കെ വേണുവിനെ കടന്നാക്രമിച്ച് സിപിഐ (എംഎല്‍) റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍

പാര്‍ട്ടിയില്‍ ഉള്ളപ്പോഴും പാര്‍ട്ടിയെ തകര്‍ക്കുന്ന നിലപാടുകളാണ് വേണു തുടര്‍ച്ചയായി സ്വീകരിച്ചിരുന്നത്. 
കെ വേണുവിനെ കടന്നാക്രമിച്ച് സിപിഐ (എംഎല്‍) റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍

തിരുവനനന്തപുരം: നക്‌സല്‍ബാരി പ്രക്ഷോഭത്തിന്റെ അമ്പതാം വര്‍ഷത്തില്‍ മുന്‍ നക്‌സലൈറ്റ് നേതാവായി ആഘോഷിക്കപ്പെടുന്ന കെ വേണുവിന് നക്‌സല്‍ബാരിയുടെയോ സിപിഐ (എംഎല്‍) പ്രസ്ഥാനത്തിന്റെയോ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് മുന്‍ സഹപ്രവര്‍ത്തകനും സിപിഐ (എംഎല്‍) റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറിയുമായ പി സി ഉണ്ണിച്ചെക്കന്‍. മെയ് 25ന് നക്‌സല്‍ബാരിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സമകാലിക മലയാളം ഓണ്‍ലൈനുമായി സംസാരിച്ച പി സി ഉണ്ണിച്ചെക്കന്‍ അതിരൂക്ഷമായാണ് വേണുവിനെതിരേ പൊട്ടിത്തെറിച്ചത്. 'നക്‌സല്‍ബാരിയേക്കുറിച്ച് മിണ്ടാന്‍ അര്‍ഹതയില്ലാത്തവരാണ് അമ്പതാം വാര്‍ഷികത്തേക്കുറിച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയുന്നത്. കൊച്ചുമക്കളെ മടിയിലിരുത്തി താലോലിക്കുമ്പോള്‍ പഴയ വീരകഥകള്‍ പറയുന്ന മുത്തച്ഛനെപ്പോലെ അവര്‍ അയവിറക്കുന്ന നൊസ്റ്റാള്‍ജിയ അല്ല വിപ്ലവ സ്മരണ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പൊലീസ് സഖാവ് രാജന്റെ ഉള്‍പ്പെടെ ജീവനെടുത്തതിന് ഉത്തരവാദിയായ കെ കരുണാകരനൊപ്പം വേദി പങ്കിടുകയും ചെയ്തയാളാണ് വേണു. സഖാവ് വര്‍ഗ്ഗീസിനൊപ്പം പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കുന്നേല്‍ കൃഷ്ണനെപ്പോലെ നക്‌സലൈററ് പ്രസ്ഥാനത്തിന്റെ തുടര്‍ കണ്ണികളായ എത്രയോ ആളുകളുണ്ട്. അവര്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോവുകയാണ്. സംഭവിച്ച വീഴ്ചകളെ രാഷ്ട്രീയവും പ്രത്യയശാസ്ത്രകപരവുമായി തിരുത്തലിന് വിധേയമാക്കി മുന്നോട്ടു പോകുന്നവര്‍. തിരുത്തല്‍വാദത്തിനെതിരേ സമരം ചെയ്ത് രാജ്യത്തെ പ്രധാന കമ്യൂണിസ്റ്റു പാര്‍ട്ടിയായി ഒരു ഘട്ടത്തില്‍ മാറിയ സിപിഐ എംഎല്ലിന്റെ തുടര്‍ച്ച അവരാണ്. എന്നാല്‍ ഇത് അവസാനിച്ചു എന്ന് പറയുന്നവര്‍ക്ക് അവരുടേതായ ചില താല്‍പര്യങ്ങളും പ്രശ്‌നങ്ങളുമുണ്ട്. ആ താല്‍പര്യങ്ങള്‍ക്ക് അപ്പുറത്താണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയവും വിഷയങ്ങളും. വേണു ഇപ്പോള്‍ അവകാശപ്പെടുന്നതൊക്കെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. വേണുവാണ് ആദ്യം കേരളത്തിലെ സിപിഐ എം എല്ലില്‍ ഗ്രൂപ്പുണ്ടാക്കിയത്. പല പാര്‍ട്ടികളില്‍ ചേക്കേറി ഒടുവില്‍ ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ വക്താവായി മാറിയിരിക്കുകയാണ് വേണു.' ' ഉണ്ണിച്ചെക്കന്‍ പറഞ്ഞു. 


സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍'


നക്‌സല്‍ബാരി 1967ലെ ഒരു സുപ്രഭാതത്തില്‍ പെട്ടെന്നു പൊട്ടിവീണതല്ല. 1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോന്ന് സിപിഐ (എം) രൂപീകരിക്കാന്‍ തെന്നാലിയില്‍ ചേര്‍ന്ന യോഗത്തില്‍ ബസവ പുന്നയ്യ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തിനെതിരേ ആന്ധ്രയില്‍ നിന്നുള്ള സഖാക്കള്‍ ഒരു ബദല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്രയിലെ പ്രധാനപ്പെട്ട ചില സഖാക്കളെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നു പുറത്താക്കി. നാഗിറെഡ്ഡി, ഡി വി റാവു, ചന്ദ്രപ്പുല്ലയ്യ തുടങ്ങിയവരെ. അവര്‍ ആള്‍ ഇന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു മുന്നോടിയായി ആന്ധ്രയില്‍ അതിന്റെയൊരു ഘടകം രൂപീകരിച്ചു. 
കേരളത്തില്‍ നക്‌സല്‍ബാരി കര്‍ഷക സമര സഹായ സമിതിയാണ് ആദ്യം രൂപീകരിക്കുന്നത്. കുന്നിക്കല്‍ നാരായണന്‍ ആയിരുന്നു സെക്രട്ടറി. നക്‌സല്‍ബാരി സമരകാലത്തുതന്നെയായിരുന്നു ഇത്. പിന്നീടാണ് സിപിഐ എംഎല്‍ രൂപീകരണത്തിനു മുന്നോടിയായ സംസ്ഥാനതല ഏകോപന സമിതി രൂപീകരിച്ചത്. അതിന്റെ ഭാഗമായി കുന്നിക്കല്‍ നാരായണനും ഫിലിപ്പ് എം പ്രസാദും അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. അതാണ് തുടക്കം. രണ്ടാം സമ്മേളനം കഴിഞ്ഞപ്പോള്‍ ദേശീയ തലത്തിലുള്ള ഏകോപന സമിതിയുടെ പേര് ആള്‍ ഇന്ത്യാ കമ്മിറ്റി ഓഫ് കമ്യൂണിസ്റ്റ് റവല്യൂഷണറീസ് എന്നാക്കി. സിപിഎമ്മില്‍ നിന്ന് പല കാരങ്ങളാല്‍ പുറത്തുവന്നവരുടെ ഏകോപനമായിരുന്നു അത്. 

നക്‌സല്‍ബാരി സമരത്തിനു പിന്നാലെ വലിയ പൊലീസ് അടിച്ചമര്‍ത്തല്‍ ഉണ്ടായി. പശ്ചിമ ബംഗാള്‍ ഭരിച്ചിരുന്ന, ജ്യോതിബസു ഉപമുഖ്യമന്ത്രിയും ബംഗ്ലാ കോണ്‍ഗ്രസ് നേതാവ് അജയ് മുഖര്‍ജി മുഖ്യമന്ത്രിയുമായ സര്‍ക്കാരാണ് അടിച്ചമര്‍ത്തിയത്. രണ്ട് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. യഥാര്‍ത്ഥത്തില്‍ പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് സിപിഎമ്മിനു പ്രതീക്ഷയുണ്ടായിരുന്നില്ല. കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷി. സിപിഐയും സിപിഎമ്മും വെവ്വേറെയാണ് മല്‍സരിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രൂപീകരിച്ച ബംഗ്ലാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായാണ് സിപിഐ സഖ്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിനു ശേഷം പതിനെട്ടിന പരിപാടിയുടെ അടിസ്ഥാനത്തില്‍ പുതിയ ഐക്യമുന്നണി രൂപീകരിച്ചു. ആ സര്‍ക്കാരില്‍ സിപിഎം നേതാവ് ഹരേകൃഷ്ണ കോനാര്‍ ആയിരുന്നു റവന്യൂ മന്ത്രി. റവന്യൂമന്ത്രിയായ ഹരേകൃഷ്ണ കോനാര്‍ സിപിഎമ്മിന്റെ കിസാന്‍ സഭയുടെ നേതാവുമായിരുന്നു. 

തെരഞ്ഞെടുപ്പിനു മുമ്പ് 1967 മാര്‍ച്ച് 18ന് ഡാര്‍ജിലിംഗ് ജില്ലയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വലിയ ഒരു കര്‍ഷക സമ്മേളനം നടന്നിരുന്നു. പാട്ടഭൂമി പിടിച്ചെടുക്കാനും കര്‍ഷക സമിതികള്‍ക്ക് അതിന്റെ ചുമതല നല്‍കാനും ജന്മിമാരെയും അവരുടെ കൂട്ടാളികളെയും നേരിടാനുള്ള തീരുമാനമാണ് ആ സമ്മേളനത്തില്‍ ഉണ്ടായത്. എന്നാല്‍ തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചതോടെ സിപിഎമ്മിന്റെ ഭാവം മാറി. എന്നാല്‍ ഭൂമി പിടിച്ചെടുക്കുന്ന സമരത്തില്‍ നിന്ന് പിന്മാറാന്‍ സഖാക്കള്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഡാര്‍ജിലിംഗ് ജില്ലയിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ സമരം പൊട്ടിപ്പുറപ്പെട്ടത്. 1967 നവംബര്‍ 12ന് ഒന്നാം ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു. പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള ആദ്യ ചുവടായിരുന്നു അത്.
 
1948ലെ തേഭാഗ കര്‍ഷ സമരം ഉള്‍പ്പെടെ അതിനു മുമ്പ് നടന്ന കര്‍ഷക സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു നക്‌സല്‍ബാരി. 1962ലും കര്‍ഷക സമരം നടന്നു. 1966 സെപ്റ്റംബറില്‍ തേയിലത്തോട്ടങ്ങളില്‍ 16 ദിവസം നീണ്ട സമരമുണ്ടായി. അവിടെയുണ്ടായിരുന്ന പഞ്ചാബ് സായുധ പൊലീസിന്റെ തോക്ക് പിടിച്ചെടുക്കാന്‍ തൊഴിലാളികള്‍ നടത്തിയ ശ്രമമവും മറ്റും നക്‌സല്‍ബാരി സമരത്തിലേക്ക് എത്താനുള്ള ആവേശം കൂട്ടി. ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു നക്‌സല്‍ബാരി. യുപിയിലെ ലക്കിംബൂര്‍ഗേരി, ബീഹാര്‍, ആന്ധ്ര തുടങ്ങിയ പതിമൂന്ന് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നക്‌സല്‍ബാരി കര്‍ഷക സമരത്തിന്റെ അലയൊലികളുണ്ടായി. അതിനൊപ്പമാണ് ചൈനയുടെ ഔദ്യോഗിക റേഡിയോ ആയ പീക്കിങ് റേഡിയോയുടെ പ്രസ്താവന വന്നത്: ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം.

സ്വാഭാവികമായും പാര്‍ട്ടി രൂപീകരിച്ച് വ്യക്തമായ രാഷ്ട്രീയ ദിശ രൂപീകരിക്കാതെ മുന്നോട്ടു പോകാനികില്ലെന്നു വന്നു. 1969 ഏപ്രില്‍ 19 മുതല്‍ 22 വരെ നടന്ന ആ സമ്മേളനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസായിക്കണ്ട് സിപിഐ എംഎല്‍ രൂപീകരിച്ചു. ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നല്ലോ സിപിഎമ്മിന്റെ രൂപീകരണം. 1969 മെയ് ഒന്നിനാണ് കല്‍ക്കത്തയില്‍ ഔദ്യോഗികമായി കനു സന്യാല്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. ചാരു മജുംദാര്‍ ജനറല്‍ സെക്രട്ടറിയായി ഇരുപതംഗ കേന്ദ്ര കമ്മിറ്റിയും പ്രഖ്യാപിച്ചു. 

ചാരു മജുംദാര്‍


ചാരു മജുംദാര്‍ കേരളത്തില്‍

ആ ഇരുപതിലെ കേരളത്തിന്റെ സാന്നിധ്യത്തേക്കുറിച്ച് ചില സംശയങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ട്. എഐസിസിആര്‍ സമ്മേളനത്തിനു പോയ കുന്നിക്കല്‍ നാരായണനും ഫിലിപ്പ് എം പ്രസാദും അതിന്റെ വിവരങ്ങള്‍ കേരളത്തിലെ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. അക്കാലത്ത് നേതൃനിരയിലുണ്ടായിരുന്ന അമ്പാടി ശങ്കരന്‍കുട്ടിയേക്കുറിച്ച് വര്‍ഗ്ഗീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരു തൊഴിലാളി നേതാവായിരുന്നു അമ്പാടി. പക്ഷേ, വിശ്വസിക്കാന്‍ കൊള്ളാത്തയാളാണ് എന്ന അഭിപ്രായം വര്‍ഗ്ഗീസും മറ്റും പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പല ജില്ലകളിലും ഏകോപന സമിതികള്‍ രൂപപ്പെടുകയും ചെയ്തു. പിന്നീട് ചാരു മജുംദാര്‍ കേരളത്തില്‍ വരികയും സഖാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. തിരുവനന്തപുരത്തും ഒറ്റപ്പാലത്തുമൊക്കെ ചാരു മജുംദാറുടെ നേതൃത്വത്തില്‍ യോഗങ്ങളുണ്ടായി. അതിന്റെ തുടര്‍ച്ചയായി കണ്ണൂര്‍ ജില്ലാ സമിതിയാണ് സംസ്ഥാന ഏകോപന സമിതിയായി ഈ സമിതിയെ മാറ്റിയത്. ആദ്യത്തെ സംസ്ഥാന സമിതിയൊന്നാകെ അറസ്റ്റിലാവുകയും സമിതി തന്നെ ഇല്ലാതാവുകയും ചെയ്തു.
പിന്നീട് ടി എന്‍ ജോയിയുടെയും എം എസ് ജയകുമാറിന്റെയും മറ്റും നേതൃത്വത്തിലാണ് രണ്ടാമത് സംസ്ഥാന സമിതി ഉണ്ടായത്. എറണാകുളം, തൃശൂര്‍ ജില്ലാ സമിതികളാണ് അതിന് മുന്‍കൈയെടുത്തത്. അതിന്റെ ഭാഗമാകാന്‍ എനിക്കും സാധിച്ചിരുന്നു. ആ രണ്ട് കമ്മിറ്റികളെയും ചേര്‍ത്ത് ഇ ഡി റ്റി ഡി എന്നാണ് ഞങ്ങളന്ന് പറഞ്ഞിരുന്നത്. എറണാകുളം ജില്ലാ സമിതി, തൃശൂര്‍ ജില്ലാ സമിതി എന്നതിന്റെ ചുരുക്കപ്പേര്. ആദ്യ സംസ്ഥാന സമിതിയിലുണ്ടായിരുന്ന നിലമ്പൂരില്‍ നിന്നുള്ള സഖാവ് ചാണ്ടിയുടെ മകന്‍ ഫ്രാന്‍സിസുമൊക്കെ ഇതില്‍ പങ്കുവഹിച്ചു. കേരളത്തിന്റെ പല ഭാഗത്തുമായി പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞിരുന്ന പ്രവര്‍ത്തകരുടെ ഏകോപനം കൂടിയായിരുന്നു അത്. പലയിടത്തും പോയി ആളുകളെ കണ്ട് പാര്‍ട്ടിയുടെ ഭാഗമാക്കി. ഇതാണ് പിന്നീട് അടിയന്തരാവസ്ഥയ്ക്ക് മുമ്പുള്ള സംസ്ഥാന സമിതിയായി മാറിയത്. കെ വേണു അന്ന് ഒളിവിലായിരുന്നു.

കെ വേണു തിരുവനന്തപുരത്ത് ജോലിയുടെ ഭാഗമായി പോവുകയും അവിടെവച്ച് പാര്‍ട്ടിയുടെ ഭാഗമായി മാറുകയുമാണ് ചെയ്തത്. ഇങ്കിലാബ് എന്ന പേരില്‍ പ്രസിദ്ധീകരണം തുടങ്ങുകയും പിന്നീട് നഗരൂര്‍-കുമ്മിള്‍ കേസില്‍ ജയിലിലാവുകയും ചെയ്തു. ആ സമയത്താണ് ഇവിടെ ഈ ഏകോപന ശ്രമങ്ങളൊക്കെ നടക്കുന്നത്. മിലിറ്ററി എന്‍ജിനീയറായിരുന്ന കെ എന്‍ രാമചന്ദ്രന്‍ അതുപേക്ഷിച്ച് കേരളത്തിലെത്തിയത് പിന്നീടാണ്. മാസ്‌ലൈന്‍ പബ്ലിക്കേഷന്‍ എന്നൊരു പുസ്തകശാല നടത്തിയിരുന്ന കെ എന്‍ രാമചന്ദ്രനേക്കുറിച്ച് പൂഞ്ഞാറിലെ ഒരു പ്രവര്‍ത്തകനില്‍ നിന്ന് വിവരം ലഭിച്ചിട്ട് ടി എന്‍ ജോയിയും എം എസ് ജയകുമാറുമാണ് ആദ്യം അദ്ദേഹത്തെ കാണാന്‍ പോയത്. പിന്നീട് വേണു ചെന്നാണ് അദ്ദേഹത്തെ ഔപചാരികമായി പാര്‍ട്ടിയില്‍ എടുക്കുന്നത്. 


ജയില്‍ പൊളിക്കണം എന്നു പറഞ്ഞ വേണു

വേണു ഇപ്പോള്‍ എഴുതുകയും പറയുകയും ചെയ്യുന്നത് അബദ്ധം പിടിച്ച, ഇല്ലാത്ത കാര്യങ്ങളാണ്. അയാള്‍ ജയിലില്‍ നിന്ന് കത്തയച്ചിട്ടാണ് പുറത്ത് ഏകോപനം നടന്നതെന്നാണല്ലോ പറയുന്നത്. രണ്ട് കത്ത് അയച്ചു എന്നത് ശരിയാണ്. പക്ഷേ, അത് രണ്ടും അന്നത്തെ ഏകോപന സമിതി നിരാകരിക്കുകയാണ് ചെയ്തത്. ആ കത്തുകളുടെ പേരിലേയല്ല ഇവിടെ പുനസ്സംഘടന നടന്നത്. പിന്നീട് അദ്ദേഹം ലഘുലേഖ പോലെയൊന്ന് അയച്ചിരുന്നു, ശിഥിലീകരണ പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്ന പേരില്‍. വേണു ജയിലില്‍ നിന്ന് പുറത്തുവന്ന് സംസ്ഥാന സെക്രട്ടറിയായി. വേണുവിനു മുമ്പ് ആക്റ്റിംഗ് സെക്രട്ടറിയായിരുന്നത് ടി എന്‍ ജോയിയാണ്. നേതൃത്വം ഏറ്റെടുക്കാന്‍ അന്ന് പലര്‍ക്കും പല തരത്തിലുള്ള വിമുഖതയൊക്കെ ഉണ്ടായിരുന്നു. വേണു സെക്രട്ടറിയായ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് അടിയന്തരാവസ്ഥ വരെയുള്ള പ്രക്ഷോഭങ്ങളൊക്കെ നടത്തിയത്. കക്കയം ക്യാമ്പ് ഉള്‍പ്പെടെ. അതുകഴിഞ്ഞ് നേതാക്കളെല്ലാം അറസ്റ്റിലായല്ലോ. വലിയൊരു പ്രത്യേകതയുണ്ടായത്, മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും തടവിലായിരുന്ന സിപിഐ എംഎല്‍ നേതാക്കളെല്ലാം ആ സമയത്തെ സാമൂഹിക സാഹചര്യങ്ങളെ ഏകദേശം ഒരേപോലെയാണ് വിലയിരുത്തിയത് എന്നതാണ്. പ്രത്യേകിച്ചും ചൈനയില്‍ ഉണ്ടായ മാറ്റങ്ങളെ. ഡെഗ്‌സിയാവോ പിങിന്റെ വരവ്, മൂന്ന് ലോക സിദ്ധാന്തം തുടങ്ങിയ കാര്യങ്ങളിലെ ഈ പൊതുനിലപാട് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ വ്യക്തമായി. ആദ്യം ജയില്‍ മോചിതരായവര്‍ പുതിയൊരു സംസ്ഥാന സമിതിക്കുള്ള ശ്രമമുണ്ടായി. എം എം സോമശേഖരന്‍ ആയിരുന്നു നാലഞ്ചു പേരടങ്ങുന്ന ആ സമിതിയുടെ സെക്രട്ടറി. എ വാസുവും കണ്ണൂരുള്ള കൃഷ്‌ണേട്ടനും മറ്റും അതിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഞാനും. പിന്നീട് കെ എന്‍, മുരളി കണ്ണമ്പിള്ളി തുടങ്ങിയവര്‍ പുറത്തുവന്നു. ഞാന്‍ ആ സമയത്ത് ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തന മേഖല ബോംബെയിലേക്ക് മാറ്റി. 

ചൈനീസ് നിലപാടുകള്‍ അപകടകരമാണെന്നു വാദിക്കുന്ന ഞങ്ങളുടെ നിലപാടിനു സമാനമായ നിലപാടുള്ള ആന്ധ്രയിലെ റാഊഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുമായിച്ചേര്‍ന്ന ദേശീയ തലത്തിലുള്ള പുനസ്സംഘടനാ ശ്രമം തുടങ്ങിയത് അപ്പോഴാണ്. ആര്‍സി (റീ ഓര്‍ഗനൈസിംഗ് കമ്മിറ്റി) രൂപീകരിക്കുകയും ചെയ്തു. 

ആന്ധ്രയിലും ബംഗാളിലുമൊക്കെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ പല ഗ്രൂപ്പുകളും ഉണ്ടായെങ്കിലും കേരളത്തില്‍ അത്തരം ഗ്രൂപ്പിസം ഉണ്ടായിരുന്നില്ല. വേണു ആണ് ആദ്യമായി ഗ്രൂപ്പുണ്ടാക്കിയത്. അജിതയുടെയൊക്കെ ഒരു ശ്രമം കുറച്ചുകാലം ഗ്രൂപ്പിനു വേണ്ടി ഉണ്ടായെങ്കിലും സംസ്ഥാനതലത്തില്‍ അതിനൊരു ഏകേപനം നടന്നിരുന്നില്ല. ഒറ്റപ്പെട്ട ചില വ്യക്തികള്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി അവിടവിടെയൊക്കെ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ഒരൊറ്റ പാര്‍ട്ടി ഘടകം തന്നെയാണുണ്ടായിരുന്നത്. പിന്നീട് ഏകോപന സമിതി വന്നു, മാസ്‌ലൈന്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ആ പാര്‍ട്ടിയാണ് 1982ല്‍ മഹാരാഷ്ട്രയില്‍ വച്ച് സിആര്‍സി സിപിഐ (എംഎല്‍) ആയി മാറിയത്. സിആര്‍സി എന്നാല്‍ കേന്ദ്ര പുനസ്സംഘടനാ സമിതി. കെ വേണുവിനെയാണ് അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് കാര്യമായി പഠിക്കണം എന്നതായിരുന്നു അന്നുണ്ടായ പ്രധാനപ്പെട്ട ഒരു തീരുമാനം. അതിന് ഒരു സമിതിയെ വച്ചു. വികാസവും മുരടിപ്പും എന്ന പേരില്‍ ടി ജി ജേക്കബ് പുസ്തകം എഴുതി.  അതിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ ഒരു അഖിലന്ത്യാ പഠന ക്യാമ്പ് നടത്തി. അതിലാണ് പിന്നീട് പിളര്‍പ്പിലേക്ക് എത്തിച്ച ദേശീയ വാദത്തിന്റെ ( കേരളം കേരളീയര്‍ക്ക് എന്ന തരം വാദം) തുടക്കമിട്ടത്. ഇത് അങ്ങേയറ്റം അപകടംപിടിച്ച നിലപാടാണെന്ന് പിന്നീട് സിപിഐ എംഎല്‍ റെഡ്ഫ്‌ളാഗായി മാറിയവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

പിന്നീട് നടന്ന വിവിധ രൂപത്തിലുള്ള ആശയ വിനിമയത്തിന്റെ ഭാഗമായാണ് വേണുവൊക്കെ പരസ്യമായി ദേശീയ വാദത്തിന്റെ വക്താക്കളായതും കേരളം കേരളീയര്‍ക്ക് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചതും. 1983 മുതല്‍ 88 വരെ വേണുവിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരായ ആശയ സമരം പാര്‍ട്ടിക്കുള്ളില്‍ തുടര്‍ന്നു. അക്കാലത്തുതന്നെയാണ് ആദ്യമായി സിപിഐ എംഎല്‍ ഒരു ജനകീയ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത്. അപ്പോഴും ജയിലിലായിരുന്ന എം എന്‍ രാവുണ്ണിയെയും മറ്റും മോചിപ്പിക്കണം എന്ന് ആവശ്യരപ്പെട്ടുകൊണ്ടായിരുന്നു ആ സമരം. 14 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ തടവ് തുടരുകയായിരുന്നു. ആര്‍ ശങ്കര നാരായണന്‍ തമ്പി, കെവികെ വാര്യര്‍ തുടങ്ങിയ പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെ മുന്നില്‍ നിര്‍ത്തിയായിരുന്നു ആ സമരം. എംഎല്‍എമാരുടെ ഒപ്പുശേഖരണം നടത്തുകയൊക്കെ ചെയ്തു. അന്ന് വേണുവിന്റെ നിലപാട് ജയില്‍ പൊളിച്ച് വിപ്ലവകാരികളെ പുറത്തുകൊണ്ടുവരണം എന്നായിരുന്നു. ഈ സമരവും നിവേദനം കൊടുക്കലുമൊക്കെ വളരെ കുഴപ്പം പിടിച്ച നിലപാടാണ് എന്നും അദ്ദേഹം വാദിച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രസകരമായിത്തോന്നുന്ന കാര്യം. 

പിന്നീട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, ഭൂതത്താന്‍കെട്ടില്‍ ആണവനിലയം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ സമരം എന്നിവയൊക്കെ ഉണ്ടായി. കേരള സംസ്ഥാന കമ്മിറ്റി വര്‍ഗ്ഗേതര നിലപാടുകള്‍ എടുക്കുന്നുവെന്നാണ് ഇതൊക്കെ ചൂണ്ടിക്കാട്ടി വേണു വിമര്‍ശിച്ചത്. ആണവ നിലയത്തിനെതിരായ സമരം വര്‍ഗ്ഗ സമരത്തില്‍ നിന്ന് വ്യത്യസ്തമായ സമരമാണ് എന്ന് വിമര്‍ശിച്ചു. നീണ്ട ആശയ സമരങ്ങള്‍ക്കൊടുവില്‍ വേണു നേതൃത്വം നല്‍കുന്ന അഖിലന്ത്യാ കമ്മിറ്റി കേരള സംസ്ഥാന കമ്മിറ്റിയെ സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് 1987 ആഗസ്റ്റ് 19ന് കോഴിക്കോട്ട് റാലി നടത്തുകയും പിറ്റേ വര്‍ഷം മധ്യപ്രദേശില്‍ സമ്മേളനം ചേര്‍ന്ന് റെഡ്ഫ്‌ളാഗ് രൂപീകരിക്കുകയും ചെയ്തു. പിന്നീട് സിആര്‍സി സിപിഐ എംഎല്‍ വേണു പിരിച്ചുവിട്ടു. അത് അവരുടെയിടയിലെ ചില പ്രശ്‌നങ്ങളേത്തുടര്‍ന്നായിരുന്നു. പാര്‍ട്ടിയില്‍ ഉള്ളപ്പോഴും പാര്‍ട്ടിയെ തകര്‍ക്കുന്ന നിലപാടുകളാണ് വേണു തുടര്‍ച്ചയായി സ്വീകരിച്ചിരുന്നത്. 


എക്‌സ് അല്ലാത്ത നക്‌സലൈറ്റുകള്‍ ഇപ്പോഴുമുണ്ട്

പലരും ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതും പാര്‍ട്ടിയെക്കുറിച്ച് അഭിപ്രായം പറയിക്കുന്നതും 'എക്‌സ്' നക്‌സലൈറ്റുകളെക്കൊണ്ടാണ്. അന്നേ മുതല്‍ ഈ മൂവ്‌മെന്റിന്റെ ഭാഗമായി നില്‍ക്കുന്നവരും തെറ്റുകള്‍ പരിഹരിക്കാന്‍ ശ്രമിച്ച്  പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നവരും ഇവിടെയുണ്ടല്ലോ. പക്ഷേ, വിപ്ലവം മുറ്റത്തെത്തി എന്ന തെറ്റായ വിലയിരുത്തലും നമ്മുടെ രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ വിലയിരുത്തിയതിലെ അബദ്ധവുമാണ് പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തിനു കാരണം. അത് തിരുത്താന്‍ പിളര്‍പ്പിനു മുമ്പേ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇന്ത്യയുടെ വിശാല ഭൂപ്രദേശങ്ങളിലെ ഭൂരിപക്ഷം ജനങ്ങളെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആകര്‍ഷിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണങ്ങളുള്‍പ്പെടെ അന്വേഷിച്ച് മനസിലാക്കാതെ മുന്നോട്ടു പോയിട്ടു കാര്യമില്ല എന്ന തിരിച്ചറിവായിരുന്നു കാരണം. അതിന്റെ ഭാഗമായി രാഷ്ട്രീയ പുനസ്സംഘടന എന്ന പ്രക്രിയ തുടങ്ങുകയും ചെയ്തു.
 
പലരും ഇപ്പോള്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത് നക്‌സലൈറ്റ് പ്രസ്ഥാനം ഉണ്ടാക്കിയ സാമൂഹിക ചലനങ്ങളെയും അതിന്റെ ശരിയായ തുടര്‍ച്ചകളെയുമാണ്. നക്‌സലൈറ്റ് പ്രസ്ഥാനം അവസാനിച്ചു, അതിന്റെ പുതിയ ഭാവുകത്വങ്ങളായി ഡിഎച്ച്ആര്‍എം പോലുള്ള പ്രസ്ഥാനങ്ങളും സ്ത്രീ, പരിസ്ഥിതി സംഘടനകളുമൊക്കെ ഉണ്ടാകുന്നുവെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ആഗോളവല്‍ക്കരണം വരുമ്പോള്‍ത്തന്നെ അതിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ യുവജനവേദിക്കും മറ്റും സാധിച്ചിരുന്നു. ലോകബാങ്ക് സംഘത്തെ കേരളത്തില്‍ തടയലും മറ്റും അതിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ മുത്തങ്ങ വനത്തില്‍ ക്ലിയര്‍ ഫെല്ലിംഗ് നടത്തിയപ്പോള്‍ ആ വന നശീകരണത്തിനെതിരേ ആദ്യം സമരം ചെയ്തത് നക്‌സലൈറ്റ് പ്രസ്ഥാനമാണ്. പിന്നെങ്ങനെയാണ് പരിസ്ഥിതി സമരം പ്രസ്ഥാനത്തിനു ശേഷം വന്നതാകുന്നത്? സൈലന്റ് വാലി പ്രശ്‌നം, ഭൂതത്താന്‍കെട്ട് ആണവ നിലയം തുടങ്ങിയ സമരങ്ങള്‍. പൂയംകുട്ടിയും പ്ലാച്ചിമടയും ഉള്‍പ്പെടെ അത്തരം എല്ലാ സമരങ്ങളിലും നക്‌സലൈറ്റുകളുടെ നേതൃപരമോ അല്ലാത്തതോ ആയ പങ്കുണ്ടായിരുന്നു. ഇപ്പോഴും അതിന്റെ തുടര്‍ച്ചയുണ്ട്. പ്രാദേശിക വിഷയമായി കണക്കാക്കപ്പെട്ടിരുന്ന പ്ലാച്ചിമട പ്രശ്‌നത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത് യുവജനവേദി ഡോ  അച്യുതന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടാണ്. ഞങ്ങളുടെ തുടര്‍ച്ചയാണ്, അല്ലാതെ ഞങ്ങള്‍ നിര്‍ത്തിപ്പോയപ്പോള്‍ പുതിയ ഭാവുകത്വമുണ്ടായതല്ല. യഥാര്‍ത്ഥ തുടര്‍ച്ചയെ അവഗണിച്ച് 'എക്‌സു'കളെ പൊക്കിക്കൊണ്ടു വരുന്നത് ചരിത്രയാഥാര്‍ത്ഥ്യങ്ങളോടു കാണിക്കുന്ന അനീതിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com