

ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തില്‍ വിലയിരുത്തലുകള്‍ നടക്കുകയാണെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവുമായുള്ള അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍.
യുഇഎ കേരളത്തിന് എഴുന്നൂറു കോടിയോളം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എമിറേറ്റ്‌സ് ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ വ്യവസായിയും മലയാളിയുമായ എംഎ യൂസഫലിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. യുഎഇയുടെ ധനസഹായത്തിന് വലിയ സ്വീകാര്യതയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് പുറത്തുവന്നതോടെ ഇതു വലിയ വിവാദമായി. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തുവരികയും ചെയ്തു.
യുഎഇ 700 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നാണോ വ്യക്തമാക്കുന്നതെന്ന ചോദ്യത്തിന്, അത് പ്രഖ്യാപിച്ചിട്ടില്ലെന്നും അന്തിമം അല്ലെന്നുമാണ് സ്ഥാനപതി മറുപടി നല്‍കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ദൂം നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. കേരളത്തെ സഹായിക്കുന്നതിനുള്ള പണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ദുരിതാശ്വാസ സഹായ ചട്ടങ്ങളെക്കുറിച്ചു ബോധ്യമുള്ളതിനാല്‍ ഇവിടത്തെ അധികൃതരുമായി കമ്മിറ്റി ആശയവിനിയമം നടത്തിക്കൊണ്ടിരിക്കുകയാണ്. സഹായം എത്തിക്കുന്നതിന് യുഇഎയിലെ റെഡ് ക്രെസന്റുമായും കേരളത്തിലെ സംഘടനകളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates