ഗിന്നസ് ബുക്കില്‍ കറയാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യല്‍, ദിലീപിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിനെ വിമര്‍ശിച്ച് സെന്‍കുമാര്‍

ന്യൂറോ സര്‍ജന്‍ വേണ്ട സ്ഥാനത്ത് ഇറച്ചിവെട്ടുകാരനെ ഇരുത്തിയതു പോലെയാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്‌
ഗിന്നസ് ബുക്കില്‍ കറയാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യല്‍, ദിലീപിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിനെ വിമര്‍ശിച്ച് സെന്‍കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ദീര്‍ഘമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയ പൊലീസ് നടപടിയെ വിമര്‍ശിച്ച് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയിലാണ് സെന്‍കുമാറിന്റെ പ്രതികരണം.

കേസില്‍ ചോദ്യം ചെയ്യേണ്ടയാളുകളെ ചോദ്യം ചെയ്യുക തന്നെ വേണം. അറിയേണ്ട വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് ധാരണ വേണം. ഇതിനായി ഒരു ബ്രെയിന്‍ സ്‌റ്റോമിങ് സെഷന്‍ നടത്തുകയാണ് താന്‍ അവലംബിച്ചിരുന്ന രീതിയെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യല്‍.

അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ് സിബിഐയില്‍ ഏഴു വര്‍ഷം പരിചയമുള്ള ഉദ്യോഗസ്ഥനാണ്. അങ്ങനെയൊരു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ വേണമായിരുന്നു ദിലീപിനെ ചോദ്യം ചെയ്യേണ്ടതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ദിനേന്ദ്ര കശ്യപ് ആണ് കേസില്‍ അന്വേഷണ സംഘ തലവന്‍. എഡിജിപി ബി സന്ധ്യയ്ക്ക് മേല്‍നോട്ട ചുമതലയാണുള്ളത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും അന്വേഷണ സംഘവുമായി എല്ലാ കാര്യങ്ങളും കൂടിയാലോചിക്കണമെന്നും പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിനു മുമ്പ് സെന്‍കുമാര്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിലെ പല വിവരങ്ങളും താന്‍ അറിയുന്നില്ലെന്ന് ദിനേന്ദ്ര കശ്യപ് സെന്‍കുമാറിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇതെന്നാണ് സൂചനകള്‍.

ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതിനെ അഭിമുഖത്തില്‍ സെന്‍കുമാര്‍ പരിഹസിച്ചു. ന്യൂറോ സര്‍ജന്‍ വേണ്ട സ്ഥാനത്ത് ഇറച്ചിവെട്ടുകാരനെ ഇരുത്തിയതു പോലെയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാന്‍ അറിയാവുന്ന ഉദ്യോഗസ്ഥനാണ് പൊലീസ് ആസ്ഥാനത്തു വേണ്ടത്. ഒരു തരത്തിലും കഴിവു തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും സെന്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com