വിവാഹം റദ്ദാക്കിയത് പരിശോധിക്കും; ഹാദിയയ്ക്ക് സ്വന്തനിലയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമെന്ന് സുപ്രിം കോടതി

മതം മാറി വിവാഹം കഴിച്ച കാര്യത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കേസ് തിങ്കളാഴ്ചയിലേക്കു മാറ്റിക്കൊണ്ട് സുപ്രിം കോടതി
വിവാഹം റദ്ദാക്കിയത് പരിശോധിക്കും; ഹാദിയയ്ക്ക് സ്വന്തനിലയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കുമെന്ന് സുപ്രിം കോടതി. പെണ്‍കുട്ടിയുടെ പൂര്‍ണ ചുമതല അച്ഛനു മാത്രമെന്നു പറയാനാവില്ല. 24 വയസുള്ള പെണ്‍കുട്ടിക്ക് സ്വന്തനിലയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതം മാറി വിവാഹം കഴിച്ച കാര്യത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കേസ് തിങ്കളാഴ്ചയിലേക്കു മാറ്റിക്കൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് 16നാണ് ഹാദിയ കേസ് സുപ്രീം കോടതി എന്‍ഐഎയ്ക്കു വിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി കേസ് എന്‍ഐഎയ്ക്കു വിട്ടത്. എന്‍ഐഎ അന്വേഷണത്തിനെതിരെ ഹാദിയയെ വിവാഹം കഴിച്ച ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷഹീന്‍ സുപ്രീം കോടതിയ സമീപിച്ചത്. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷഹിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി ആവശ്യമെങ്കില്‍ ഹാദിയക്ക് കസ്‌റ്റോഡിയന്‍മാരെ നിയോഗിക്കുമെന്ന് അറിയിച്ചു. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സംസ്ഥാന വനിതാ കമ്മിഷന്റെയും മനുഷ്യാവകാശ കമ്മിഷന്റെയും അപേക്ഷ കോടതി അനുവദിച്ചിട്ടുണ്ട്.

കേസ് ദേശീയ ഏജന്‍സിക്കു കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് രേഖകള്‍ കേരള പൊലീസിന്റെ പക്കലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി കേസ് എന്‍ഐഎയ്ക്കു വിട്ടത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു. അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് ആണ് ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയത്. 

ഹാദിയയെയും താനും തമ്മില്‍ നടന്ന വിവാഹം മുസ്ലിം നിയമ പ്രകാരം രക്ഷകര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ആണ് നടന്നത് എന്നാണ് ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. വിവാഹവും ആയി ബന്ധപ്പെട്ട മുസ്ലിം നിയമം കണക്കില്‍ എടുക്കാതെ ആണ് ഹാദിയയും താനും തമ്മില്‍ ഉള്ള വിവാഹം കേരള ഹൈകോടതി റദ്ദാക്കിയത് എന്നും ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com