കെഎസ്ആര്‍ടിസിയെ 'മിന്നല്‍പിണറായി' ലാഭത്തിലേക്ക് കുതിപ്പിക്കുമെന്ന് ഉറപ്പ് ; തബല വായിച്ച് തച്ചങ്കരിയുടെ സ്ഥാനാരോഹണം

കെഎസ്ആർടിസിയെ അപഹാസ്യതയിൽ നിന്ന്​ അഭിനന്ദനത്തി​ന്റെ വഴികളിലേക്ക്​ നടത്തിക്കും
കെഎസ്ആര്‍ടിസിയെ 'മിന്നല്‍പിണറായി' ലാഭത്തിലേക്ക് കുതിപ്പിക്കുമെന്ന് ഉറപ്പ് ; തബല വായിച്ച് തച്ചങ്കരിയുടെ സ്ഥാനാരോഹണം

തിരുവനന്തപുരം :  ജീവനക്കാര്‍ക്കു മുന്നില്‍ തബല കൊട്ടി, കെഎസ്ആര്‍ടിസി എംഡിയായി ടോമിന്‍ തച്ചങ്കരി ചുമതലയേറ്റു. ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി പൊതുചടങ്ങ്​ സംഘടിപ്പിച്ച്​ തബല വായിച്ചായിരുന്നു  കെഎസ്ആർടിസിയുടെ ചരിത്രത്തിലെ വേറിട്ട സ്ഥാനമേൽക്കൽ. തബല വായിക്കാൻ പഠിപ്പിച്ച മുൻ കെഎസ്ആർടിസി ജീവനക്കാരനായ ജനാർദനന്റെ സാന്നിധ്യത്തിലായിരുന്നു തച്ചങ്കരിയുടെ തബല വായന. 

ജീവിതത്തിലൊരിക്കലും കെഎസ്ആർടിസി ബസിൽ കയറിയിട്ടില്ലാത്ത തന്നെ, ഈ കോർപ്പറേഷനുമായി ബന്ധിപ്പിച്ചത് ജനാർദനൻ സാറാണ്. കെഎസ്ആർടിസിയെ നയിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തെ ആദരിച്ച് തുടങ്ങുന്നു എന്ന് മാത്രം. കെഎസ്ആർടിസിക്ക് ​ഗുരുത്വവും താളബോധവും നഷ്ടമാകുന്നു എന്ന് ഓർമ്മിപ്പിക്കാനാണ് തബലയുമായെത്തിയത്. ഇതുരണ്ടും ഉണ്ടെങ്കിൽ സ്ഥാപനം നഷ്ടത്തിൽ നിന്ന് കരകയറുമെന്ന് തച്ചങ്കരി പറഞ്ഞു. 

കെഎസ്ആർടിസിയെ അപഹാസ്യതയിൽ നിന്ന്​ അഭിനന്ദനത്തി​ന്റെ വഴികളിലേക്ക്​ നടത്തിക്കും. കോർപ്പറേഷനെ മിന്നൽ പിണറായി ലാഭത്തിലേക്ക് കുതിപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. കെഎസ്ആർടിസിയുടെ ഗുണവും നന്മയും മാത്രമാണ്​ തന്റെ ലക്ഷ്യം. നിലവിൽ  കെഎസ്ആർടിസി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്​. ഇൗ അസുഖത്തിന്​ വലിയ ശസ്​ത്രക്രിയതന്നെ വേണ്ടിവരും. ഇതിൽ​ ജീവനക്കാർക്ക്​  ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം.

ജീവനക്കാർ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലുമൊക്കെ ചില വിട്ടുവീഴ്​ച ചെയ്യേണ്ടിവരും. എന്നാൽ,  കൃത്യസമയത്ത്​ ശമ്പളവും പെൻഷനും നൽകുന്ന ഉത്തരവാദിത്തം താൻ ഏറ്റെടുക്കും. അല്ലെങ്കിൽ ജീവനക്കാരോ യൂനിയനോ സ്ഥാപനത്തെ ഏറ്റെടുത്ത്​​ ശമ്പളവും പെൻഷനും കൃത്യമായി നൽകാമെന്ന്​ ഉറപ്പു നൽകിയാൽ അവർ പറയുന്നിടത്ത്​ ഒപ്പിടാൻ തയാറാണ്​. യൂണിയനുകൾ​ നിയമവിരുദ്ധ കാര്യങ്ങൾ  ആവശ്യപ്പെടാൻ പാടില്ല. 

ജോലി സമയത്ത്​ താൻ കർക്കശക്കാരനായ എം.ഡിയായിരിക്കും. അല്ലാത്തപ്പോൾ നിങ്ങളുടെ സുഹൃത്തും. സ്ഥാപനമാണ്​ ഒന്നാമത്​. തന്റെ പരിഗണനയിൽ പിന്നെയേ​ ​ തൊഴിലാളിയുള്ളൂ.  മൂന്നാമത്​ പെൻഷൻകാരും. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ചിവ വജ്രായുധങ്ങൾ തന്റെ കൈവശമുണ്ട്. അത് പ്രയോ​ഗിക്കുമ്പോൾ ചില ജീവനക്കാർ പിണങ്ങരുതെന്ന് തച്ചങ്കരി പറഞ്ഞു. പ്രസം​ഗത്തിനൊടുവിൽ ജീവനക്കാ​​​രെക്കൊണ്ട്​ ‘ജയ്​ കെഎസ്​ആർടിസി’ എന്ന മുദ്രാവാക്യം വിളിപ്പിച്ച ശേഷമാണ്​ അദ്ദേഹം സംസാരമവസാനിപ്പിച്ചത്​. ഡിജിപി എ ഹേമചന്ദ്രനിൽ നിന്നാണ് ടോമിൻ തച്ചങ്കരി കെഎസ്ആർടിസി ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായി ചുമതലയേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com