മധു മുഴുപ്പട്ടിണിയിലായിരുന്നു ; വയറ്റിൽ ആഹാരമായി ഉണ്ടായിരുന്നത് പഴത്തിന്റെ ഒരു കഷ്ണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

മധുവിന്റെ വയറ്റിൽ ആഹാരമായി ഉണ്ടായിരുന്നത്  ഒരു പഴത്തിന്റെ കഷ്ണവും, മറ്റു കായ്-കനികളുടെ ചെറിയ അംശവും മാത്രം
മധു മുഴുപ്പട്ടിണിയിലായിരുന്നു ; വയറ്റിൽ ആഹാരമായി ഉണ്ടായിരുന്നത് പഴത്തിന്റെ ഒരു കഷ്ണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

പാലക്കാട് : ആഹാരസാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവായി യുവാവ് മധു മുഴുപ്പട്ടിണിയിലായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നു.  മധുവിന്റെ വയറ്റിൽ ആഹാരമായി ഉണ്ടായിരുന്നത്  ഒരു പഴത്തിന്റെ കഷ്ണവും, മറ്റു കായ്-കനികളുടെ ചെറിയ അംശവും മാത്രം. അരി ആഹാരത്തിന്റെ അംശം ഒട്ടുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ വെളിപ്പെടുത്തി. 

മധു മുഴുപ്പട്ടിണിയിലായിരുന്നു എന്ന്  ഈ തെളിവുകൾ വ്യക്തമാക്കുന്നു. ശാരീരികമായും മധു അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു. വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. 

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മധുവിന്റെ പോസ്റ്റ് മോർട്ടം നടത്തിയത്. മധുവിന്റെ ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഭാ​ഗങ്ങളില്ലെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ വെളിപ്പെടുത്തി. മർദ്ദനമേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞു. ശരീരമാകെ തല്ലിച്ചതച്ച പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മധു മരിച്ചത് തലയ്‌ക്കേറ്റ ആഘാതം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കനമേറിയ വസ്തുകൊണ്ട് തലക്കയ്ടിച്ചതാണ് മരണകാരണം. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്. തലയോട്ടിക്ക് പൊട്ടലുണ്ട്. ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. മുഖത്തും മര്‍ദ്ദനമേറ്റതിന്റെ അടയാളമുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. മധുവിനെ തല്ലിക്കൊന്ന നാട്ടുകാരായ പതിനൊന്നോളം പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com