ദിലീപ് പരാതി തന്നിരുന്നു, സ്ഥിരീകരിച്ച് ബെഹറ, കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും പൊലീസ് മേധാവി

ദിലീപ് എപ്പോഴാണ് പരാതി നല്‍കിയത്, അതില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് ബെഹറ
ദിലീപ് പരാതി തന്നിരുന്നു, സ്ഥിരീകരിച്ച് ബെഹറ, കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും പൊലീസ് മേധാവി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ സ്ഥിരീകരിച്ചു. എന്നാല്‍ അത് എപ്പോഴാണെന്ന കാര്യവും എന്തു നടപടി സ്വീകരിച്ചെന്നും വെളിപ്പെടുത്താനാവില്ലെന്ന് ബെഹറ പറഞ്ഞു. പരാതി നല്‍കാന്‍ വൈകിയെന്ന പൊലീസ് വാദം തെറ്റാണെന്നും സുനി ഭീഷണിപ്പെടുത്തിയ ഉടന്‍ ബെഹറയ്ക്കു പരാതി നല്‍കിയിരുന്നെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപ് എപ്പോഴാണ് പരാതി നല്‍കിയത്, അതില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് ബെഹറ പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കും. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. കോടിതിയാണ് ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ബെഹറ പറഞ്ഞു.

ദിലീപ് പരാതി നല്‍കാന്‍ വൈകിയത് ദുരൂഹമാണെന്നും ഇത് കേസിനെ ദിലീപുമായി ബന്ധിപ്പിക്കുന്ന തെളിവാണെന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇതു ഖണ്ഡിച്ചാണ് ഭീഷണി വന്ന ഉടന്‍ പരാതി നല്‍കിയിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനും പൊലീസ് കോടതിയില്‍ മറുപടി നല്‍കും.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളത്. പൊലീസിനെയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിക്കാന്‍ ഇവര്‍ക്കായെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com