റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയത് സുഹൃത്തായ നൃത്താധ്യാപികയുടെ പ്രതികാരം ? ; അന്വേഷണസംഘം ആശയക്കുഴപ്പത്തില്‍

കൊലയ്ക്ക് തലേന്ന് പ്രതികള്‍ തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയത് സുഹൃത്തായ നൃത്താധ്യാപികയുടെ പ്രതികാരം ? ; അന്വേഷണസംഘം ആശയക്കുഴപ്പത്തില്‍

തിരുവനന്തപുരം : റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ രാജേഷ്‌കുമാറിന്റെ കൊലപാതകത്തില്‍ വ്യക്തമായ തെളിവു കിട്ടാതെ അന്വേഷണസംഘം വലയുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലുള്ള നൃത്താധ്യാപകയുടെ പ്രതികാരമാണോ ക്വട്ടേഷന്‍ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ സംശയം. രാജേഷ് പുലര്‍ച്ചെ രണ്ടിന് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും, ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ലഭിച്ച രാജേഷ് അവിടേക്ക് പോകുന്നതിന് തലേദിവസമാണ് കൊലപാതകം നടന്നത് എന്നതുമാണ് പൊലീസിനെ, നൃത്താധ്യാപികയെ സംശയമുനയില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. 

യുവതിയുമായി രാജേഷ് ഫോണില്‍  സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. നാവായിക്കുളം ക്ഷേത്രത്തിലെ നാടന്‍പാട്ട് പരിപാടിക്കുശേഷമാണ് രാജേഷ് സ്റ്റുഡിയോയിലെത്തിയത്. ഇതിന്റെ പിന്നാലെ കൊലയാളി സംഘവുമെത്തുകയായിരുന്നു. കൊലയാളിയെ പിടിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. 

നേരത്തെ നൃത്താധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി നല്‍കിയ ക്വട്ടേഷനായിരുന്നു എന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇയാളുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു ക്വട്ടേഷന്‍ സംഘത്തലവനായ അലിഭായി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ബംഗളൂരി-ഡല്‍ഹി-കാഠ്മണ്ഡു വഴി ഇയാള്‍ ഖത്തറിലേക്ക് കടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇയാളെ ഖത്തറിലെത്തി പിടികൂടാന്‍ പൊലീസ് ഇന്റര്‍ പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. 

കൊലയ്ക്ക് തലേന്ന് അലിഭായി നാട്ടിലെത്തിയതും പിറ്റേന്ന് തിരിച്ചുപോയതും വ്യാജപാസ്‌പോര്‍ട്ടിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഘത്തിലെ രണ്ടാമനായ അപ്പുണ്ണി നേരത്തെ സൗദി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. കായംകുളം സ്വദേശിയായ മൂന്നാമനെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കൊലയ്ക്ക് തലേന്ന് കായംകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നാണ് ആസൂത്രണം നടത്തിയത്. ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വാടകയ്‌ക്കെടുത്ത സ്വിഫ്റ്റ് കാറില്‍ വ്യാജനമ്പര്‍ പതിച്ചാണ് പ്രതികള്‍ കൊല നടത്താനെത്തിയത്. മടങ്ങിപ്പോകുമ്പോള്‍ പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ യഥാര്‍ത്ഥ നമ്പര്‍ പതിച്ചു. പൊലീസിന്റെ സ്പീഡ് കാമറയില്‍ കാറിന്റെ അമിതവേഗത പതിഞ്ഞതാണ് കേസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത്. 

കായംകുളത്ത് എത്തിയ അലിഭായ്, പജീറോ കാറില്‍ കൊച്ചിയിലേക്ക് പോയി. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കും കടന്നു. കാര്‍ കണ്ടെടുത്തത് അറിഞ്ഞതോടെ അപ്പുണ്ണി ചെന്നൈയില്‍ നിന്നും മുങ്ങി. മൊബൈല്‍ ഫോണ്‍ വിളി ഒഴിവാക്കി, വാട്‌സ് ആപ്പിലൂടെയായിരുന്നു സന്ദേശങ്ങല്‍ കൈമാറിയിരുന്നത്. കൊലയ്ക്ക് തലേന്ന് പ്രതികള്‍ തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. 

പാസ് വേര്‍ഡ് ഉപയോഗിച്ച് പൂട്ടിയിരുന്ന രാജേഷിന്റെ മൊബൈല്‍ഫോണ്‍ ഇന്നലെ സൈബര്‍ വിദഗ്ധര്‍ തുറന്നുപരിശോധിച്ചു. ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. അതേസമയം രാജേഷിന്റെ സുഹൃത്തായ ഖത്തറിലെ നൃത്താധ്യാപികയോടോ, ഭര്‍ത്താവിനോടോ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണസംഘം സൂചിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com