ആരോഗ്യകരമായ ചര്‍ച്ചയാണ് അമ്മയില്‍ പ്രതീക്ഷിക്കുന്നതെന്ന് രമ്യാനമ്പീശന്‍

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 29th June 2017 10:48 AM  |  

Last Updated: 29th June 2017 12:15 PM  |   A+A-   |  

ramya-nambeesan

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് അമ്മ സംഘടനയുടെ ട്രഷറര്‍ ദിലീപിനെതിരെ ആരോപണമുന ഉയരുകയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെ നടക്കുന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് നടി രമ്യാനമ്പീശന്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ആരോഗ്യകരമായ ചര്‍ച്ച നടക്കുമെന്നും രമ്യാനമ്പീശന്‍ പറഞ്ഞു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സ്ത്രീകളുടെ സംഘടന രൂപീകരിച്ചശേഷം ആദ്യമായി നടക്കുന്ന അമ്മ യോഗമാണ്. ഈ യോഗത്തില്‍ സ്ത്രീകൂട്ടായ്മയെക്കുറിച്ച് സംസാരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമ്മയുടെ ബദല്‍ സംഘടനയൊന്നുമല്ല വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നായിരുന്നു രമ്യാനമ്പീശന്റെ പ്രതികരണം.
ഇന്നലെ നടന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ രമ്യാ നമ്പീശന്‍ പങ്കെടുക്കേണ്ടതായിരുന്നു. രമ്യാനമ്പീശന്‍ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ നേതൃനിരയിലുള്ളയാളും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ രമ്യാനമ്പീശന്‍ ഇക്കാര്യങ്ങള്‍ അമ്മയില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍ നല്‍കുന്നത്.