സര്‍ക്കാരിനെതിരായ പ്രസംഗം മാപ്പര്‍ഹിക്കാത്ത ഗുരുതര തെറ്റ് ; ജേക്കബ് തോമസിന് കുറ്റപത്രം

കത്തിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിട്ടുണ്ട്
സര്‍ക്കാരിനെതിരായ പ്രസംഗം മാപ്പര്‍ഹിക്കാത്ത ഗുരുതര തെറ്റ് ; ജേക്കബ് തോമസിന് കുറ്റപത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന ഐഎംജി മേധാവിയായിരുന്ന ജേക്കബ് തോമസിന്റെ പ്രസ്താവന മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ജേക്കബ് തോമസിന് സര്‍ക്കാര്‍ വിശദമായ കുറ്റപത്രം നല്‍കി. നിയമവാഴ്ച തകര്‍ന്നെന്ന അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത ഗുരുതരമായ കുറ്റമാണെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു. 

കത്തിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മറുപടി ഇല്ലെന്ന വിലയിരുത്തലോടെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പ്രസംഗത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഡിസംബര്‍ ഒമ്പതിന് നടത്തിയ പ്രസംഗമാണ് നടപടിക്ക് ആധാരം. 

നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 356 ആം വകുപ്പ് അനുശാസിക്കുന്നത്. സംസ്ഥാനത്ത് ഈ സാഹചര്യമുണ്ടെന്ന് ജേക്കബ് തോമസിന്റെ പ്രസംഗത്തില്‍ നിഴലിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഇതെന്നും ചീഫ് സെക്രട്ടറി കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 

പരാമര്‍ശം സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാദൃശ്ചികമായി നടത്തിയതായിരുന്നില്ല പ്രസംഗം. മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. കൂടാതെ, സസ്‌പെന്‍ഡ് ചെയ്ത ശേഷവും സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ വഴി നിരന്തര വിമര്‍ശനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com