പകര്‍ച്ചപ്പനി; സ്വാകാര്യ ആശുപത്രി ഡോക്ടര്‍മാരുടെയും വിരമിച്ച ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കും

ആശുപത്രികളില്‍ രണ്ടുമണികഴിഞ്ഞാലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും - ഹോമിയോ ആയൂര്‍വേദ ശാഖകളുടെ സഹകരണവും തേടും 
പകര്‍ച്ചപ്പനി; സ്വാകാര്യ ആശുപത്രി ഡോക്ടര്‍മാരുടെയും വിരമിച്ച ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ രണ്ടുമണികഴിഞ്ഞാലും ഡോക്ടര്‍മാരുടെ സേവനം പ്പാക്കും. കൂടാതെ  ഡോക്ടര്‍മാരുടെ താത്കാലിക നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ഡോട്കര്‍മാരുടെ സേവനവും ഉറപ്പാക്കും. ഹോമിയോ ആയൂര്‍വേദ ശാഖകളുടെ സഹകരണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പനി ചികില്‍സയ്ക്കായി മാത്രം പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞതായും പനി സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍  തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ഇനിയും മെച്ചപ്പെടുത്തും. പകര്‍ച്ചപ്പനി ചികില്‍സയെ സംബന്ധിച്ചുള്ള ശാസ്ത്രീയാടിത്തറയില്ലാത്ത പ്രചാരണങ്ങള്‍ നിലവിലെ സ്ഥിതി വഷളാക്കുവാനേ ഉപകരിക്കൂ. അത്തരം പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുവാന്‍ ചികില്‍സയോടൊപ്പം പ്രധാനപ്പെട്ടതാണ് മാലിന്യനിര്‍മാജനം പോലെയുള്ള പ്രവര്‍ത്തനങ്ങളും. കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനം. ഇതിനായി നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ക്ലബ്ബുകളും അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഈ മാസം 27 മുതല്‍ മൂന്നു ദിവസം നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. 

സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് പകര്‍ച്ചപനിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണുള്ളത്. സാമൂഹികനന്മ ലക്ഷ്യം വെച്ചാണ് ബഹുഭൂരിപക്ഷം പേരും സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നത്. അത്തരക്കാര്‍ക്ക് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുവാനും മറ്റുള്ളവരെ ഈ പ്രവര്‍ത്തനങ്ങളെ പറ്റി ബോധവല്‍ക്കരിക്കുവാനും സാധിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com