ഷുഹൈബ് വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള റദ്ദാക്കി

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം
ഷുഹൈബ് വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള റദ്ദാക്കി

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഷുഹൈബ് വധത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 

ഷുഹൈബിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ ഒരുവേള സ്പീക്കറുടെ മുഖത്തേയ്ക്ക് പ്ലക്കാര്‍ഡുകള്‍ നീട്ടി പ്രതിഷേധം രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥന മാനിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് പുറമേ ആദിവാസി യുവാവ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായതും, മണ്ണാര്‍ക്കാട്് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. ശുഹൈബിന്റെ കൊലപാതകത്തില്‍  സ്വാതന്ത്ര്യാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അനുഷ്ഠിക്കുന്ന നിരാഹാരം എട്ടാംദിവസത്തിലേക്ക് കടന്നതും പ്രതിപക്ഷ പ്രതിഷേധം ശക്തമാകാന്‍ കാരണമായി. ശുഹൈബ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിമാര്‍ ആരും തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോകാത്തതും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ഉന്നയിച്ചു.

ചോദ്യോത്തര വേള തടസ്സപ്പെടുത്താതെ, വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടയിലും നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവെച്ചത്. പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്നു പ്രതിഷേധം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com