ഹാദിയയെ കാണാനെത്തിയ സ്ത്രീകള്‍ക്ക് ആര്‍എസ്എസ് മര്‍ദനം;  അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കുമെന്ന് പൊലീസ്

ഹാദിയയെ കാണാനും പുസ്തകങ്ങളും മറ്റും നല്‍കാനുമെത്തിയ സംഘത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു
ഹാദിയയെ കാണാനെത്തിയ സ്ത്രീകള്‍ക്ക് ആര്‍എസ്എസ് മര്‍ദനം;  അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കുമെന്ന് പൊലീസ്

വൈക്കം: വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ പ്രതിഷേധത്തിനെത്തിയ മുസ്‌ലിം യുവതിക്കും സംഘത്തിനും നേരെ ആര്‍എസ്എസ് അക്രമം. അക്രമികളെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആരോപണം. ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ഇവരെ ജാമ്യത്തില്‍ വിട്ടയക്കുമെന്നും വൈക്കം പൊലീസ് സമകാലിക മലയാളത്തോട് പറഞ്ഞു. 

ഹാദിയയെ കാണാനും പുസ്തകങ്ങളും മറ്റും നല്‍കാനുമെത്തിയ സംഘത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇവരെ കണ്ടതും എന്നെ രക്ഷിക്കണമെന്നും അടച്ചിട്ട് ഉപദ്രവിക്കുകയാണെന്നും ഹാദിയ ജനലിലൂടെ ആവശ്യപ്പെട്ടതായി സംഘം വ്യക്തമാക്കി.

സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഷബ്‌ന സുമയ്യ മുസ്‌ലിം യുവതിയാണ് എന്ന് മനസ്സിലാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ മാത്രം തെരഞ്ഞുപിടിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇവരുടെ ഭര്‍ത്താവ് ഫൈസലും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. 

ഫൈസിലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടയുമ്പോഴായിരുന്നു ഷബ്‌നയെ ആക്രമിച്ചത്. തന്നെ തള്ളി താഴെയിടുകയായിരുന്നെന്ന് ഷബ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഫൈസില്‍ ഇതിലൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്നേയും കാത്ത് ദൂരെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തെ കൊണ്ടുപോകരുതെന്ന് പറഞ്ഞ് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഷബ്‌ന പറഞ്ഞു. 

ഉച്ചയോടെയാണ് വീട്ടുകാരുടെ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ പ്രതിഷേധവുമായി വനിതകളെത്തിയത്. വീടിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ വനിതകളെ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ ഇവര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിക്കുകയ.ായിരുന്നു.ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com