ഷുഹൈബ് വധം : സിപിഎം കണ്ണൂർ ജില്ലാ  നേതൃത്വത്തോട് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചതായി സൂചന

സർക്കാരിനെയും പാർട്ടിയെയും പ്രതികൂട്ടിലാക്കിയ നടപടിയിൽ സിപിഎം സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്
ഷുഹൈബ് വധം : സിപിഎം കണ്ണൂർ ജില്ലാ  നേതൃത്വത്തോട് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചതായി സൂചന

കണ്ണൂർ : മട്ടന്നൂരിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തെ  അതൃപ്തി അറിയിച്ചതായി സൂചന. കഴിഞ്ഞ സർവകക്ഷിയോ​ഗത്തിൽ താൻ നേരിട്ട് നൽകിയ നിർദേശം അവഗണിക്കപ്പെട്ടതില്‍ മുഖ്യമന്ത്രി കണ്ണൂര്‍ നേതൃത്വത്തോട് രോഷം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. സർക്കാരിനെയും പാർട്ടിയെയും പ്രതികൂട്ടിലാക്കിയ നടപടിയിൽ സിപിഎം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തോട് കടുത്ത അതൃപ്തിയിലാണ്. 

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ നേരത്തേതന്നെ ബി.ജെ.പി. ദേശീയനേതൃത്വം സംസ്ഥാനത്തിനെതിരേ ശക്തമായി രംഗത്തുണ്ടായിരുന്നു. ഷുഹൈബ് വധത്തെ തുടർന്ന് കോണ്‍ഗ്രസ് നേതൃത്വവും സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ അതിശക്തമായി സമരത്തിനിറങ്ങിയതും, ക്രമസമാധാനം തകര്‍ന്നെന്ന പ്രചാരണം ശക്തമായതുമാണ് മുഖ്യമന്ത്രിയെയും സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിച്ചത്. 

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14-ന് സര്‍വകക്ഷിയോഗത്തിനുശേഷം, സംഘര്‍ഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരുവര്‍ഷം തികയുന്നതിന്റെ തൊട്ടു തലേന്നുണ്ടായ ഷുഹൈബ് വധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

നേതൃത്വത്തിന്റെ വരുതിയില്‍ നില്‍ക്കാത്തവരാണ് അക്രമം തുടരുന്നത്. അവരെക്കൂടി അടക്കിനിര്‍ത്താന്‍ നേതൃത്വങ്ങള്‍ സമാധാനസന്ദേശം താഴോട്ടെത്തിക്കണമെന്നും സമാധാനയോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അക്രമം നടത്തിയാല്‍ രക്ഷിക്കില്ലെന്ന് കര്‍ശനമായി പറയണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സിപിഎമ്മിനകത്ത് ചര്‍ച്ചചെയ്ത് തീരുമാനിച്ചശേഷമാണ് സമാധാന യോഗം വിളിച്ചത്. ഇങ്ങനെ മുന്നൊരുക്കത്തോടെയെടുത്ത തീരുമാനം ലംഘിക്കപ്പെട്ടതാണ് മുഖ്യമന്ത്രിയെയും സംസ്ഥാനനേതൃത്വത്തെയും ചൊടിപ്പിച്ചത്. 

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും സമാധാനം തകരാതിരിക്കാന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ എല്ലാ തലത്തിലും എത്തിക്കുന്നതില്‍ നേതൃത്വം ശ്രദ്ധകാട്ടിയില്ലെന്ന വികാരമാണ് ജില്ലയില്‍നിന്നുതന്നെയുള്ള സംസ്ഥാന നേതാക്കള്‍ക്കുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാറുള്ള ചില വിഭാഗങ്ങളെ ശത്രുപക്ഷത്തെത്തിക്കുന്നതാണ് എടയന്നൂര്‍ കൊലപാതകമെന്നും സംസ്ഥാനനേതൃത്വം വിലയിരുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com