ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റേഞ്ച് ഐജിയോട് അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം 

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണം എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കും.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റേഞ്ച് ഐജിയോട് അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം 

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണം എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കും. നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ ഇടപെടല്‍.

അതേസമയം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തുവന്നു. കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡി മരണത്തിന് കാരണക്കാരായ വാരാപ്പുഴ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ക്രൂരമര്‍ദനമാണ് ഏറ്റുവാങ്ങിയത്. ശരീരത്തിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരണം നല്‍കിയിരുന്നു.

മര്‍ദനമേറ്റ ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീജിത്തിന് വയറ്റിലും നെഞ്ചിലുമായി ഗുരുതര മര്‍ദ്ദനമേറ്റതായി മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് പറയുന്നു. ബന്ധുക്കളുടെ മൊഴിയില്‍ നിന്നുമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്ന സമയം വീട്ടില്‍ നിന്നും വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. വീട്ടില്‍ നിന്നും അതിക്രൂരമായി മര്‍ദിച്ചാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും സഹോദരന്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം പൊലീസ് തള്ളിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com