കണ്ണൂരിലെ പരസ്യ കശാപ്പ്:  റിജില്‍ മാക്കുറ്റി അടക്കം മൂന്നു പേര്‍ക്കു സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2017 11:21 AM  |  

Last Updated: 29th May 2017 12:55 PM  |   A+A-   |  

rigil

ന്യൂഡല്‍ഹി: കണ്ണൂരില്‍ പരസ്യമായി കന്നുകാലി കശാപ്പു നടത്തിയ സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കം മൂന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. റിജില്‍ മാക്കൂറ്റിയെക്കൂടാതെ ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെയാണ് സംഘടനാ നടപടി.

കന്നുകാലി കശാപ്പു നിയന്ത്രിച്ചുകൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച ഉത്തവിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കാളയെ അറുത്ത് ഇറച്ചി വിതരണം ചെയ്തത്. കേന്ദ്ര ഉത്തരവിന് എതിരായ സമരത്തിന്റെ ഭാഗമായി ബോധപൂര്‍വമാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത് എന്നായിരുന്നു യൂത്ത് നേതാക്കളുടെ പ്രതികരണം. എന്നാല്‍ പരസ്യമായി കാലി കശാപ്പു നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടി ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇതു ചൂണ്ടിക്കാട്ടി വലിയ പ്രചാരണം അഴിച്ചുവിട്ടു. ഇതിനു പിന്നാലെയാണ് സംഭവത്തെ അപലപിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 

കേന്ദ്ര നടപടിക്കെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ ചര്‍ച്ച വഴിതിരിച്ചുവിടാന്‍ യൂത്ത് കോണ്‍ഗ്രസ് നടപടി കാരണമായെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ കെപിസിസിയോട് റിപ്പോര്‍ട്ട് തേടാനും എഐസിസി തീരുമാനിച്ചിട്ടുണ്ട്. 

കശാപ്പു നിരോധനത്തിനെതിരെ നടക്കുന്ന സമരങ്ങളുടെ മാറ്റു കുറയ്ക്കുന്നതാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പ്രതികരിച്ചു. ഈ പശ്ചാത്തലത്തിലാണ് റിജില്‍ മാക്കുറ്റിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും ഹസന്‍ പറഞ്ഞു.