

കൊച്ചി: ജമ്മു കശ്മീരിലെ കത്തുവയിലെ എട്ടുവയസ്സുകാരി ആസിഫ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. ആസിഫയുടെ അരുകൊലയിലെ നടുക്കമാണ് സോഷ്യല്‍ മീഡിയയില്‍ ഓരോ വ്യക്തികളും പങ്കുവയ്ക്കുന്നത്. അമ്പലത്തിനകത്ത് അശുദ്ധമാകുന്നതൊന്നും ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തിയപ്പോള്‍ അശുദ്ധമായില്ലേയെന്ന് ചോദിച്ചിരിക്കുകയാണ് ഇന്‍ഫോ ക്ലിനിക് അംഗമായ ഡോ. ഷിംന അസീസ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഡോ. ഷിംന അസീസ് പ്രതികരിച്ചിരിക്കുന്നത്.
ദിവസങ്ങളോളം പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാന്‍ മാത്രം എട്ടു വയസ്സുകാരി ചെയ്ത തെറ്റ് എന്താണ്? കശ്മീരി ആയതോ, മുസ്ലീംമായതോ ഷിംന അസീസ് ചോദിക്കുന്നു. മകളൊന്ന് ഇവിടെയുമുണ്ട്, പേടിയാകുന്നുവെന്ന ഭയപ്പാടും ഷിംന അസീസ് തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ;
ദിവസങ്ങളോളം പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാന്‍ മാത്രം എട്ടു വയസ്സുകാരി ചെയ്ത തെറ്റ് എന്താണ്? കശ്മീരി ആയതോ, മുസ്‌ലിമായതോ?
അമ്പലത്തിനകത്ത് അശുദ്ധമാകുന്നതൊന്നും ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തിയപ്പോള്‍ അശുദ്ധമായില്ലേ? കല്ലെടുത്ത് തലക്കടിച്ച് അവളുടെ അവസാനശ്വാസം വിട്ടുപിരിയുന്നതിന് തൊട്ട് മുന്‍പും ഉദ്ധാരണം നില നിന്നവനുണ്ടല്ലോ, 'ഒന്നൂടി വേണം' എന്ന് പറഞ്ഞ് അവളുടെ പിഞ്ചുമേനി വീണ്ടും തിന്നവന്‍. അറിയാതെ പോലും ആ നരഭോജി ആര്‍ക്കും ജന്മം കൊടുക്കാതിരിക്കട്ടെ... അവനൊക്കെ ഈ തലമുറ കൊണ്ടൊടുങ്ങണം...!!
ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയേക്കാളും ഭയാനകമായ ഒന്നുണ്ട്, അതിനവരെ പ്രേരിപ്പിച്ച അടിച്ചമര്‍ത്തലിന്റെയും വംശഹത്യയുടെയും പ്രത്യയശാസ്ത്രം. അതിവിടെ പത്തിവിടര്‍ത്തി വിഷം ചീറ്റി മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഇന്നെന്നെ നാളെ അവനെയെന്നും പറഞ്ഞ്, അനുദിനം വേരുകളുടെ ബലവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ച്...ഒന്നു വെട്ടിയാല്‍ വെട്ടു കൊള്ളുന്നിടം ആയിരം കൈ മുളയ്ക്കുന്ന ഭീകരസത്വമായ്...അന്യന്റെ വിധേയത്വം തിന്ന് വിസര്‍ജിക്കുന്നതില്‍ മൂര്‍ച്ഛ കണ്ടെത്തുന്നവര്‍...
മകളൊന്ന് ഇവിടെയുമുണ്ട്. പേടിയാകുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates