വരാപ്പുഴ കസ്റ്റഡിമരണം: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍ 

കുറ്റാരോപിതരായ പൊലീസുകാരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി
വരാപ്പുഴ കസ്റ്റഡിമരണം: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍ 

എറണാകുളം: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. കുറ്റാരോപിതരായ പൊലീസുകാരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. എസ്പിയുടെ സ്‌പെഷ്യല്‍ സ്്ക്വാഡിലുളള പൊലീസുകാരാണ് ഇവര്‍. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസുകാരെ അറസ്റ്റ് ചെയ്യുന്നതിന് നിയമോപദേശത്തിന്റെ ആവശ്യമില്ലെന്ന് ഡിജിപി വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. 

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അയല്‍ക്കാരും ബന്ധുക്കളും അടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതിനിടെ, മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെഎസ്.ഐയും സി.ഐയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തശേഷം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മറ്റ് പോലീസ് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരെയും അറസ്റ്റുചെയ്യണമെന്നും അതിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ചകേസില്‍ ശ്രീജിത്ത് ഉള്‍പ്പടെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാതിരുന്ന പറവൂര്‍ മജിസ്‌ട്രേട്ടിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസില്‍ അറസ്റ്റിലായ ശ്രീജിത്തടക്കം 9 പ്രതികളെ ഈ മാസം 7നാണ് പറവൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ പൊലീസ് ഹാരജാക്കിയത്. എന്നാല്‍ അന്നേദിവസം പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മജിസ്‌ട്രേട്ട് തയ്യാറായില്ലെന്നും ഇവരെ മടക്കിയയച്ചെന്നുമാണ് എസ്‌ഐയുടെ പരാതി.

ഈ പരാതി പിന്നീട് റൂറല്‍എസ്പിയ്ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ പൊലീസുകാരുടെ കൂടി മൊഴി രേഖപ്പെടുത്തി എസ്പി പരാതി ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറി. എട്ടാംതീയതിയാണ് ശ്രീജിത്ത് കസ്റ്റഡിമര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.എസ്പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റജിസ്ട്രാര്‍ മജിസ്‌ട്രേട്ടിനോട് വിശദീകരണം തേടിയിട്ടുള്ളത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com