രണ്ടാം പ്രണയം കുരുക്കായി ; ഭര്‍ത്താവിന്റെ പണം കാമുകന് നല്‍കിയതും ക്വട്ടേഷനിലേക്ക് നയിച്ചു

സാലിഹിനെ പിടികൂടാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി
രണ്ടാം പ്രണയം കുരുക്കായി ; ഭര്‍ത്താവിന്റെ പണം കാമുകന് നല്‍കിയതും ക്വട്ടേഷനിലേക്ക് നയിച്ചു

തിരുവനന്തപുരം : റേഡിയോ ജോക്കി മടവൂര്‍ രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്റെ പണം ബിസിനസിനായി കാമുകന് നല്‍കിയതെന്ന് നിഗമനം. തന്റെ പണം ഉപയോഗിച്ച് രാജേഷിന് സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും നൃത്താധ്യാപിക സാമ്പത്തിക സഹായം നല്‍കിയതാണ് ഭര്‍ത്താവ് സത്താറിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് നിഗമനം. 

ഖത്തറില്‍ ഡാന്‍സ് സ്‌കൂളുകളുകള്‍ നടത്തിയിരുന്ന നൃത്താധ്യാപിക ഇതിനിടെ ചെന്നൈയിലേക്ക് പോകാനും ശ്രമിച്ചു. സത്താറിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്നാണ് രാജേഷ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. സത്താറിന്റെ കുടുംബ ജീവിതം തകര്‍ത്ത രാജേഷിനോട്, ക്വട്ടേഷന് നേതൃത്വം നല്‍കിയ അലിഭായ് എന്ന സാലിഹിനും മറ്റ് സുഹൃത്തുക്കള്‍ക്കും ദേഷ്യമുണ്ടായിരുന്നു. സുഹൃത്ത് വഴി നൃത്താധ്യാപിക രാജേഷിന് ചെന്നൈയില്‍ ജോലി ശരിപ്പെടുത്തി എന്ന് മനസ്സിലാക്കിയതോടെയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും അന്വേഷണസംഘം സൂചിപ്പിച്ചു. 

നൃത്താധ്യാപികയുടെ ഭര്‍ത്താവായ സത്താറും, ക്വട്ടേഷന് നേതൃത്വം നല്‍കിയ അലിഭായി എന്ന സാലിഹും ഓച്ചിറയിലെ നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ്. നാട്ടില്‍ ഡ്രൈവറായിരുന്ന സത്താര്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് ഗള്‍ഫിലെത്തിയത്. സ്‌കൂളില്‍ ഡ്രൈവറായി ജോലി നോക്കുന്നതിനിടെയാണ് അവിടെ നൃത്താധ്യാപകയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്. 

ക്രിസ്ത്യന്‍ സമുദായക്കാരിയായ യുവതിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയായിരുന്നു വിവാഹം. ഗള്‍ഫില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയും നൃത്തപരിപാടികല്‍ അവതരിപ്പിച്ചും ഇവര്‍ പണം സമ്പാദിച്ചു. വരുമാനമായതോടെ ആഡംഭര ജീവിതത്തിലേക്ക് മാറിയ ഇവര്‍, നാട്ടില്‍ പലയിടത്തും വീടുകളും വസ്തുക്കെളും വാങ്ങിക്കൂട്ടി. 

ഗള്‍ഫില്‍ ജിംനേഷ്യം ഉള്‍പ്പെടെ ബിസിനസുമായി സത്താറും സാമ്പത്തികമായി പച്ചപിടിച്ചു. രണ്ട് പെണ്‍മക്കളോടൊപ്പം സന്തോഷകരമായി കഴിയുന്നതിനിടെയാണ്, രാജേഷുമായി നൃത്താധ്യാപിക പരിചയത്തിലാകുന്നത്. എന്നാല്‍ സൗഹൃദം അതിരുവിട്ടതോടെ അത് കുടുംബ തകര്‍ച്ചയിലേക്ക് വഴിവെച്ചു. സത്താര്‍ വിലക്കിയെങ്കിലും സൗഹൃദം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേചൊല്ലി നിരന്തരം വഴക്കായതോടെ, സത്താറും യുവതിയും വേര്‍പിരിഞ്ഞു. 

യുവതിയുടെ സഹായത്തോടെ ചെന്നൈയില്‍ ജോലി തരപ്പെടുത്തിയ രാജേഷിനെ, അയാള്‍ ചെന്നൈയിലേക്ക് പോകുന്നതിന് തലേന്ന് കൊലപ്പെടുത്താന്‍ സത്താര്‍ തീരുമാനിക്കുകയായിരുന്നു. അതിനായി സത്താറിന്റെ ജിംനേഷ്യത്തിലെ ജീവനക്കാരനും സുഹൃത്തുമായ അലിഭായി എന്ന സാലിഹിനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സൂചന. കൊലയ്ക്ക് തലേന്ന് കായംകുളത്ത് സുഹൃത്തിന്റെ വീട്ടിലിരുന്നാണ് സംഘം പദ്ധതി ആസൂത്രണം ചെയ്തത്. 

കൊലയ്ക്ക് ശേഷം സാലിഹ് ഖത്തറിലേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. രണ്ടാം പ്രതി അപ്പുണ്ണി, ചെന്നൈയിലെ സഹോദരിയുടെ വീട്ടിലെത്തിയിരുന്നെങ്കിലും, പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് അവിടെ നിന്നും മുങ്ങി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സാലിഹിനെ പിടികൂടാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com