

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം, പുന്തുറ മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തി. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. പിന്നീടു പൊലീസ് വലയം തീര്‍ത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്. നേരത്തെ മെഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു
 
അതേസമയം ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരും.റവന്യൂമത്സ്യബന്ധന വകുപ്പുകളുടെ കണക്കുകള്‍ പ്രകാരം 92 മത്സ്യത്തൊഴിലാളികളെയാണ് കാണാനില്ലാത്തത്. ഇവരില്‍ ചിലര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും പിണറായി പറഞ്ഞു.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്ക് മാത്രമാണ് ലഭിച്ചതെന്ന് ഇതു സംബന്ധിച്ച രേഖകളും വിശദീകരണങ്ങളും വിലയിരുത്തിയ ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ മിക്കവരും തലേ ദിവസമോ അതിനു മുമ്പോ കടലില്‍ പോയിരുന്നു. ഗതി മാറി മാറിയാണ് മണിക്കൂറുകള്‍ക്കകം ചുഴലി കേരള തീരത്ത് അടിച്ചത്. ഇതു പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിലയിരുത്തി.കടുത്ത ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പ് 30ന് രാവിലെ 8.30നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അയച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അഭ്യര്‍ത്ഥിക്കണമെന്ന് മാത്രമേ ഈ അറിയിപ്പില്‍ പോലും ഉണ്ടായിരുന്നുളളു. അടിയന്തര സാഹചര്യമുണ്ടെന്നോ തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണമെന്നോ ആ അറിയിപ്പില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വിലയിരുത്തി.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പുകളും അതേ തുടര്‍ന്ന് സ്വീകരിച്ച നടപടികളും ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം വിശദീകരിച്ചു.
ഒറ്റ ദിവസം കൊണ്ട് 400ഓളം പേരെയാണ് കടലില്‍നിന്ന് രക്ഷപ്പെടുത്തിയത്. എല്ലാ സൈനിക വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും സംസ്ഥാന സര്‍ക്കാരും ഏകോപിച്ച് പ്രവര്‍ത്തിച്ചു. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിയെത്തുടര്‍ന്ന് കേരളത്തിന്റെ തീരക്കടലില്‍ നടത്തിയത്. ഇതേ ജാഗ്രതയില്‍ തെരച്ചില്‍ തുടരണം. തീരത്തെ മത്സ്യത്തൊഴിലാളികളുടെ സഹായവും തെരച്ചിലിന് ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates