ചാനല്‍ പ്രവര്‍ത്തകയുടെ കൂറുമാറ്റം ഭയന്നിട്ടെന്ന് ഹര്‍ജി ; ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2018 11:43 AM  |  

Last Updated: 27th January 2018 11:43 AM  |   A+A-   |  

 


തിരുവനന്തപുരം : മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണിക്കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജി. ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പുറപ്പെടുവിക്കാനിരിക്കെയാണ്, സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. പേടി കൊണ്ടാണ് മാധ്യമപ്രവര്‍ത്തക പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയതെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. മുന്‍മന്ത്രിയെന്ന നിലയില്‍ സ്വാധീനമുള്ളയാളാണ് പ്രതിയെന്നും ഹര്‍ജിക്കാരി പറയുന്നു. പുതിയ ഹര്‍ജി ലഭിച്ചതിനെ തുടര്‍ന്ന് കോടതി വിധി പറയുന്നത് മാറ്റി. ഉച്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. 

നേരത്തെ ഫോണില്‍ തന്നോട് അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും, മന്ത്രി വസതിയില്‍ വെച്ച് തന്നോട് അദ്ദേഹം അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. 

നേരത്തെയും ശശീന്ദ്രനെതിരായ പരാതിയും തുടര്‍നടപടിയും റദ്ദാക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.