അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘമെന്ന് കോടിയേരി

ഈ വിധ്വംസക ശക്തികളെ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും സമൂഹമൊന്നാകെ മുന്നോട്ടുവരണം. നാടാകെ പ്രതിഷേധം ഉയര്‍ന്നുവരണം
അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘമെന്ന് കോടിയേരി

കാസര്‍കോട:  ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് - ബിജെപി ക്രിമിനല്‍ സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലക്കത്തികൊണ്ട് പുരോഗമന ചിന്തകളെ കൊന്നുതീര്‍ക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടുപോകുന്ന വര്‍ഗീയശക്തികളെ തിരിച്ചറിയാന്‍ കേരളസമൂഹത്തിന് സാധിക്കണമെന്നും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കാസര്‍ഗോഡ്, ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ആര്‍ എസ് എസ്  ബി ജെ പി ക്രിമിനല്‍സംഘം ഒരു യുവാവിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് വീട്ടിലേക്ക് പോകുമ്പോഴാണ് കാസര്‍ഗോട്ടെ ബി ജെ പി നേതാവായ വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

മഹാരാജാസ് കോളേജില്‍ വെച്ച് ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കള്‍ അഭിമന്യു എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നതിന് പിന്നാലെ ഇതാ ഭൂരിപക്ഷ വര്‍ഗീയവാദികള്‍ സിദ്ദിഖ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നിരിക്കുന്നു. വര്‍ഗീയ ശക്തികളുടെയെല്ലാം മുഖ്യശത്രു, മതനിരപേക്ഷതയുടെ വക്താക്കളായ സിപിഐ എം നേതൃത്വത്തിലുള്ള പുരോഗമനപക്ഷമായതുകൊണ്ടാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

കൊലക്കത്തികൊണ്ട് പുരോഗമന ചിന്തകളെ കൊന്നുതീര്‍ക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടുപോകുന്ന വര്‍ഗീയശക്തികളെ തിരിച്ചറിയാന്‍ കേരളസമൂഹത്തിന് സാധിക്കണം. ജനാധിപത്യത്തെയും മത നിരപേക്ഷതയെയും നാടിന്റെ സമാധാനത്തെയും സ്വാതന്ത്ര്യത്തെയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പുരോഗമന പക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഗീയശക്തികള്‍ക്ക് ആവുകയില്ല.

ഈ വിധ്വംസക ശക്തികളെ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും സമൂഹമൊന്നാകെ മുന്നോട്ടുവരണം. നാടാകെ പ്രതിഷേധം ഉയര്‍ന്നുവരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com