ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ; പമ്പയില്‍ നിയന്ത്രണം ; ഗതാഗതക്കുരുക്ക് രൂക്ഷമായി

തിരക്ക് കൂടിയതോടെ പൊലീസ് പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ; പമ്പയില്‍ നിയന്ത്രണം ; ഗതാഗതക്കുരുക്ക് രൂക്ഷമായി


സന്നിധാനം : മണ്ഡല പൂജയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്. തിരക്ക് കൂടിയതോടെ പൊലീസ് പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്. മണ്ഡല പൂജ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഉള്ളതെന്നതും സ്‌കൂള്‍ അവധിയായതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. 

അയ്യപ്പഭക്തരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായതോടെ, എരുമേലി-നിലയ്ക്കല്‍ പാതയില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുകയാണ്. തിരക്ക് മൂലം മണിക്കൂറുകളാണ് എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. അഞ്ച് മണിക്കൂറിലേറെയാണ് ഭക്തര്‍ കുടുങ്ങി കിടക്കുന്നത്. ഇന്നലെ രാത്രി മുതലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള, നിലയ്ക്കല്‍ ബേസ് ക്യാമ്പിലേക്ക് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്. 

നിലയ്ക്കലില്‍ ഇപ്പോള്‍ 17 പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് ഉള്ളത്. ഇവിടെ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. 

അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പൊലീസിന് നിര്‍ദേശം നല്‍കി. അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത് വരാനിരിക്കുന്ന മകര വിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനു മുന്‍പ് കൂടുതല്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com