പറന്നുയർന്ന് കണ്ണൂർ ; ആദ്യ സർവീസ് അബുദാബിയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനത്തിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്
പറന്നുയർന്ന് കണ്ണൂർ ; ആദ്യ സർവീസ് അബുദാബിയിലേക്ക്

കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയർന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനത്തിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്. 

മന്ത്രിമാരായ ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെകെ ശൈലജ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 185 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ യാത്രക്കാരായുള്ളത്. വിവേക് കുൽക്കർണിയാണ് ഈ വിമാനത്തിന്റെ പൈലറ്റ്.  മിഹിർ മഞ്ജരേക്കറാണ് സഹ പൈലറ്റ്. സംസ്ഥാനത്ത് നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി മാറി കണ്ണൂർ എയർപോർട്ട്.

രാവിലെ 9.30 ന് വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.  ഇതിന് ശേഷമായിരുന്നു ഇരുവരും ചേർന്ന് ആദ്യ സർവീസിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്. വിമാനത്താവളത്തിന് അനുമതി നൽകിയ മുൻ കേന്ദ്രവ്യോമയാനമന്ത്രി സി എം ഇബ്രാഹിമും ചടങ്ങിൽ പങ്കെടുത്തിരുന്നു. 

ഭൂമി വിട്ടു നല്‍കിയവര്‍ മുതല്‍ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്‌നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിരുന്നു. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറിനെ പ്രത്യേകം ക്ഷണിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് എത്താനായി പ്രത്യേക ബസ് സര്‍വ്വീസും കിയാല്‍ ഏർപ്പെടുത്തിയിരുന്നു.

അതേസമയം ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു. വിമാനത്താവളം തറക്കല്ലിടല്‍ മുതല്‍ ഭൂമിയേറ്റെടുത്ത് അന്തിമഘട്ട നിര്‍മ്മാണം വരെയെത്തിച്ച രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദനാണ് വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 

ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com