പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്

പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്

കൊച്ചി:പുതുവൈപ്പില്‍ ഐഒസിയുടെ നിര്‍ദിഷ്ട എല്‍പിജി പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. സമരത്തിന് പിന്തുണ നല്‍കിയിരിക്കുന്നത് തീവ്രവാദികളാണെന്നും സമരത്തിന് നേതൃത്വം നല്‍കുന്നത് ഇത്തരക്കാരുമായി ബന്ധപ്പെട്ടവരാണെന്നും ആലുവ റൂറല്‍ എസ്്പി എ.വി ജോര്‍ജ്. ഇത്തരക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു. സമരക്കാര്‍ അക്രമിച്ചതുകൊണ്ടാണ് തിരിച്ചടിച്ചത് എന്നാണ് പൊലീസ് നിലപാട്. സമരക്കാര്‍ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നും സമരക്കാര്‍ക്കിടയില്‍ നിന്ന് കല്ലേറുണ്ടായെന്നും പൊലീസ് പറയുന്നു. 


ഇന്നലെയും സമരക്കാര്‍ക്ക് നേരെ പൊലീസ് ക്രൂരമായ രീതിയില്‍ ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡിസിപി യതീഷ് ചന്ദ്രക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ യതീഷ് ചന്ദ്രക്കെതിരെ നടപടി ഉണ്ടായേക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. 

യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്നു ഭരണകക്ഷികള്‍ക്കത്ത് തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍ യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തികള്‍ ശരിയല്ലായെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com