ കടന്നാക്രമിക്കുകയാണ്. 
ഫേസ് ബുക്കിന്റെ പുറമ്പോക്കില്‍ ഒരു കുടികിടപ്പാവകാശം മാത്രമുള്ള ഒരാളെ നിരവധി എഡീഷണുകളും ലക്ഷക്കണക്കിനു സര്‍ക്കുലേഷനും അനുബന്ധ സ്ഥാപനങ്ങളും ഉള്ള പത്ര ഭീമന്‍മാര്‍ ഞെരിക്കാന്‍ ശ്രമിക്കുന്നു. എനിക്കെതിരെ നുണ വാര്‍ത്തയാക്കി അവതരിപ്പിക്കുന്നു. എന്റെ എഴുത്തു ജീവിതം തകര്‍ക്കും എന്നു പറയുന്നു. 
ചിലര്‍ അരിശം തീരാതെ ചിലര്‍ എന്നെ 'ഇടതുപക്ഷക്കാരന്‍', 'കമ്യൂണിസ്റ്റ് ',
'മാര്‍ക്‌സിസ്റ്റ് ', 'പിണറായിയുടെ പാര്‍ടിക്കാരന്‍' എന്നൊക്കെയാണ് ആക്ഷേപിക്കുന്നത്.
വഴക്ക് മൂത്ത് അയല്‍ക്കാരനെ 'നിരപരാധി' എന്ന് തെറി വിളിക്കുന്ന പി.ജെ.ആന്റണിയുടെ ഒരു കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്. 'നിരപരാധി' വിളി കേട്ട് അന്തംവിട്ട അയല്‍ക്കാരന്‍ വഴക്കു നിര്‍ത്തി സൗമ്യമായി ഇങ്ങനെ ചോദിച്ചു:
'കൊച്ചാപ്പേട്ടാ, നമ്മള്‍ എത്ര കാലമായി വഴക്കു കൂടുന്നു. തമ്മില്‍ പല തെറികളും വിളിച്ചിട്ടുണ്ട്. തന്തക്ക് വിളിച്ചിട്ടുണ്ട്. എന്നാലും ഇപ്പൊ പറഞ്ഞ പോലത്തെ ഒരു തെറി കുടുംബത്തിന്‍ പിറന്നവര്‍ക്ക് പറയാന്‍ പാടുണ്ടോ?'
കൊച്ചാപ്പു ചേട്ടന്‍: 'അതു പിന്നെ നീയിങ്ങനെ മെക്കട്ടു കേറാന്‍ വന്നാല്‍ ഞാന്‍ പിന്നെ എന്നാ ചെയ്യും?' 
എന്നു വെച്ചാല്‍ കമ്യൂണിസ്റ്റ് എന്ന 'ആക്ഷേപം' കേട്ട് ഞാന്‍ വല്ലാതെ അസ്വസ്ഥനാണ്. എത്ര ദൂരം സഞ്ചരിച്ചാലാണ് ഞാന്‍ അവിടെ എത്തുക. ഇപ്പോള്‍ അറുപതു വയസ്സായി. ഇനി എത്ര കാലം? കഴിയും എന്നു തോന്നുന്നില്ല.
(പി.ജെ.ആന്റണിയെ ഉദ്ധരിച്ചതില്‍ എന്റെ വക കലര്‍പ്പുണ്ട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com