ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടി: കുമ്മനം

ഇത് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടി: കുമ്മനം

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണപരമായ നടപടിയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ആരെ സഹായിക്കാനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐഎം പറയുന്നതു പോലെയേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ എന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞിരിക്കുകയാണ്. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അവരുടെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനാണ് ശ്രീറാം. അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

സ്ഥാനകയറ്റം നല്‍കിയെന്നതിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലംമാറ്റേണ്ട കാര്യം ഉണ്ടായിരുന്നില്ല. മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണം. സര്‍ക്കാരിന് കയ്യേറ്റക്കാരോടാണ് മമതയെന്ന് ഇതിലൂടെ തെളിഞ്ഞതായും കുമ്മനം പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയുമായുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമറിയിക്കുകയായിരുന്നു. എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറയാണ് ശ്രീറാമിന്റെ പുതിയ നിയമനം. അതേസമയം, ശ്രീറാമിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമെന്നായിരുന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com