ജാമ്യാപേക്ഷ തള്ളി; ദിലീപിന്റെ ഓണം ജയിലില്‍ത്തന്നെ

ജാമ്യാപേക്ഷ തള്ളി; ദിലീപിന്റെ ഓണം ജയിലില്‍ത്തന്നെ

സിനിമ രംഗത്ത് സ്വാധീനമുള്ള ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിനിമ രംഗത്ത് സ്വാധീനമുള്ള ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. അന്വേഷണം നിര്‍ണായ ഘട്ടത്തിലാണെന്ന വാദം അംഗീകരിച്ച കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി.  ദിലീപിനെതിരെ സാക്ഷികളുടെ രഹസ്യ മൊഴിയുണ്ടെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.

ദിലീപ് സുനില്‍കുമാറുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണായക തെളിവാണ് ദിലീപിന് ജാമ്യം നിരസിക്കാന്‍ കോടതി വിശ്വസത്തിലെടുത്തത്.ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്.

അറസ്റ്റിലായി 50 ദിവസം പിന്നിടുമ്പോഴാണ് ജാമ്യാപേക്ഷയില്‍ വിധി വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ കോടതി കേട്ടിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമ മേഖലയിലെ പ്രമുഖര്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചതാണെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. സുനില്‍കുമറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം  വാദിച്ചു. സുനില്‍ കുമാറും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ചോദ്യം. 

2006നും 2017നും ഇടയില്‍ 28 കേസുകള്‍ പേരിലുള്ള സുനില്‍കുമാറുമായി ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വെച്ചു സുനില്‍കുമാറുമായി ഗൂഢാലോചന നടത്തിയെന്നതും വിശ്വസനീയമല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

അതേസമയം, സുനില്‍കുമാറിനെ പാര്‍പ്പിച്ചിരുന്ന കാക്കനാട് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് കേസില്‍ ദിലീപിനുള്ള പങ്ക് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഈ പൊലീസുകാരന്റെ സാക്ഷിമൊഴി ഉദ്ധരിച്ചു പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിനെതിരേ തിരിച്ചടിച്ചു. ഈ പോലീസുകാരന്റെ ഫോണില്‍ നിന്നും സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള കടയിലേക്കു വിളിച്ചതായും മൊഴിയുണ്ട്.  വാദത്തിനിടെ ദിലീപിനെ കിങ് ലയര്‍ ആയി പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസുകാരനെ കള്ള സാക്ഷിയാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കമാണിതെന്ന് പ്രതിഭാഗം വാദിച്ചു.

ദിലീപിനായി അഡ്വ. ബി രാമന്‍ പിള്ളയാണ് ഹാജരായത്. സര്‍ക്കാരിനായി പബ്ലിക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശനും ഹാജരായി.  ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയായിരുന്നു ഇത്. ജൂലൈ പത്തിനായിരുന്നു ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ ഇനി സുപ്രീംകോടതിയെ സമീപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com