ആരോ ഒരാള്‍-ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനുഭവം

By ബാലചന്ദ്രന്‍ ചുള്ളിക്കാട്‌  |   Published: 24th May 2017 04:46 PM  |  

Last Updated: 24th May 2017 05:41 PM  |   A+A-   |  

balachandranchullikkad_copy

വ്യവസ്ഥിതിയെ മാറ്റാന്‍ കയ്യില്‍ കിട്ടിയ ആയുധവുമെടുത്തിറങ്ങിയ ഒരു തലമുറയോട് നമ്മള്‍ എന്താണ് ചെയ്തത്? രണ്ടു പതിറ്റാണ്ടു മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ഈ കുറിപ്പില്‍ അതുണ്ട്. 

ആപ്പീസില്‍ ജോലിത്തിരക്കുള്ള ഒരു ദിവസം രാവിലെ പതിനൊന്നര മണി. ശിപായി രാമേട്ടന്‍ വന്നു പറഞ്ഞു:
''ഒരാള് കാണാന്‍ വന്നിരിക്കുന്നു.'
''ആരാ?'
''ആരോ ഒരാള്.'
ഞാന്‍ പേന അടച്ച് എഴുന്നേറ്റു ചെന്നു. 
ഒരു മദ്ധ്യവയസ്‌കന്‍. പൊക്കം അധികമില്ല. കഷണ്ടി, കണ്ണട, ഇരുനിറം, കരുവാളിച്ച മുഖം, നരവീണ കുറ്റിത്താടി, ഒട്ടിയ കവിളുകള്‍, മെലിഞ്ഞ ദേഹം, മുഷിഞ്ഞ നരച്ചുപിഞ്ഞിയ ഷര്‍ട്ടും മുണ്ടും. കാലില്‍ ചെരുപ്പില്ല. വലതുകാലിന്റെ പെരുവിരലില്‍ അഴുക്കുശീല കൊണ്ട് ഒരു കെട്ട്. 
എനിക്ക് ആളെ മനസ്‌സിലായില്ല. 
''സഖാവേ ഞാന്‍ സുകുമാരനാ, പഴയ കണ്ണംതുരുത്ത് കേസിലെ...'
കണ്ണംതുരുത്ത് കൊലക്കേസിലെ പ്രതികളായ ഉന്മൂലനസിദ്ധാന്തവാദികള്‍ ജയില്‍മോചിതരായി എന്ന് പത്രങ്ങളില്‍ വായിച്ചിരുന്നു. പതിനഞ്ചു കൊല്ലം മുന്‍പ് അവരെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ദിവസം ഓര്‍ക്കുന്നു. അവര്‍ക്ക് ദിനേശ്ബീഡിയും ഭാരത് ബ്‌ളെയിഡും ചന്ദ്രിക സോപ്പും പുസ്തകങ്ങളും കൊണ്ട് സഖാവ് കുട്ടന്‍ മാഷോടൊപ്പം അനുഭാവിയായിരുന്ന ഞാനും കോടതി വളപ്പില്‍ എത്തിയിരുന്നു. 
കനത്ത ബന്തവസ്‌സായിരുന്നു. തോക്കുധാരികളായ പൊലീസുകാര്‍ എങ്ങും ജാഗ്രതയോടെ നിന്നു. കുറ്റന്‍ നീലവണ്ടിക്കകത്ത് വിലങ്ങണിഞ്ഞ വിപ്‌ളവകാരികള്‍ അചഞ്ചലരായി ഇരുന്നു. ചിലര്‍ പുഞ്ചിരിക്കുന്നുപോലുമുണ്ടായിരുന്നു. അവരിലൊരാള്‍ എന്റെ അദ്ധ്യാപികയുടെ അനുജന്‍ ദേവരാജന്‍ ആയിരുന്നു. ദേവരാജന്റെ ഒരു കൈ മറ്റൊരു ചെറുപ്പക്കാരന്റെ കയ്യിനോടു ചേര്‍ത്തു വിലങ്ങുവച്ചിരുന്നു. ഇരുണ്ട നിറവും ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും കട്ടമീശയും ഉള്ള ആ ചെറുപ്പക്കാരനാണ് സുകുമാരന്‍ എന്നാണല്ലോ അന്ന് കുട്ടന്‍ മാഷ് പറഞ്ഞത്. 
അപ്പോള്‍ അവശനായ ഈ മനുഷ്യന്‍ ആര്? 
''നമ്മള്‍ ഒരുപാട് മാറിപ്പോയി. സഖാവിന് അന്നു മീശ മുളച്ചിട്ടില്ലായിരുന്നു.'
ക്ഷീണിച്ച ചിരിയോടെ സുകുമാരന്‍ പറഞ്ഞു.
കോടതി മുറിയിലേക്ക് കൊണ്ടുംപോകും മുന്‍പ് വിപ്‌ളവകാരികളുടെ കൈവിലങ്ങുകള്‍ പൊലീസുകാര്‍ അഴിച്ചുനീക്കിയത് ഓര്‍ക്കുന്നു. സന്നദ്ധമായ തോക്കുകള്‍... ബയണറ്റുമുനകള്‍... ഭയം... എല്ലാം ഓര്‍ക്കുന്നു. പ്രതിക്കൂട്ടില്‍നിന്ന് ദിഗന്തം നടുങ്ങുമാറ് മുദ്രാവാക്യം ഉയര്‍ന്നു. 
''ബൂര്‍ഷ്വാ കോടതി തുലയട്ടെ.'
അതുകേട്ട് എന്റെ രോമങ്ങള്‍ എഴുന്നേറ്റുനിന്നത് ഓര്‍ക്കുന്നു. 
എല്ലാം പഴങ്കഥയായി.
Tale told by an idiot
Full of sound and fury
signifying nothing 
കഥയില്‍ ചോദ്യമില്ല എന്നറിയാം എങ്കിലും ഒരു ചോദ്യം ഇപ്പോഴും എനിക്ക് ഒഴിയാബാധയാവുന്നു. 
''സുകുമാരാ, നിങ്ങളെ അടിച്ചമര്‍ത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയെ ജനങ്ങള്‍ മുഖ്യമന്ത്രിയായി വീണ്ടും വീണ്ടും വീണ്ടും തിരഞ്ഞെടുത്ത് അഭിനന്ദിച്ചത് എന്തുകൊണ്ടാണ്?'
ആ ചോദ്യം ചോദിക്കാന്‍ എനിക്കു കഴിഞ്ഞില്ല. 
''ജനങ്ങളാണ് യഥാര്‍ത്ഥ കഥാനായകന്മാര്‍. നമ്മളോ ശിശുപ്രകൃതരും' എന്നു ചെയര്‍മാന്‍ മാവോ പറഞ്ഞിട്ടുണ്ടല്ലോ. 
എന്റെ ആപ്പീസിനു തൊട്ടുമുന്നിലെ ചായക്കടയിലെ ബഞ്ചിലിരുന്ന് ചായ ഗ്‌ളാസിലേക്കുനോക്കി അതു തിരിച്ചുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ സുകുമാരന്‍ പറഞ്ഞുതുടങ്ങി:
''സഖാവേ ഞാന്‍ വന്നത്...'
ഞാന്‍ കയ്യെടുത്ത് വിലക്കി.
''ദയവായി എന്നെ സഖാവെന്ന് വിളിക്കരുത്. ഞാന്‍ നിങ്ങളുടെ സഖാവല്ല. അനുഭാവി പോലുമല്ല. പട്ടിണി കിടന്നു ചാവാന്‍ തയ്യാറാല്ലാത്തതുകൊണ്ട് മറ്റൊന്നും വില്‍ക്കാന്‍ എനിക്കില്ലാത്തതുകൊണ്ട് എന്നെത്തന്നെ എസ്റ്റാബ്‌ളിഷ്‌മെന്റിന് സസന്തോഷം വിറ്റ് കഞ്ഞി കുടിക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണ് ഞാന്‍. ഭാര്യയും കുട്ടിയും ഉണ്ട്. ദയാവായി നിങ്ങള്‍ ഇനി എന്നെ കാണാന്‍ വരരുത്. എന്റെ ഈ ഗുമസ്തപ്പണി കളയരുത്.'
ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞുനിറുത്തി. 
''അയ്യോ ഞാന്‍ എല്ലാം അവസാനിപ്പിച്ചു!'
തളര്‍ന്ന ശബ്ദത്തില്‍ സുകുമാരന്‍ പറഞ്ഞു:
''സൈന്യമോ ബഹുജനപിന്തുണയോ ഇല്ലാത്തവര്‍ സൈനിക ലൈന്‍ വേണോ ബഹുജനലൈന്‍ വേണോ എന്നു തര്‍ക്കിക്കുന്നതിലുള്ള അസംബന്ധം എനിക്ക് ബോദ്ധ്യപ്പെട്ടു. ജനങ്ങളല്ല, ബൂര്‍ഷ്വാ കോടതിയാണ് അവസാനം എന്നെ മോചിപ്പിച്ചത്. ജയിലില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ എന്റെ കുടുംബത്തില്‍ ഭാഗം കഴിഞ്ഞിരിക്കുന്നു. എന്റെ വീതം സ്വത്ത് സഹോദരങ്ങള്‍ കയ്യടക്കിയിരിക്കുന്നു. എന്റെ അമ്മയ്ക്കുപോലും എന്നെ വേണ്ട. ബന്ധുക്കളും നാട്ടുകാരും എന്നെ അടുപ്പിക്കുന്നില്ല. കൊലപ്പുള്ളിയായിട്ടാണ് എല്ലാവരും എന്നെ കാണുന്നത്. അതുകൊണ്ട് കൂലിപ്പണിപോലും എനിക്കുതരാന്‍ ആരും തയ്യാറാവുന്നില്ല. പൊലീസിന്റെ പിന്തുടരല്‍ ഇപ്പോഴുമുണ്ട്. പന്തീരാണ്ടുകാലും ജയിലില്‍ കഴിഞ്ഞു. അവിടെ ഭക്ഷണവും വസ്ത്രവും മരുന്നും കിടക്കാന്‍ സ്ഥലവും ഉറപ്പുണ്ടായിരുന്നു. പക്ഷേ, പുറത്തിറങ്ങിയപ്പോള്‍...'
ക്രൂരമായ ഒരാനന്ദത്തോടെ ഞാന്‍ ചോദിച്ചു:
''ആത്മഹത്യ ചെയ്തുകൂടെ? മറ്റു പലരും ചെയ്തപോലെ...'
സുകുമാരന്‍ കുറച്ചുനേരം തലകുനിച്ച് മിണ്ടാതിരുന്നു. ചുട്ട ഒരു നെടുവീര്‍പ്പ് അയാളില്‍നിന്നു പുറത്തുവന്നു. 
''ഒരുപാട് ആലോചിച്ചതാണ്, ധൈര്യം വരണില്ല.'
എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് സുകുമാരന്‍ പറഞ്ഞു:
''എനിക്കിപ്പോ ജീവിക്കണംന്ന് വല്യ മോഹം തോന്നുന്നു അനിയാ.'
''അതില്‍ തെറ്റില്ല. പക്ഷേ, അതിനു ഞാനെന്തു വേണം.'
ഞാന്‍ കൈ വലിച്ചു. 
''തനിക്ക് സിനിമാ സംവിധായകരെയൊക്കെ അറിയാമല്ലോ. താന്‍ ഒന്നു ശുപാര്‍ശ ചെയ്താല്‍ ഒരു പ്രൊഡക്ഷന്‍ ബോയ് ആയിട്ടെങ്കിലും- ഭക്ഷണമെങ്കിലും കിട്ടുമല്ലോ.'
അരുത് ഞാന്‍ സ്വയം ശാസിച്ചു. ദയ പാടില്ല. സഹാനുഭൂതി പാടില്ല. എന്റെ ജീവിതമാണ് എനിക്കു വലുത്. കുറച്ചുകാലം ഇവര്‍ക്കുവേണ്ടി തൊണ്ട പൊട്ടിച്ചതുകൊണ്ട് എനിക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട- വേണ്ട ഒന്നും ഓര്‍ക്കരുത്. ദൈവമേ ഭൂതകാലത്തിന്റെ ഈ ഗതികിട്ടാപ്രേതം എന്നെത്തന്നെ എന്തിന് തപ്പിപ്പിടിച്ചു?
''തനിക്കിതൊന്നും പറ്റുമെന്ന് തോന്നുന്നില്ല സുകുമാരാ. മാത്രമല്ല തന്നെ ശുപാര്‍ശ ചെയ്തു കുഴപ്പത്തിലാകാന്‍ എനിക്കു ധൈര്യവുമില്ല.'
''ഞാന്‍ എന്തു ചെയ്യും അനിയാ. പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പോലും ഇല്ലല്ലോ.'
ഒന്നാലോചിച്ച് ഞാന്‍ പറഞ്ഞു:
''വീണ്ടും ഒരു വര്‍ഗശത്രുവിനെ കണ്ടുപിടിച്ച് കൊന്ന് ജയിലിലേക്കുതന്നെ തിരിച്ചുപോ. ഭക്ഷണവും വസ്ര്തവും കിടക്കാന്‍ സ്ഥലവും പന്ത്രണ്ടുകൊല്ലത്തേക്കെങ്കിലും ഉറപ്പാവുമല്ലോ.'
ശബ്ദം ഇടറാതിരിക്കാന്‍ ഞാന്‍ കര്‍ശനമായി ശ്രദ്ധിച്ചു.
നിരാശനായി തിരിച്ചുപോവുന്ന ആ മനുഷ്യനെ വരണ്ട മനസേ്‌സാടെ ഞാന്‍ നോക്കിനിന്നു. അയാളുടെ പിഞ്ഞിയ കൈത്തറിമുണ്ടിന്റെ പിന്‍ഭാഗത്ത് ചോരക്കറ. അര്‍ശസ്‌സാവും ഞാന്‍ ഓര്‍ത്തു. 
അതുവഴി വന്ന ശിപായി രാമേട്ടന്‍ ചോദിച്ചു. 
''ആരാ അയാള്.'
''ആരോ ഒരാള്‍.'
ഞാന്‍ നിര്‍വ്വികാരനായി പറഞ്ഞു.

(1997 ഒക്ടോബറില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)