ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സെക്‌സ് ട്രാപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്; രാഷ്ട്രീയപ്രവര്‍ത്തകരെയും മലയാളികളെയും പൊളിച്ചടുക്കി 'ബ്രോ' കളക്ടര്‍ പ്രശാന്ത് നായര്‍

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 27th March 2017 06:27 PM  |  

Last Updated: 28th March 2017 07:12 PM  |   A+A-   |  

ഫയല്‍ ചിത്രം

കണ്ണൂര്‍: മൂന്നാറില്‍ ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ കോടതി ഉത്തരവ് പാലിക്കുമെന്ന ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നിലപാടെടുത്തപ്പോള്‍ അടിച്ചൊതുക്കും എന്ന് പരസ്യമായി എസ്. രാജേന്ദ്രന്‍ പ്രഖ്യാപിച്ചിട്ടും ആരും പ്രതികരിക്കാത്തതിനെ കടുത്ത വിമര്‍ശനവുമായാണ് കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായര്‍ ഐ.എ.എസ്. ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.
'ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സ്‌ക്‌സ് ടേപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ സാംസ്‌കാരിക കേരളവും രാഷ്ട്രീയക്കാരും എല്ലാം പ്രതികരിച്ചേനെ' എന്ന് പറയുന്ന പ്രശാന്ത് നായര്‍ എല്ലാവരെയും അടച്ച് വിമര്‍ശിക്കുന്നു. കേരളത്തിലാണ് ഒരു തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ. കോടതി ഉത്തരവ് നടപ്പാക്കുന്ന സബ് കളക്ടര്‍ക്കെതിരെ ശാരീരികമായി നേരിടുമെന്ന് ആക്രോശിച്ചത്. യു.പി.യിലോ ബീഹാറിലോ അല്ല എന്ന് ഓര്‍ക്കണം. ജനാധിപത്യത്തിന്റെ സംരക്ഷകര്‍ എന്നു വിളിക്കുന്ന കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരോ രാഷ്ട്രീയപ്രവര്‍ത്തകരോ ഒരക്ഷരംപോലും മിണ്ടാന്‍ തയ്യാറാകാത്തതില്‍ എന്ത് പ്രബുദ്ധതയാണുള്ളത്.
ഫോണിലൂടെയുള്ള ലൈംഗിക സംഭാഷണത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കുകയും സെക്‌സ് ടേപ്പ് പുറത്തുവിട്ടതിന്റെ പേരില്‍ ചീത്തപറഞ്ഞും ഹാലിളകിയും സാംസ്‌കാരികപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പ്രതികരിച്ച ഈ സമയത്ത് ശ്രീറാം വെങ്കിട്ടരാമനും ഇതുപോലൊരു സെക്‌സ് ടേപ്പ് പുറത്തുവിടുകയാണോ വേണ്ടത്? അങ്ങനെയായാല്‍ മാത്രമാണോ മാധ്യമങ്ങളും മറ്റെല്ലാവരും ഇക്കാര്യം ചര്‍ച്ച ചെയ്യുക എന്നും പ്രശാന്ത് നായര്‍ ചോദിക്കുന്നു.