ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍; വ്യക്തിബന്ധമുണ്ടായിട്ടു പോലും മോഹന്‍ലാല്‍ സംസ്‌കാരത്തിനു വന്നില്ല

ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദൂരൂഹതുണ്ട്. ഇക്കാര്യങ്ങളൊന്നും പൊലീസ് അന്വേഷിച്ചില്ലെന്നും സത്യനാഥ്
ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍; വ്യക്തിബന്ധമുണ്ടായിട്ടു പോലും മോഹന്‍ലാല്‍ സംസ്‌കാരത്തിനു വന്നില്ല

കൊച്ചി: നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്നും ഇതിന് സിനിമയുമായി ബന്ധമുണ്ടെന്നും സഹോദരന്‍ സത്യനാഥ്. ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദൂരൂഹതുണ്ട്. ഇക്കാര്യങ്ങളൊന്നും പൊലീസ് അന്വേഷിച്ചില്ലെന്നും സത്യനാഥ് പറഞ്ഞു.

ശ്രീനാഥിന്റെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരാരും ശ്രീനാഥിന്റെ സംസ്‌കാരത്തിന് എത്തിയില്ല. വ്യക്തിബന്ധമുണ്ടായിട്ടു പോലും മോഹന്‍ലാല്‍ സംസ്‌കാരത്തിനു വന്നില്ല. ഇത് ദുരൂഹമാണ്. ശ്രീനാഥിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്ന് സത്യനാഥ് പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ശ്രീനാഥിന്റെ മരണം.

അതിനിടെ നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ ഉയരുന്നതിനിടെ അതുമായി ബന്ധപ്പെട്ടുളള ഫയല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും കാണാതായി. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുളള മറുപടി പൊലീസ് നല്‍കിയത്. 

2010ല്‍ ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ കോതമംഗലത്തെ ഹോട്ടലില്‍ വച്ചായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം. കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിലകന്‍ നടത്തിയ പ്രസംഗം സമീപദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇതിനിടെയാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടി ലഭിച്ചിരിക്കുന്നത്. 

താരസംഘടനയായ അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. മുന്‍പ് സിനിമയില്‍ സജീവമായിരുന്ന ശ്രീനാഥിന് ഇടക്കാലത്ത് റോളുകള്‍ കിട്ടാതെയാകുകയും സീരിയലുകളില്‍ അഭിനയിക്കുകയുമായിരുന്നു. നടി ശാന്തികൃഷ്ണയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പിന്നീട് വിവാഹമോചനത്തിലെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com