പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ  ഗസല്‍ ചക്രവര്‍ത്തി

അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ  ഗസല്‍ ചക്രവര്‍ത്തി

ആലുവ:  പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി( പി എ ഇബ്രാഹിം) അന്തരിച്ചു.  68 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ സാന്ത്വന ചികിത്സാ കേന്ദ്രത്തില്‍ വച്ച് വൈകുന്നേരം 4.40 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സാന്ത്വന ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്.

 ഗസല്‍ സംഗീതത്തെ മലയാളത്തില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 1988ലാണ് അദ്ദേഹം ആദ്യ സംഗീത ആല്‍ബം  പുറത്തിറക്കിയത്. ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
 

തനതായ ആലാപന ശൈലികൊണ്ട് പഴയ ചലച്ചിത്ര ഗാനങ്ങളെ പുനരാവിഷ്‌കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രശംസനീയമായിരുന്നു. പാടുക സൈഗാള്‍,ഒരിക്കല്‍ നീ പറഞ്ഞൂ.. തുടങ്ങിയവയാണ്അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് അദ്ദേഹം സംഗീതവും നല്‍കിയിട്ടുണ്ട്.

മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ഉമ്പായി എന്ന ഗസല്‍ ഗായകന്റെ പിറവിക്ക് കാരണമായത് എന്ന് അദ്ദേഹം  ഓരോ വേദിയിലും ആവര്‍ത്തിച്ചു. സൈഗാളിനും മുഹമ്മദ് റഫിക്കും പിന്നാലെ ഗസല്‍ ആസ്വാദകന്റെ മനസിലേക്കാണ് 'ഒരിക്കല്‍ നീ പറഞ്ഞു'  എന്ന ഗാനവുമായി അദ്ദേഹം കയറിയിരുന്നത്. ഗസലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ആസ്വാദകനെ വാക്കുകളിലൂടെ കയ്യിലെടുക്കാന്‍ ഉമ്പായിയോളം കഴിഞ്ഞ മറ്റാരും ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് ആസ്വാദകര്‍ പറയുന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com