'ഗവാസ്‌കര്‍ ജാതിപ്പേര് വിളിച്ചു ; കാലിലൂടെ കാര്‍ കയറ്റി' , കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകൾ ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2018 12:50 PM  |  

Last Updated: 05th July 2018 12:50 PM  |   A+A-   |  

കൊച്ചി:  പോലീസ് ഡ്രൈവർ ​ഗവാസ്കറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. താൻ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളതെന്നും എഡിജിപിയുടെ മകൾ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 

​ഗവാസ്കർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ കാലിലൂടെ കാര്‍ കയറ്റി തുടങ്ങിയ ആരോപണങ്ങളും ​ഗവാസ്കർക്കെതിരെ എഡിജിപിയുടെ മകൾ ഉന്നയിച്ചിട്ടുണ്ട്. ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് എഡിജിപി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ വാഹനവുമായി എത്തുകയായിരുന്നു. ഇത് തർക്കത്തിന് ഇടയാക്കിയിരുന്നു. 

സംഭവദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം ഓഫീസിലേക്ക് പോകാന്‍ ഗവാസ്‌കറിനോട് പറഞ്ഞു.  എന്നാല്‍ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്‌കര്‍ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ച് സംസാരിച്ചുവെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ പറയുന്നു. ഇന്നുതന്നെ പരിഗണിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.