അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല ; കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമില്ല ; ബന്ധു നിയമനത്തില്‍ കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2018 10:25 AM  |  

Last Updated: 04th December 2018 10:35 AM  |   A+A-   |  

 

തിരുവനന്തപുരം : ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവിനെ നിയമിച്ചതില്‍ ചട്ടലംഘനം നടന്നിട്ടില്ല. നിയമനം കാരണം കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമായിട്ടില്ല. വിവാദം ഉണ്ടായപ്പോള്‍ തന്നെ അദീബ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോയി. പ്രതിപക്ഷം ഉന്നയിച്ചത് അടിയന്ത പ്രാധാന്യമില്ലാത്ത വിഷയമാണന്നും പ്രതിപക്ഷ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

ആദ്യം അഭിമുഖത്തിന് വന്നവര്‍ക്ക് വേണ്ടത്ര യോഗ്യതയുണ്ടായില്ല. മൂന്ന് പേര്‍ അഭിമുഖത്തിന് വന്നിരുന്നു. അദീബ് അഭിമുഖത്തിന് വന്നില്ല. മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലാത്തതിനെ തുടര്‍ന്ന് അപേക്ഷ തന്ന അദീബ് അഭിമുഖത്തിന് വന്നില്ലെങ്കിലും, ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഈ തസ്തികയില്‍ നിയമനം നടത്താറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസിലെ കെ മുരളീധരനാണ് മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിഷയം അവതരിപ്പിച്ച മുരളീധരന്‍ ആരോപിച്ചു. യോഗ്യത എംബിഎ വേണം എന്നത് മന്ത്രി ബിടെക് ആക്കി കുറച്ചു. നിയമനത്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തണമെങ്കില്‍ ക്യാബിനറ്റ് പരിഗണിക്കണമെന്ന് വകുപ്പ് സെക്രട്ടറി നോട്ട് എഴുതിയിരുന്നു. 

എന്നാല്‍ മന്ത്രി ഇടപെട്ടതിനാല്‍ വിഷയം ക്യാബിനറ്റില്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്തില്ല. മന്ത്രി ഉത്തരവിട്ടതിനാല്‍ ഉത്തരവ് ഇറക്കുകയാണെന്ന് സെക്രട്ടറി കുറിപ്പ് എഴുതിയിരുന്നു. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയും കൂട്ടുപ്രതിയാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. അഴിമതിയുടെ ചെളിക്കുണ്ടില്‍ സര്‍ക്കാര്‍ പൂണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.