എടാ ദിലീപേ, സത്യം പറ, എന്തെങ്കിലും ബന്ധമുണ്ടോ? ഇന്നലെയും ദിലീപിനോടു ചോദിച്ചെന്ന് ഇന്നസെന്റ്

അമ്മ എപ്പോഴും ഇരയ്‌ക്കൊപ്പം, അങ്ങനെയല്ലാതെ നില്‍ക്കാനാവില്ല, മാധ്യമപ്രവര്‍ത്തകരോടു മോശമായി പെരുമാറിയതില്‍ മാപ്പെന്നും ഇന്നസെന്റ്‌
എടാ ദിലീപേ, സത്യം പറ, എന്തെങ്കിലും ബന്ധമുണ്ടോ? ഇന്നലെയും ദിലീപിനോടു ചോദിച്ചെന്ന് ഇന്നസെന്റ്


തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന് നടന്‍ ദിലീപിനോട് ഇന്നലെയും വിളിച്ചു ചോദിച്ചതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ദിലീപ് ചെയ്തത്. പിന്നെ എങ്ങനെയാണ് ദിലീപിനെതിരെ നിലപാടെടുക്കാനാവുകയെന്ന് ഇന്നസെന്റ് ചോദിച്ചു.

അമ്മ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. ഇത്തരമൊരു സംഭവത്തില്‍ ഇരയുടെ കൂടെയല്ലാതെ എങ്ങനെ നില്‍ക്കാനാവും. നടിയും ആരോപണ വിധേനായ നടനും അമ്മ അംഗങ്ങളാണ്. രണ്ടുപേരെയും പിന്തുണയ്ക്കുമ്പോഴും വീണ്ടും വീണ്ടും ഉറപ്പിക്കണമല്ലോ എന്നതുകൊണ്ടാണ് ദിലീപിനോട് ഇക്കാര്യം വീണ്ടും ചോദിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞു. 

കുറ്റം ചെയ്തവര്‍ക്ക് ഓടിയൊളിക്കാനുള്ള സാഹചര്യമാണ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണം. കാര്യങ്ങള്‍ കുഴപ്പിക്കുന്നത് മാധ്യമങ്ങളാണ്. 

സിനിമാ രംഗത്ത് സ്ത്രീകളോടു മോശമായി പെരുമാറുന്ന കാലമെല്ലാം പോയി. ഇന്ന് അത്തരത്തില്‍ പെരുമാറിയാല്‍ ആ നിമിഷം പുറത്തറിയും. പിന്നെ കിടയ്ക്ക പങ്കിടുന്നുവെന്നു പറയുന്നത് അത്തരത്തില്‍ മോശക്കാര്‍ ആയവര്‍ ആയിരിക്കുമെന്ന് ഇന്നസെന്റ് അഭിപ്രായപ്പെട്ടു. അമ്മ എക്‌സിക്യൂട്ടിവില്‍ എന്നും വനിതകള്‍ അംഗങ്ങളാണ്. എന്നാല്‍ അവര്‍ കൃത്യമായി യോഗത്തിനൊന്നും എത്താറില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.

ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. വാര്‍ത്ത വന്ന ശേഷം നിരവധി പേര്‍ വിളിച്ചു ചോദിച്ചു. വാര്‍ത്തയുടെ വസ്തുത സംബന്ധിച്ച മാധ്യമങ്ങള്‍ സ്വയം ആലോചിച്ചു നോക്കുന്നതു നല്ലതാണ്. തന്നെ ഈസ്ഥാനത്ത് നിര്‍ബന്ധിച്ച് ഇരുത്തിയതാണ്. അത് ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

ഇതുവരെ മാധ്യമ പ്രവര്‍ത്തകരോടു നല്ല ബന്ധത്തിലായിരുന്നു. ജനറല്‍ ബോഡി കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ അതില്‍ മാറ്റമുണ്ടായി. ഗണേഷും മുകേഷും മോശമായി സംസാരിക്കുന്ന അവസ്ഥയുണ്ടായി. ആവേശത്തിന്റെ പേരില്‍ ചെയ്തതാവാം ഇത്. സദസില്‍ ഉണ്ടായിരുന്ന ചിലര്‍ കൂവുകയും ചെയ്തു. ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു.


അമ്മ പിരിച്ചുവിടണമെന്ന, ഗണേഷ് കുമാറിന്റെ കത്തു വായിച്ചപ്പോള്‍ വിഷമം തോന്നി. എന്നാല്‍ ആ കത്തിലുള്ളത് നേരത്തെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ചെയ്യാത്തതിലുള്ള പരാതിയാണ്. സ്തനാര്‍ബുദ ചികിത്സയ്ക്ക് സൗകര്യമൊരുക്കല്‍, മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിലാണ് ഗണേഷ് കുമാര്‍ പരാതി നല്‍കിയത്. അതു ഗണേഷുമായി സംസാരിച്ചു തീര്‍ത്തതാണെന്നും ഇന്നസന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com