"തികഞ്ഞ മാന്യന്‍, സംസ്‌കാര സമ്പന്നന്‍"; എ കെ ജിയെക്കുറിച്ച് എ കെ ആന്റണി

ഇത്രയേറെ വൈവിധ്യമാര്‍ന്ന, കഷ്ടതകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങള്‍ കേരളത്തിലെ മറ്റേതെങ്കിലും നേതാവിന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്
"തികഞ്ഞ മാന്യന്‍, സംസ്‌കാര സമ്പന്നന്‍"; എ കെ ജിയെക്കുറിച്ച് എ കെ ആന്റണി

കൊച്ചി :  പാവങ്ങളുടെ പടത്തലവനും നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവുമായിരുന്നു എകെജിയെന്ന് കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണി. തികഞ്ഞ മാന്യനും, സംസ്‌കാര സമ്പന്നനുമായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും സര്‍ക്കാര്‍ നടപടികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുമ്പോഴും വ്യക്തിബന്ധങ്ങളില്‍ തികഞ്ഞ മാന്യത പുലര്‍ത്താന്‍ കഴിഞ്ഞിരുന്ന സംസ്‌കാര സമ്പന്നനായിരുന്നു എകെജി. ദേശാഭിമാനി പ്രസിദ്ധീകരിച്ച എകെജി നൂറ്റാണ്ടിന്റെ ഓര്‍മ്മ എന്ന പ്രത്യേക പതിപ്പിലാണ്, പാവങ്ങളുടെ പടത്തലവനെക്കുറിച്ച് ഏ കെ ആന്റണി ഓര്‍മ്മിക്കുന്നത്. 

വടക്കേമലബാറിലെ ഒരു ജന്മി കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും ജന്മിത്വത്തിന്റെ ക്രൂരമുഖത്തിനെതിരെ സന്ധിയില്ലാത്ത സമരം നയിക്കുക എന്നതായിരുന്നു എകെജിയുടെ നിയോഗം. ഇത്രയേറെ വൈവിധ്യമാര്‍ന്ന, കഷ്ടതകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങള്‍ കേരളത്തിലെ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെറുപ്പത്തില്‍ തന്നെ ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തുചാടിയ എകെജി ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ ശക്തനായ സമരഭടനായിരുന്നു. മഹാത്മജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ വളരെ ആവേശപൂര്‍വം പങ്കെടുത്ത അദ്ദേഹം ബ്രിട്ടീഷ് മേല്‍ക്കോയ്മക്കും ജന്മി കുടിയാന്‍ വ്യവസ്ഥകള്‍ക്കും അയിത്തം തുടങ്ങിയ തിന്മകള്‍ക്കുമെതിരെ ആവേശത്തോടെ പോരാടി. സ്‌കൂള്‍ അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന എകെജി ക്രമേണ സോഷ്യലിസ്റ്റ് ആശയങ്ങളോടും കമ്യൂണിസത്തോടും ആഭിമുഖ്യം വളര്‍ത്തുകയാണുണ്ടായത്. 

എക്കാലത്തും അദ്ദേഹം അധ്വാനിക്കുന്നവരുടെയും തൊഴിലാളികളുടെയും പക്ഷത്തായിരുന്നു. അവരുടെ ജോലിഭാരം കുറക്കാനും കൂലി വര്‍ധിപ്പിക്കാനുമായി എകെജി നടത്തിയ സമരങ്ങള്‍ ഒട്ടേറെയാണ്. പണിമുടക്കുകളുടെയും പട്ടിണി സമരങ്ങളുടെയും ശക്തനായ പ്രയോക്തായിരുന്നു എകെജി. അദ്ദേഹം നടത്തിയ സമരങ്ങള്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ പണിമുടക്കുന്ന തൊഴിലാളികള്‍ക്കും  കര്‍ഷകര്‍ക്കും ആവേശം പകര്‍ന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എകെജി നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. എ കെ ആന്റണി ലേഖനത്തില്‍ അനുസ്മരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com