ടോമിന്‍ തച്ചങ്കരിക്കെതിരെ കലാപക്കൊടിയുമായി സിഐടിയു ; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നീക്കം

എം.ഡി യുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ മിക്കതും തൊഴിലാളിവിരുദ്ധമാണെന്ന് എംപ്‌ളോയീസ് അസോസിയേഷന്‍ 
ടോമിന്‍ തച്ചങ്കരിക്കെതിരെ കലാപക്കൊടിയുമായി സിഐടിയു ; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നീക്കം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ് ഒരുമാസത്തിനകം ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ കലാപക്കൊടിയുമായി സിഐടിയു. വിവിധ ഡിപ്പോ സന്ദര്‍ശനങ്ങള്‍ക്കിടെ എം.ഡി യുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ മിക്കതും തൊഴിലാളിവിരുദ്ധമാണെന്നാണ് സിഐടിയു നിയന്ത്രണത്തിലുള്ള എംപ്‌ളോയീസ് അസോസിയേഷന്‍ നേതൃത്വത്തിന്റെ നിലപാട്. തൊഴിലാളികള്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരാണെന്ന പ്രസ്താവന എംഡി പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു. 

എംഡിക്കെതിരെ മേയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കാനാണ് യൂണിയന്റെ തീരുമാനം. കോര്‍പ്പറേഷന്റെ പ്രതിദിന വരുമാനം 6.5 കോടി രൂപയാണ്. തൊഴിലാളികള്‍ ഒറ്റമനസ്സോടെ ജോലി ചെയ്ത് ഉണ്ടാക്കുന്നതാണിത്. ജോലി ചെയ്താലും ഇല്ലെങ്കിലും തനിക്ക് ശമ്പളം കിട്ടുമെന്നും നിങ്ങളാണ് ജോലി പോകാതെ നോക്കേണ്ടതെന്നുമുള്ള എംഡിയുടെ പരാമര്‍ശം അല്പത്തരമാണെന്നും നേതാക്കള്‍ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയാണ് ഇടതു സര്‍ക്കാരിന്റെ നയം. സമരം ചെയ്താല്‍ കെഎസ്ആര്‍ടിസി പൂട്ടിക്കളയുമെന്ന വിരട്ടല്‍ വേണ്ട. തൊഴിലാളികളെ ആകെ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തുന്ന സമീപനം എംഡി മാറ്റണം. അപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന ജീവനക്കാര്‍ കെഎസ്ആര്‍ടിസിക്ക് ബാദ്ധ്യതയാണെന്ന തരത്തില്‍ തച്ചങ്കരി നടത്തിയ പരാമര്‍ശം ന്യായീകരിക്കാനാവില്ലെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. 

അദര്‍ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതു കാരണം ഇപ്പോള്‍ മിക്ക ഡിപ്പോകളിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. കെഎസ്ആര്‍ടിസിയെ കുത്തുപാളയെടുപ്പിക്കുന്ന ഭരണമാകരുത് എംഡിയുടേതെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ഡിപ്പോകളിലെ സന്ദര്‍ശനത്തിനിടെയാണ് ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. 

കെഎസ്ആര്‍ടിസി ജീവനക്കാരെ അവഹേളിക്കുന്ന എംഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും ആരോപിച്ചു. ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി പണിയെടുക്കുന്നവരാണ് തൊഴിലാളികള്‍. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിക്കാതെയും കാര്യങ്ങള്‍ മനസ്സിലാക്കാതെയുമാണ് തച്ചങ്കരി ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com