

തിരുവനന്തപുരം: മൂന്നാറിലെ ഇരുപത്തിരണ്ടു സെന്റ് ഭൂമി ഒഴിപ്പിക്കാമെന്ന ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കും ഭരണനേതൃത്വത്തിനുമുള്ള മുന്നറിയിപ്പാണെന്ന് സിപിഐ മുഖപത്രം. കയ്യേറ്റ ഒഴിപ്പിക്കല്‍ പ്രക്രിയയെ പാവപ്പെട്ട കുടിയേറ്റ കര്‍ഷകരുടെയും ഭൂരഹിതരുടെയും പേരില്‍ തടസപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയടക്കം ഭരണനേതൃത്വത്തിനുള്ള മൂന്നാറിയിപ്പാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ കയ്യേറ്റ മാഫിയക്കെതിരെ ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍ക്ക് ലഭിച്ച നിയമത്തിന്റെ ശക്തമായ പിന്തുണയാണ് ഹൈക്കോടതി വിധി. മൂന്നാറടക്കം ഇടുക്കിയില്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കെതിരെ റിസോര്‍ട്ട് മാഫിയകളും അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച് നിയമവ്യവസ്ഥയ്ക്കും അത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കാന്‍ ഒരുപറ്റം രാഷ്ട്രീയ നേതാക്കളടക്കം നിക്ഷിപ്ത താല്‍പര്യങ്ങളും നടത്തിവന്ന ശ്രമങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഇത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തന്റേടത്തോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഉദ്യോഗസ്ഥരുടെ ധീരമായ നിലപാടുകള്‍ക്കും നടപടികള്‍ക്കുമുള്ള അംഗീകാരമാണ് അത്.
വിവാദ പ്രശ്‌നത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലപാടുകള്‍ക്ക് അനുരോധമായി തത്വാധിഷ്ടിത നിലപാട് അവലംബിച്ച റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ അപഹസിക്കുകയും അദ്ദേഹം തല്‍സ്ഥാനം രാജിവച്ചൊഴിയണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആ പദവികളില്‍ തുടരുന്നതിന്റെ ധാര്‍മികത അവര്‍ തന്നെ സ്വയം വിമര്‍ശനപരമായി ആലോചനാവിധേയമാക്കണം. മൂന്നാറിന്റെയും ഇടുക്കിയുടെയും പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും മരണമണി മുഴക്കുന്ന കയ്യേറ്റ, റിസോര്‍ട്ട് മാഫിയ സംഘങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ പിന്‍ബലം നല്‍കിവരുന്ന അത്തരം വ്യക്തികള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ തയാറാവണമെന്ന് ജനയുഗം മുഖപ്രസംഗം ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates