വിപ്‌ളവകാരിയുടെ അന്ത്യം: ചാരു മജുംദാറിന്റെ മരണത്തെക്കുറിച്ച് കെ വേണു

ചാരു മജുംദാറിന്റെ മരണത്തെക്കുറിച്ച് കെ വേണു എഴുതിയത് നക്‌സല്‍ബാരിയുടെ അന്‍പതാം വര്‍ഷത്തില്‍ വീണ്ടും വായിക്കുമ്പോള്‍
വിപ്‌ളവകാരിയുടെ അന്ത്യം: ചാരു മജുംദാറിന്റെ മരണത്തെക്കുറിച്ച് കെ വേണു

സിദ്ധാര്‍ത്ഥ ശങ്കര്‍റേ സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ നക്‌സലൈറ്റുകള്‍ക്കെതിരെ നടത്തിയ അടിച്ചമര്‍ത്തലിന്റെ സ്വഭാവം നോക്കുമ്പോള്‍, ചാരുമജുംദാര്‍ ലോക്കപ്പില്‍വച്ച് സ്വാഭാവികമായി മരിച്ചതാവില്ലെന്നു കരുതാനായിരുന്നു ന്യായം. ചാരു മജുംദാറിന്റെ മരണത്തെക്കുറിച്ച് കെ വേണു എഴുതിയത് നക്‌സല്‍ബാരിയുടെ അന്‍പതാം വര്‍ഷത്തില്‍ വീണ്ടും വായിക്കുമ്പോള്‍

പന്ത്രണ്ടു ദിവസം കഴിഞ്ഞ് ജൂലൈ 28-ന് വൈകുന്നേരം പൊലീസ് കസ്റ്റഡിയില്‍വച്ച് ചാരുമജുംദാര്‍ നിര്യാതനായ വിവരം റേഡിയോ വാര്‍ത്തയില്‍ വന്നു. യാതൊരു തടസ്സവും കൂടാതെ വൈദ്യസഹായം ലഭിച്ചാല്‍ മാത്രം നിലനില്‍ക്കാന്‍ കഴിയാവുന്ന അവസ്ഥയിലായിരുന്നു '70-ല്‍ ഞാന്‍ കാണുമ്പോള്‍ത്തന്നെ മജുംദാറുടെ നില. ആ നിലയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ എന്തു സംഭവിച്ചിരിക്കാമെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ചാരുമജുംദാറുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നിരുന്നതുകൊണ്ട് കോടതിയില്‍ ഹാജരാക്കുകയും ചോദ്യം ചെയ്യാനായി കോടതി അദ്ദേഹത്തെ പൊലീസിനു വിട്ടുകൊടുക്കുകയുമാണ് ചെയ്തിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടയിലാണ് മജുംദാറുടെ അന്ത്യം ഉണ്ടായത്. ശാരീരികമര്‍ദ്ദനം കൊണ്ടായിരിക്കണമെന്നില്ല അതെങ്കിലും ആവശ്യമായ വൈദ്യസഹായം ബോധപൂര്‍വ്വം തന്നെ നിഷേധിച്ചതായിരിക്കണം മജുംദാറുടെ മരണത്തിനു കാരണമെന്നും അതുകൊണ്ട് ഫലത്തില്‍ അതൊരു കൊലപാതകം തന്നെ ആയിരിക്കണമെന്നുമുള്ള നിഗമനത്തിലാണ് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. 

കെ വേണു

വൈകുന്നേരം ആറുമണിക്കു മുന്‍പേ എല്ലാവരേയും മുറികളില്‍ പൂട്ടിക്കഴിഞ്ഞിരിക്കുമെന്നതുകൊണ്ട്, വാര്‍ത്ത കേട്ടശേഷം ഒരു അനുസ്മരണയോഗം ചേരുക അസാദ്ധ്യമായിരുന്നു. എങ്കിലും മുറികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ചര്‍ച്ചകളും മറ്റും നടത്താറുള്ള രീതി ഉപയോഗിച്ചു ഞങ്ങള്‍ അപ്പോള്‍ത്തന്നെ ഒരു അനുസ്മരണയോഗം നടത്തി. ഒരു സാധാരണ സഖാവ് നിര്യാതനായ സമയത്ത് നടന്ന ഒരു അനുസ്മരണയോഗത്തില്‍ മാവോ നടത്തിയ ഒരു ചെറുപ്രസംഗം ചാരുമജുംദാര്‍ തന്നെ ഒരു മാതൃകയായി അവതരിപ്പിച്ചിരുന്നു. നക്‌സലൈറ്റുകളെല്ലാം അതു സ്വീകരിക്കുകയും ചെയ്തിരുന്നു. മാവോയുടെ പ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. മരണം രണ്ടുതരമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി മരിക്കുന്നത് തായ്പര്‍വ്വതത്തേക്കാള്‍ ഭാരമുള്ളതും ജനശത്രുക്കള്‍ക്കുവേണ്ടി മരിക്കുന്നത് പക്ഷിത്തൂവലിനേക്കാള്‍ ഭാരം കുറഞ്ഞതുമാണ്. ജനങ്ങളുടെ പ്രസ്ഥാനത്തിനുവേണ്ടിയുള്ള ഏതു രക്തസാക്ഷിത്വവും മഹത്തരമാവുന്നത് ആ നിര്യാണം ഒരു നഷ്ടമായി മറ്റുള്ളവര്‍ കണക്കാക്കുകയും അതു കൂട്ടായി പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ കൂടിയാണ്. യഥാര്‍ത്ഥത്തില്‍ രക്തസാക്ഷിത്വങ്ങള്‍ സംഭവിക്കുകയും അവയുടെ നടുക്കു ജീവിക്കുകയും ചെയ്യുമ്പോള്‍, ഇത്തരം അനുസ്മരണങ്ങള്‍ക്കു സജീവതയുണ്ടായിരിക്കും. വെറും ചടങ്ങുകളായിരിക്കില്ല. അന്ന് ഞങ്ങള്‍ക്കതു ശരിക്കും അനുഭവപ്പെടുകയുണ്ടായി. ചാരുമജുംദാര്‍ വലിയ നേതാവായിരുന്നതുകൊണ്ട് മാത്രമായിരുന്നില്ല ആ അനുഭവം. ഗുരുതരമായവിധം രോഗാതുരമായിരുന്നിട്ടും വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നതും മറ്റേതൊരു വിപ്‌ളവകാരിയെയും നേരിടുന്നവിധം ക്രൂരമായി തന്നെ ഭരണകൂടം അദ്ദേഹത്തെ നേരിട്ടതും തങ്ങളിലൊരാള്‍ത്തന്നെയാണ് ചാരുമജുംദാറുമെന്ന ചിന്ത വളര്‍ത്താന്‍ സഹായിക്കുകയുണ്ടായി. 

മരണത്തിനു പിന്നില്‍

ചാരുമജുംദാറുടെ ലോക്കപ്പ് മരണത്തിന്റെ ദുരൂഹത ഇപ്പോഴും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. വിശദമായ അന്വേഷണം നടത്തുന്നതിനുവേണ്ടിയുള്ള നിയമയുദ്ധം നടക്കുന്നതേയുള്ളു. 70-71 കാലത്ത് കല്‍ക്കത്തയിലും പ്രാന്തപ്രദേശങ്ങളിലും ആദിവാസികള്‍ പ്രമുഖ വിഭാഗങ്ങളായിരുന്ന 24 പര്‍ഗാന, ബീര്‍ഭും തുടങ്ങിയ ജില്ലകളിലും നക്‌സലൈറ്റ് പ്രസ്ഥാനം വ്യാപകമാവുകയും ആഴത്തില്‍ വേരുപിടിക്കുകയും ചെയ്തപ്പോള്‍ സിദ്ധാര്‍ത്ഥ ശങ്കര്‍റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്ര്‌സ് സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയത്. ചില പ്രദേശങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മറ്റിടങ്ങളില്‍ ഉയര്‍ന്നുവരുന്ന സ്വഭാവമാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന് അക്കാലത്തുണ്ടായിരുന്നത്. '71 രണ്ടാം പകുതി മുതല്‍ക്ക് പ്രസ്ഥാനം വ്യാപകമായ തിരിച്ചടിയെ നേരിടാന്‍ തുടങ്ങി. ചാരുമജുംദാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പു തന്നെ ഈ തിരിച്ചടി പ്രകടമാവാന്‍ തുടങ്ങിയിരുന്നു. അവസാനകാലത്ത് അദ്ദേഹം നയപരിപാടികളെക്കുറിച്ച് പുനരാലോചന ആരംഭിച്ചിരുന്നു എന്നതിന്റെ ചില സൂചനകള്‍ ചില ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. 

കുറച്ചു നാളുകള്‍ക്കു ശേഷം ഫ്രോണ്ടിയറില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മജുംദാറുടെ വിശ്വസ്തനായ ഒരു സന്ദേശവാഹകന്‍ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ച്ചയായ മര്‍ദ്ദനത്തിലൂടെ അയാളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ഷെല്‍ട്ടര്‍ പൊലീസ് കണ്ടുപിടിക്കുകയുമായിരുന്നത്രേ. സുരക്ഷിതത്വ സംവിധാനങ്ങളുടെ ദൗര്‍ബല്യവും ഇതിന് കാരണമായിരിക്കാനിടയുണ്ട്. കാരണം, ആദ്യകാലങ്ങളിലെ രീതിയനുസരിച്ച് ഒരു സന്ദേശവാഹകന്‍ പിടിക്കപ്പെട്ടാല്‍ ആ വിവരം ഉടനെ കേന്ദ്രത്തിലറിയിക്കുകയും മജുംദാറുടെ ഷെല്‍ട്ടറുകള്‍ പെട്ടെന്നുതന്നെ മാറ്റുകയും ചെയ്യുമായിരുന്നു. 

ചാരുമജുംദാര്‍

ചാരുമജുംദാര്‍ അറസ്റ്റ് ചെയ്യപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ അന്ന് എന്നെ വല്ലാതെ വ്യാകുലനാക്കുകയുണ്ടായി. കാരണം, ഞാന്‍ മുഖാന്തിരം ഇങ്ങനെയൊരു ദുരന്തം സംഭവിച്ചാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ചു ഞാന്‍ ഭയപ്പെട്ട നാളുകളെക്കുറിച്ചുള്ള ഓര്‍മ്മയാണെന്നെ വിഷമിപ്പിച്ചത്. കല്‍ക്കത്തയില്‍നിന്ന് കേരളത്തിലേക്കു വന്ന സന്ദേശവാഹകനായിരുന്ന തപന്‍ദാസിന്റെ വിവരങ്ങള്‍ എന്നില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നെങ്കില്‍ ചാരുമജുംദാര്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെന്ന്, എനിക്ക് ഉറപ്പിക്കാന്‍ വയ്യാതായി. അത്തരമൊരു സാദ്ധ്യത കൂടുതലായിരുന്നു എന്ന തിരിച്ചറിവാണ് ചാരുമജുംദാറുടെ അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍നിന്ന് ലഭിച്ചത്. അന്നൊരു പൊലീസുദ്യോഗസ്ഥന്‍ കള്ളക്കഥയുണ്ടാക്കി പറഞ്ഞു തടിതപ്പാനുള്ള കുറുക്കുവഴി പറഞ്ഞുതന്നിരുന്നില്ലെങ്കില്‍, ഒന്നും പറയുകയില്ലെന്ന പിടിവാശിയില്‍ ഞാന്‍ തുടരുകയും ഭീകരമായ മര്‍ദ്ദനത്തിലൂടെ പടിക്കലും കൂട്ടരും എന്നില്‍നിന്ന് എന്തെങ്കിലും വിവരം പിടിച്ചെടുക്കുകയും ചെയ്യുവാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റാതായി. അങ്ങനെ സംഭവിച്ചുപോയെങ്കില്‍ ഉണ്ടാകുമായിരുന്ന ദുരന്തം എങ്ങനെ താങ്ങാന്‍ കഴിയുമായിരുന്നു എന്ന ചിന്തയാണ് ആ ദിവസങ്ങളില്‍ എന്നെ ഉലച്ചത്.  

സിദ്ധാര്‍ത്ഥ ശങ്കര്‍റേ സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ നക്‌സലൈറ്റുകള്‍ക്കെതിരെ നടത്തിയ അടിച്ചമര്‍ത്തലിന്റെ സ്വഭാവം നോക്കുമ്പോള്‍, ചാരുമജുംദാര്‍ ലോക്കപ്പില്‍വച്ച് സ്വാഭാവികമായി മരിച്ചതാവില്ലെന്നു കരുതാനായിരുന്നു ന്യായം. ആസ്തമയായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്ന പ്രധാന രോഗം. അതു രൂക്ഷമായ അവസ്ഥയിലായിരുന്നെങ്കിലും പതിവായുള്ള ഇന്‍ജെക്ഷനും മരുന്നുകളും കൊണ്ട് നീണ്ടകാലത്തെ ഒളിവുജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയ്ക്കും അദ്ദേഹത്തിനു നിലനില്‍ക്കാനായെങ്കില്‍ ലോക്കപ്പില്‍ അനായാസേന തുടരാന്‍ കഴിയുമായിരുന്ന ആ വൈദ്യസഹായം ബോധപൂര്‍വ്വം നിഷേധിച്ചതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ മരണകാരണം. താരതമ്യേന ലളിതമായി അധികൃതര്‍ക്ക് ആ കൃത്യം നിര്‍വ്വഹിക്കാനായി എന്നുമാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com