ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്; വ്യക്തികളേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2017 10:31 AM  |  

Last Updated: 28th October 2017 10:31 AM  |   A+A-   |  

 

ന്യൂഡല്‍ഹി : കെപിസിസി അംഗങ്ങളുടെ പട്ടിക കോണ്‍ഗ്രസിന് വന്‍ തലവേദനയാകുന്നു. പി സി വിഷ്ണുനാഥിന്റെ അംഗത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നിലപാട് ശക്തമാക്കിയതിന് പിന്നാലെ ഹൈക്കമാന്‍ഡും കര്‍ക്കശ തീരുമാനത്തിലേക്ക്. അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. എംപിമാരുടെ പരാതികള്‍ ന്യായമാണ്. വ്യക്തികളേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് സമിതിയ്ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പി സി വിഷ്ണുനാഥിന്റെ കെപിസിസി അംഗത്വത്തില്‍ ഇനി രാഹുല്‍ഗാന്ധി അന്തിമതീരുമാനം എടുക്കും. 

പി സി വിഷ്ണുനാഥിനെ കൊല്ലം ജില്ലയിലെ എഴുകോണ്‍ ബ്ലോക്കില്‍ നിന്നും കെപിസിസി അംഗമാക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നീക്കം. എന്നാല്‍ വിഷ്ണുനാഥിനെ എഴുകോണില്‍ നിന്നും കെപിസിസിയിലേക്ക് കൊണ്ടുവരുന്നതിനെ കൊടിക്കുന്നില്‍ സുരേഷ് എംപി എതിര്‍ക്കുകയാണ്. തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നാണ് കൊടുക്കുന്നിലിന്റെ ആവശ്യം. എന്നാല്‍ പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ പരാതിയുമായി കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ഗാന്ധിയെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നിലപാടെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥ് ഗ്രൂപ്പ് നോമിനിയായിട്ടല്ല പട്ടികയില്‍ ഇടംനേടിയതെന്നും എ ഗ്രൂപ്പ് വാദിക്കുന്നു. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന വി സത്യശീലനായിരുന്നു നേരത്തെ എഴുകോണില്‍ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തിയത്. 

കൊടിക്കുന്നിലിന് പുറമെ, ശശി തരൂര്‍, കെ വി തോമസ്, കെ സി വേണുഗോപാല്‍, എംകെ രാഘവന്‍ തുടങ്ങിയ എംപിമാരും കെപിസിസി പട്ടികയ്‌ക്കെതിരെ രാഹുല്‍ഗാന്ധിയ്ക്കും, ഹൈക്കമാന്‍ഡിനും പരാതി നല്‍കിയത്. കെപിസിസി അംഗങ്ങളെ നിശ്ചയിച്ചത് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പാണെന്നും, മെറിറ്റ് അടിസ്ഥാനത്തിലാണെന്നും, തങ്ങളുടെ അഭിപ്രായം കണക്കിലെടുത്തിട്ടില്ലെന്നുമാണ് എംപിമാരുടെ പരാതി. പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍ എംഎല്‍എയും പരാതി നല്‍കിയിട്ടുണ്ട്. പട്ടികയ്‌ക്കെതിരായ
പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.