എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ സിനിമ കാണുമെന്ന് ദിലീപ്; രാമലീലയുടെ പുതിയ പ്രമോഷന്‍ കാണാം

എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബ പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍, അവരെന്തായാലും തിയേറ്ററില്‍ വരാതിരിക്കില്ലെന്ന് ചിത്രത്തിന്റെ പ്രമോഷനില്‍ ദിലീപ്‌
എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ സിനിമ കാണുമെന്ന് ദിലീപ്; രാമലീലയുടെ പുതിയ പ്രമോഷന്‍ കാണാം

കൊച്ചി: ദിലീപിന്റെ പുതിത ചിത്രമായ രാമലീല ഈ മാസം 28 ന് റിലീസ് ചെയ്യാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല തരംഗ വീഡിയോ പ്രചരിക്കുന്നു. മൂന്ന് മിനിറ്റ് 13 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ നിലപാടും ജയിലില്‍ നിന്ന് അച്ചന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തതും, തെളിവെടുപ്പിനായി അന്വേഷണസംഘം കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞതും പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബ പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍ അവരെന്തായാലും തിയേറ്ററില്‍ വരാതിരിക്കില്ലെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ദിലീപ് ആരാധാകരെ കൂട്ടത്തോടെ തിയേറ്ററില്‍ എത്തിക്കുയെന്നത് തന്നെയാണ് പ്രമോഷന്റെ ഉദ്ദേശം.

ഓണക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയതിനാല്‍ ദിലീപ് ചിത്രം കാണാന്‍ തീയേറ്ററുകളില്‍ ആളുകള്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ജയിലിലായ നടന്റെ ചിത്രം കാണാന്‍ ആരാധകരുടെ കാത്തിരിപ്പുകൂടിയാകുമ്പോള്‍ ചിത്രം വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. സിനിമ കാണുമെന്നും കാണില്ലെന്നും പറഞ്ഞ് പലരുടെയും പ്രതികരണം ചിത്രത്തിന് വലിയ പബ്ലിസിറ്റിയാണ് ഉണ്ടാക്കിയത്. റിലീസിന് മുന്‍പ് ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ കത്തിക്കണമെന്ന ചലചിത്ര അക്കാദമി എക്‌സിക്യുട്ടീവ് അംഗം ജിപി രാമചന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിനെതിരെ സിനിമാരംഗത്ത് നിന്നുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാമലീല തിയേറ്ററില്‍ പോയി കാണുമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും അഭിപ്രായപ്പെട്ടിരുന്നു. രാമലീല എന്ന സിനിമ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കണമെന്ന് പറയാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമുണ്ടെങ്കില്‍ ആ സിനിമ കാണണം എന്നാഗ്രഹിക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും അവകാശമുണ്ടെന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. 

സിനിമയെന്ന് പറയുന്നത് നടന്റെ മാത്രം സിനിമയല്ലെന്നും മറ്റുള്ളവരുടെ അധ്വാനം കാണാതെ പോകുന്നവരുമുണ്ടെന്ന് വാദിച്ചവരുമുണ്ട് കൂട്ടത്തില്‍. 15 കോടി മുടക്കിയ ചിത്രം ദിലീപ് എന്ന വ്യക്തി നടി അക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സിനിമ ബഹിഷ്‌കരിക്കുന്നത് ന്യായികരിക്കാനാവില്ലെന്നായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷനില്‍ ദിലീപിന്റെ പ്രഖ്യാപനങ്ങള്‍ സിനിമ കാണാന്‍ എത്തുന്നവരെ നിരുത്സാഹപ്പെടുത്തുമോ എന്ന ആശങ്കയും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com