ഞാവല്‍പ്പഴങ്ങളും നവോത്ഥാന പാഠങ്ങളും; ആഘോഷമായി സ്‌കൂള്‍ പ്രവേശനോത്സവം 

ഉദ്ഘാടന പ്രസംഗത്തില്‍ അയ്യങ്കാളിയുടെ ഊരൂട്ടമ്പലം ലഹളയും അതിന്റെ ചരിത്ര പ്രാധാന്യവും ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് പറഞ്ഞു
ഞാവല്‍പ്പഴങ്ങളും നവോത്ഥാന പാഠങ്ങളും; ആഘോഷമായി സ്‌കൂള്‍ പ്രവേശനോത്സവം 

തിരുവനന്തപുരം: ഈ വിദ്യാഭ്യാസ വര്‍ഷത്തിലെ സ്‌കൂള്‍ പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഊരൂട്ടമ്പലം യൂപി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ചു ഉദ്ഘാടന പ്രസംഗത്തില്‍ അയ്യങ്കാളിയുടെ ഊരൂട്ടമ്പലം ലഹളയും അതിന്റെ ചരിത്ര പ്രാധാന്യവും ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് പറഞ്ഞു. 

 കേളത്തില്‍ ഇപ്പോള്‍ വിദ്യ അഭ്യസിക്കാന്‍ ഒരു വിവേചനുമില്ല,എന്നാല്‍ സ്വയം ഭൂവായതല്ല ഈ സ്വാന്ത്ര്യം  എന്നാണ് ഊരൂട്ടുമ്പലം സ്‌കൂളിന്റെ ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. ഒരു ശതാബ്ദിക്ക് മുമ്പ് മഹാനായ അയ്യങ്കാളി ഈ നാട് അക്കാലത്തും പിന്നീടെക്കാലത്തും ഓര്‍മ്മിക്കുന്ന ഒരു പ്രക്ഷോഭത്തിന്് നേതൃത്വം കൊടുത്തത് ഈ മണ്ണിലാണ്. ഇവിടുത്തെ കുടിപ്പള്ളിക്കൂടത്തില്‍. അത്തരമൊരു പ്രക്ഷോഭം നയിക്കാനുണ്ടായ സാഹചര്യം കേരളത്തില്‍ ദുഷിച്ച് നാറിയ ജാതി വ്യവസ്ഥയുടെ ഭാഗമായ് നിലനിന്നിരുന്ന അങ്ങേയറ്റം ജീര്‍ണ്ണമായ സമ്പ്രദായമായിരുന്നു. വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അവര്‍ പിറന്ന ജാതി കുറഞ്ഞ ജാതിയെന്ന് മുദ്രകുത്തി വിദ്യാഭ്യാസം നിഷേധിക്കുകയായിരുന്നു. അന്നത്തെ ജാതി ശ്രേണിയില്‍ ആ സമ്പ്രദായം നിലനിര്‍ത്തുവാന്‍ അടിച്ചേല്‍പ്പിച്ച വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ശൂദ്രര്‍ അക്ഷരാഭ്യാസം നടത്താന്‍ പാടില്ലായിരുന്നു, വേദോച്ഛാരണം ഒരു ശൂദ്രന്‍ കേള്‍ക്കാന്‍ പാടില്ല,കേട്ടാല്‍ ചെകിട്ടില്‍ ഈയം ഉരുക്കിയൊഴിക്കും. ഇത്രയം കഠിനമായ വ്യവസ്ഥകളായിരുന്നു ശൂദ്രര്‍ക്ക് അക്ഷരം നിഷേധിക്കാന്‍ ഒരുക്കിവച്ചിരുന്നത്.

ചാതൂര്‍വണ്യത്തില്‍ ശൂദ്രര്‍ കഴിഞ്ഞുള്ള പട്ടിക ജാതി,പട്ടിക വിഭാഗക്കാരെ ചാതൂര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ മനുഷ്യരായി കണക്കാക്കിയിരുന്നില്ല, ഇതിനെ ചോദ്യം ചെയത് മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന് പ്രക്ഷോഭമാണ് ഊരൂട്ടമ്പലത്തെ പ്രശസ്തമാക്കിയത്. 

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ വലിയ തോതില്‍ കാര്യങ്ങള്‍ മാറ്റി മറിച്ചിട്ടുണ്ട്. നവോത്ഥാനം നടന്നതുകൊണ്ട് മാത്രം ഒരു നാട്ടില്‍ ജാതി വിഭജനം അവസാനിക്കുമെങ്കില്‍ കേരളത്തെക്കാള്‍ ആദ്യം അവസാനിക്കേണ്ടിയിരുന്നത് മഹാരാഷ്ട്രയിലും തമിഴനാട്ടിലുമാണ്.കാരണം കേരളത്തെക്കാള്‍ ശക്തമായി നവോത്ഥാന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത് അവിടെയായിരുന്നു. എന്നാല്‍ പിന്നീട് അവിടെ എന്ത് സംഭവിച്ചുവെന്ന് നാം കണ്ടതാണ്. ഇവിടെ നവോത്ഥാന നായകര്‍ തുടക്കമിട്ടത് അവിടെക്കളഞ്ഞില്ല, അതിന് തുടര്‍ച്ചയുണ്ടായി. നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ചിട്ട മണ്ണിലാണ് ഇടതുപക്ഷം വളര്‍ന്നത്. ഇഎംഎസ് ഗവര്‍ണമെന്റാണ് സാര്‍വത്രിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത്. ഏത് പാവപ്പെട്ട കുടുംബത്തിലെ കുട്ടിക്കും നടന്നെത്താന്‍ കഴിയുന്ന ദൂരത്തില്‍ സ്‌കൂളുകളുണ്ടായി. ചില ഒറ്റപ്പെട്ട കാര്യങ്ങളുണ്ടാകും, പൊതുവെ കാര്യമെടുത്താല്‍ കുട്ടികള്‍ക്ക് എത്രവേണമെങ്കിലും പഠിക്കാന്‍ കഴിയുമെന്ന സ്ഥിതിയായി.വിദ്യഭ്യാസ രംഗത്ത് ലോകം തന്നെ ശ്രദ്ധിക്കുന്ന തരത്തിലുള്ള പുരോഗതി നാം കൈവരിച്ചത് പൊതു വിദ്യാലങ്ങളില്‍ നിന്നാണ്,അത് തുടര്‍ന്നുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെതന്നെ സ്‌കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രി കുട്ടികള്‍ക്കൊപ്പം കഥയും പാട്ടുമായി കൂടി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിദ്യാഭ്യാസമന്ത്രി കുട്ടികള്‍ക്ക് ഞാവല്‍പ്പഴങ്ങള്‍ നല്‍കി സ്വീകരിച്ചു.

തിരുവനന്തപുരം കോട്ടണ്‍ഹിള്‍ ഗവ.എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം.ചിത്രങ്ങള്‍ കവിയൂര്‍ സന്തോഷ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com